ഓർമ്മകൾക്കില്ല ചാവും ചിതയും: സമരോത്സുകമായ വിദ്യാർത്ഥി ജീവിതത്തിൻ്റെ അനുഭവ സാക്ഷ്യങ്ങൾ

ATHIRA R ABOUT NITHEESH NARAYANAN BOOK

ആതിര ആർ

അത്രയൊന്നും തെളിച്ചമില്ലാതിരുന്ന എൻ്റെയൊക്കെ രാഷ്ട്രീയ ബോധത്തെ നവീകരിക്കുന്നത്തിൽ പലപ്പോഴായി ബ്രണ്ണനിൽ നിന്ന് കേട്ട നിതീഷേട്ടന്റെ വാക്കുകൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടിലേറെ SFI എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായിരുന്ന സഖാവ് നിതീഷ് നാരായണൻ അദ്ദേഹത്തിൻറെ ഏറെ വിലപ്പെട്ട ചില ഓർമ്മകളെ ചേർത്തുവയ്ക്കുന്ന പുസ്തകമാണ് ‘എൻ്റെ ചിറകിനാകാശവും നീ തന്നു’.

ഓർമ്മക്കുറിപ്പുകളുടെ ഒരു സമാഹാരം എന്നതിനപ്പുറത്തേക്ക് ഈ പുസ്തകം ഒരേസമയം ഓർമ്മക്കുറിപ്പും യാത്രാവിവരണവും ചരിത്രപുസ്തകവുമായി മാറുന്നു.എസ്എഫ്ഐ അഖിലേന്ത്യാ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന കാലത്തെ അനുഭവങ്ങളാണ് ഈ പുസ്തകത്തിലേറെയും എന്ന് ആമുഖ കുറിപ്പിൽ നിതീഷേട്ടൻ അടയാളപ്പെടുത്തുന്നുണ്ട്.രാഷ്ട്രീയ ജീവിതത്തിലെ മറക്കാനാവാത്ത ചില അനുഭവങ്ങളെ ,പോരാട്ടങ്ങളെ , തിരിച്ചറിവുകളെ രേഖപ്പെടുത്തുമ്പോൾ അത് വ്യക്തിപരമായ അനുഭവങ്ങളിലേക്ക് ചുരുങ്ങി പോവാനുള്ള സാധ്യത ഏറെയാണ്. ആ സാധ്യതയെ എളുപ്പം മറികടക്കാൻ കഴിഞ്ഞു എന്നത് എഴുത്തുകാരൻ്റെ കഴിവായി മനസിലാക്കുന്നു. പരമ്പരാഗതമായി പിന്തുടർന്നുവരുന്ന ചില രീതികളോട് കലഹിച്ചും അവയെ അപനിർമിച്ചുമാണ് വിദ്യാർത്ഥി രാഷ്ട്രീയ ജീവിതം മുന്നോട്ടു പോകാറുള്ളത് ,ആ ഒരു രീതി തന്നെയാണ് പുസ്തകത്തിൻ്റെ ഘടനയിലും ക്രമീകരണത്തിലും സഖാവ് തെരഞ്ഞെടുത്തിരിക്കുന്നത് .ഏതെങ്കിലും ഒരു പ്രത്യേക കാലഘട്ടത്തിലെ ഓർമ്മകളിൽ നിന്ന്, അല്ലെങ്കിൽ ഭൂതകാലത്തിൽ നിന്ന് വർത്തമാനകാലത്തിലേക്ക് വരുന്ന ക്രമത്തിൽ അല്ല പുസ്തകത്തിലെ അനുഭവങ്ങളെ അടുക്കി വെച്ചിരിക്കുന്നത് .മറിച്ച് ഏറ്റവും പ്രധാനപ്പെട്ടത് എന്ന് തോന്നുന്ന ചില കാര്യങ്ങളെ അതിന് മറ്റൊരു തരത്തിലുമുള്ള മുൻഗണന നൽകാതെ കോർത്തുവെക്കുന്നു.

ALSO READ: ‘മനുഷ്യാണാം മനുഷ്യത്വം ജാതി’ എന്ന ഗുരുവിന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു ഓര്‍മിക്കേണ്ട കാലമാണിതെന്ന് മുഖ്യമന്ത്രി

സംഘടനാ ജീവിതത്തിന്റെ ഭാഗമായി പല നാടുകളിലൂടെ പലയിടങ്ങളിലൂടെ പല സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വന്നതിനാൽ തന്നെ ഓരോ അനുഭവങ്ങൾ വിവരിക്കുമ്പോഴും വായനക്കാർക്ക് ആ ഇടവും കൺമുന്നിലെന്ന പോലെ കാണാം ..അതുകൊണ്ടുകൂടിയാണ് പുസ്തകം യാത്ര വിവരണത്തിന്റെ സ്വഭാവവും കാണിക്കുന്നു എന്ന് മുന്നേ പറഞ്ഞത്.അതിനൊപ്പം ഇതൊരു ചരിത്ര പുസ്തകത്തിൻ്റെ കുപ്പയം കൂടി അണിയുന്നു . ജാതിയും , ദേവദാസി സമ്പ്രദായവുമൊക്കെ ചില നാടുകളിലെ സാധാരണക്കാരായ മനുഷ്യരെ, അവരുടെ ജീവിതത്തെ എങ്ങനെയൊക്കെയായിരുന്നു ഏറ്റവും ദുരിതപൂർണ്ണമാക്കിയത് എന്ന് പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.പോരാട്ടത്തിന്റെ നാൾവഴിയിൽ പലകാലങ്ങളായി രക്തസാക്ഷികളാകേണ്ടി വന്ന സഖാക്കളെ പുസ്തകം ഓർത്തെടുക്കുന്നു. അതേപോലെ വിദ്യാർത്ഥി പ്രസ്ഥാന ജീവിതത്തിൽ സ്വാധീനിച്ച സഖാക്കളായ സീതാറാം യെച്ചൂരി, സുനീത് ചോപ്ര,പുഷ്പൻ എന്നിവരെയും പ്രത്യേകം അധ്യായങ്ങളിലായി രേഖപ്പെടുത്തുന്നു

പുസ്തകത്തിന് നൽകിയ പേര് വി മധുസൂദനൻ നായരുടെ കവിതയിലെ വരി കൂടിയാണ് .സാഹിത്യത്തിലെപ്പോഴും നീ എന്ന വാക്കിന് മനുഷ്യ ഭാവം നൽകാൻ എല്ലാവരും വ്യഗ്രത കാണിക്കാറു ള്ളതായിട്ട് തോന്നാറുണ്ട്. ഇവിടെ ‘നീ ‘എന്ന വാക്ക് നിതീഷേട്ടനെ സംബന്ധിച്ചിടത്തോളം എസ്എഫ്ഐ എന്ന പ്രസ്ഥാനമാണ് .അരുതുകളും അതിരുകളും ഇല്ലാതെ പറക്കാൻ ആകാശം നൽകിയ എസ്എഫ്ഐ തനിക്ക് ജീവിതം തന്നെയാണെന്ന് അദ്ദേഹം പറയുന്നുണ്ട്. വിദ്യാർത്ഥി പ്രസ്ഥാനം എന്നിൽ എങ്ങനെ ഇടപ്പെട്ടു എന്നതിന്റെ ഉത്തരം കൂടിയാണ് ഈ പുസ്തകത്തിൻറെ ശീർഷകം എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കവിത പോലെ സംസാരിക്കാൻ കഴിയുന്ന കവിത പോലെ മനോഹരമായ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻ്റെ ഇങ്ങനെയൊരു പുസ്തകത്തിന് ഈയൊരു പേരല്ലാതെ മറ്റൊന്നും ഉചിതമല്ലെന്ന് പുസ്തക വായനയുടെ അവസാനം എനിക്കും അനുഭവപ്പെട്ടു.

പുസ്തകത്തിന് നിറയെ വായനകൾ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News