‘ഷാജി എൻ കരുണിന്റെ വേർപാടിലൂടെ സാംസ്കാരിക ലോകത്ത് സംഭവിച്ചിരിക്കുന്നത്‌ അപരിഹാര്യമായ നഷ്ടം’; അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദൻ മാസ്റ്റർ

പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സാമൂഹ്യ പ്രതിബദ്ധതയും കലാമൂല്യവുമുള്ള ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ അഭിമാനം ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക്‌ ഉയർത്തിയ അതുല്യനായ ചലച്ചിത്ര പ്രതിഭയായിരുന്നു ഷാജി എൻ കരുൺ എന്ന് അദ്ദേഹം പറഞ്ഞു. ജി അരവിന്ദന്റെ ഛായാ​ഗ്രാഹകനായി‌ മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് സർഗാത്മകമായ ഊർജമാണ്‌ അദ്ദേഹം പകർന്നത്‌.

സിനിമയെ സാമൂഹ്യ തിന്മകൾക്കെതിരായ ആയുധമാക്കി മാറ്റാൻ അദ്ദേഹം എക്കാലവും പരിശ്രമിച്ചു. ലോകത്തിന്‌ മുന്നിൽ അഭിമാനപൂർവം ഉയർത്തിക്കാണിക്കാൻ കഴിയുന്ന ഒരുപിടി ചിത്രങ്ങളാണ്‌ ഷാജി എൻ കരുൺ മലയാളത്തിന്‌ സമ്മാനിച്ചത്‌.

ALSO READ: ‘ഷാജി എന്‍ കരുണ്‍ സാറിന്റെ വിയോഗം മലയാള സിനിമയ്ക്കും സാംസ്‌കാരിക ലോകത്തിനും വലിയ ആഘാതം’; അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ

ചിത്ര – ചലച്ചിത്ര കലകളെ പരസ്പരം സന്നിവേശിപ്പിച്ച അദ്ദേഹം ഓരോ ഫ്രെയിമുകളെയും മനോഹരമാക്കി. പിറവി, സ്വം, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയ്ക്ക്‌ അന്തർദേശീയതലത്തിൽ അഭിമാനകരമായ അംഗീകാരങ്ങൾ നേടിക്കൊടുത്തു. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിച്ചത്‌ ഷാജി എൻ കരുണായിരുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാൻ, കെഎസ്‌എഫ്‌ഡിസി ചെയർമാൻ എന്നീ നിലകളിലെല്ലാം സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടുകയും സിനിമാ ലോകത്തിനും കേരളത്തിനാകെയും അമൂല്യമായ സംഭാവനകൾ നൽകുകയും ചെയ്‌ത വ്യക്തിത്വമായിരുന്നു അദ്ദേഹം.

ഏറെക്കാലമായി അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്താനായി. സാംസ്കാരിക രംഗത്തെ സസൂക്ഷ്മം വീക്ഷിക്കുകയും കൃത്യമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമാണ്‌ അദ്ദേഹം എക്കാലവും പുലർത്തിയിരുന്നത്‌. സിനിമാ, സാംസ്കാരിക മേഖലയിലെ കാര്യങ്ങളാണ് ‌ അവസാന കൂടിക്കാഴ്‌ചയിലും സംസാരവിഷയമായത്‌.

‌അപരിഹാര്യമായ നഷ്ടമാണ്‌ അദ്ദേഹത്തിന്റെ വേർപാടിലൂടെ സാംസ്കാരിക ലോകത്ത് സംഭവിച്ചിരിക്കുന്നത്‌. ഷാജി എൻ കരുണിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും ചലച്ചിത്ര ലോകത്തിന്റെയും വേദനയിൽ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News