
ബെംഗളൂരുവില്‍ ഡിജിറ്റൽ അറസ്റ്റിന് വിധേയയായ ചിക്കബെല്ലാപൂർ എം പി കെ സുധാകറിൻ്റെ ഭാര്യ പ്രീതി സുധാകറിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്ത 14 ലക്ഷം രൂപ വീണ്ടെടുത്ത് പൊലീസ്. തട്ടിപ്പുകാരൻ്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതിന് പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈനിൽ പരാതി നൽകിയതിനെത്തുടർന്നാണ് പണം തിരികെ ലഭിച്ചത്.
ഓഗസ്റ്റ് 26ന് രാവിലെ 9:30നാണ് തട്ടിപ്പുകാർ മുംബൈ സൈബർ ക്രൈം പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് പ്രീതിയെ വിളിച്ച് ഡിജിറ്റൽ അറസ്റ്റിലാക്കിയെന്ന് ബെംഗളൂരു വെസ്റ്റ് ഡിവിഷൻ ഡിസിപി എസ് ഗിരീഷ് പറഞ്ഞു.
ALSO READ: മുംബൈയിൽ മകനെ ഐഎഎസ് ആക്കാമെന്ന് വാഗ്ദാനം നൽകി പിതാവിൽ നിന്ന് 60 ലക്ഷം തട്ടിയ ആൾ പിടിയിൽ
മുംബൈ സൈബർ ക്രൈം പൊലീസ് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാർ, പ്രീതിയുടെ ചില രേഖകൾ സദ്ബത്ത് ഖാൻ എന്നയാൾ വിയറ്റ്നാം, ലാവോസ്, കംബോഡിയ എന്നിവിടങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടർന്ന്, ഖാൻ അറസ്റ്റിലാണെന്നും അയാളെ ചോദ്യം ചെയ്യുകയാണെന്നും പറഞ്ഞ് വാട്‌സ്ആപ്പ് വഴി വീഡിയോ കോൾ ചെയ്തു.
പ്രീതിയുടെ ബാങ്ക് അക്കൗണ്ട് ആർബിഐ പരിശോധിക്കുകയാണെന്ന് പറഞ്ഞ്, അവർ പറഞ്ഞ അക്കൗണ്ടിലേക്ക് 14 ലക്ഷം രൂപ കൈമാറാൻ ആവശ്യപ്പെട്ടു. വെരിഫിക്കേഷൻ പൂർത്തിയാക്കിയ ശേഷം 45 മിനിറ്റിനുള്ളിൽ പണം തിരികെ നൽകുമെന്നും തട്ടിപ്പുകാർ പറഞ്ഞെന്ന് പൊലീസ് പറയുന്നു. ആർടിജിഎസ് വഴി പ്രീതി 14 ലക്ഷം രൂപ തട്ടിപ്പുകാരൻ്റെ അക്കൗണ്ടിലേക്ക് കൈമാറിയതായി ഡിസിപി പറഞ്ഞു. പണം നൽകിയ ശേഷം താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ പ്രീതി വെസ്റ്റ് ഡിവിഷൻ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടിലെ തുക മരവിപ്പിക്കുന്നതിന് മുൻപ് സൈബർ ക്രൈം പൊലീസ്, പ്രീതിയോട് നാഷണൽ സൈബർ ഹെൽപ്പ് ലൈനിൽ വിളിച്ച് പരാതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. സെപ്റ്റംബർ 3-ന് കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങിയ ശേഷം തട്ടിപ്പുകാരൻ്റെ അക്കൗണ്ടിൽ നിക്ഷേപിച്ച 14 ലക്ഷം രൂപ പ്രീതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

