തിരുവനന്തപുരം: മന്ത്രിമന്ദിരമായ റോസ് ഹൗസിന്റെ പേര് മലയാള രാഷ്ട്രീയത്തിലെ അസുലഭസുന്ദരമായ ഒരു പ്രണയകഥയോടൊപ്പമാണ് നാം കേട്ടിട്ടുള്ളത്. ഇന്ന് അവിടെ പ്രണയത്തിന്റെ മറ്റൊരു പനിനീർ പുഷ്പം കൂടു സൗരഭ്യം പരത്തി വിടർന്നു. അതീവ ലളിതമായ വിവാഹച്ചടങ്ങിനു റോസ് ഹൗസ് വേദിയായി. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെയും ആര്‍ പാര്‍വതി ദേവിയുടെയും മകന്‍ പി ഗോവിന്ദ് ശിവനും തേനാകര കളപ്പുരക്കല്‍ ജോര്‍ജിന്റെയും റെജിയുടെയും മകള്‍ എലീന ജോര്‍ജും തമ്മിലുള്ള വിവാഹം.
സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ഗൗരി അമ്മ ടി വി തോമസ് പ്രണയ ദാമ്പത്യ ബന്ധത്തിന്റെ നിശബ്ദ സാക്ഷിയും ഇതേ റോസ് ഹൗസ് ആയിരുന്നു. ഒന്നാം ഐക്യകേരള മന്ത്രിസഭയില്‍ ടി വി തോമസും ഗൗരി അമ്മയും മന്ത്രിമാരായി. അവർക്ക് അനുവദിക്കപ്പെട്ട വസതികളും അടുത്ത് അടുത്ത് തന്നെയായിരുന്നു. സാനഡുവില്‍ ഗൗരിയും റോസ് ഹൗസില്‍ ടി വിയും.
പ്രണയം കൈമാറുന്നതിനായി ഇരുവീടുനുമിടയിൽ ചെറിയ ഒരു വഴിയും. പിന്നീട് ഗൗരിയുടെ ഔദ്യോഗിക വസതിയായ സാനഡുവില്‍വെച്ച് ഇരുവരുടേയും വിവാഹം. അന്ന് വിവാഹത്തിന് സാക്ഷിയായത് സാനഡുവാണെങ്കിൽ ഇന്ന് പ്രണയസാഫല്യത്തിന് സാക്ഷിയായത് റോസ് ഹൗസ് ആണ്.
മന്ത്രി വി ശിവൻകുട്ടി തന്നെയാണ് വിവാഹക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. സ്‌പെഷൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

