50 മണിക്കൂര്‍ ‘ഡിജിറ്റല്‍ അറസ്റ്റ്’: തെലങ്കാനയിലെ ദമ്പതികള്‍ക്ക് 30 ലക്ഷം രൂപ നഷ്ടപ്പെട്ടു

Representative Image

നിസാമാബാദ്: ഡിജിറ്റൽ അറസ്റ്റിൽ കുടുങ്ങിയ ദമ്പതികൾക്ക് 30 ലക്ഷം രൂപ നഷ്ടപ്പെട്ടു. 50 മണിക്കൂറാണ് ഇവർ തട്ടിപ്പുകാരുടെ തടങ്കലിൽ കഴിഞ്ഞത്. വിനായക്നഗറിലെ ദമ്പതികളെയാണ് തട്ടിപ്പുകാർ കെണിയിലാക്കിയത്. ക‍ഴിഞ്ഞ ഞായറാഴ്ച രാവിലെ 9 മണിക്കാണ് ദമ്പതികളിൽ ഒരാൾക്ക് അജ്ഞാത നമ്പറിൽ നിന്ന് വാട്ട്‌സ്ആപ്പ് വീഡിയോ കോൾ വന്നത്.

മുംബൈ പൊലീസിലെ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയ അവർ വ്യാജ ഐഡി കാർഡുകൾ കാണിച്ചു. തുടർന്ന് ഇരയുടെ ബാങ്ക് അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു. പിന്നീട് ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്തുവെന്ന് പറഞ്ഞ്, സിബിഐ, ട്രായ്, ആർബിഐ എന്നിവയുടെ പേരിലുള്ള വ്യാജ നോട്ടീസുകളും അയച്ച് ഭീഷണിപ്പെടുത്തി.

ALSO READ: ആന്ധ്രാപ്രദേശില്‍ ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റില്‍

വീഡിയോ കോൾ വിച്ഛേദിക്കരുതെന്ന് മുന്നറിയിപ്പും നൽകി. പിന്നീട് സൈബർ കുറ്റവാളികൾ ചൊവ്വാഴ്ച രാവിലെ 11:30 വരെ ദമ്പതികളെ വീട്ടിൽത്തന്നെ തടവിലാക്കുകയായിരുന്നു. കേസില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ 30 ലക്ഷം രൂപ വേണമെന്ന് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെട്ട ദമ്പതികൾ അവർ ആവശ്യപ്പെട്ട പണം ഓൺലൈനായി കൈമാറി.

ബാങ്ക് ലോക്കറിൽ സ്വർണ്ണമുണ്ടെന്ന് മനസ്സിലാക്കിയ തട്ടിപ്പുകാർ കൂടുതൽ പണം ആവശ്യപ്പെട്ടു. പിന്നീട് സ്വർണ്ണം പണയം വെക്കുന്നതിനായി തട്ടിപ്പിനിരയായവര്‍ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് മനസ്സിലായത്. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ ദമ്പതികള്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു.

ALSO READ: മധ്യപ്രദേശിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ശിശുക്ഷേമ സമിതി പ്രതിയുടെ വീട്ടിലേക്ക് തിരിച്ചയച്ചു; ഇരയെ വീണ്ടും പീഡിപ്പിച്ച് പ്രതി, വൻ വിവാദം

പിന്നീട് പൊലീസ് അന്വേഷണം ആരംഭിച്ചു. കൈമാറ്റം ചെയ്ത 30 ലക്ഷം രൂപയിൽ 20 ലക്ഷം രൂപ മാത്രം പൊലീസ് മരവിപ്പിച്ചു. എന്നാൽ ബാക്കി 10 ലക്ഷം രൂപ തട്ടിപ്പുകാർ പിൻവലിച്ചിരുന്നു. കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി സൈബർ ക്രൈം ഡിഎസ്പി വെങ്കിടേശ്വര റാവു പറഞ്ഞു. ഇത്തരം തട്ടിപ്പുകളിൽ നിന്ന് ജാഗ്രത പാലിക്കണമെന്നും ഏതെങ്കിലും നിയമ നിർവ്വഹണ ഏജൻസിയുടെ അവകാശവാദങ്ങൾ സ്ഥിരീകരിച്ച ശേഷം മാത്രം പ്രതികരിക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News