വിവരാവകാശ നിയമം പൊളിച്ചെഴുതണമെന്ന സാമ്പത്തിക സർവേ നിർദേശത്തിനെതിരെ വിമർശനം രൂക്ഷമാകുന്നു. ഫാസിസ്റ്റ് രാജ്യത്തെ രൂപപ്പെടുത്താനുള്ള അത്യന്തം അപകടകരമായ പോക്കാണ് ഇതെന്ന് സിപിഐ എം രാജ്യസഭാ അംഗം വി ശിവദാസൻ വിമർശിച്ചു. ആർഎസ്എസും ബിജെപിയും മുന്നോട്ട് വെക്കുന്ന ജനവിരുദ്ധമായ രാഷ്ട്രീയത്തിന്റെ പ്രയോഗശാലയായി സാമ്പത്തിക സർവേയെയും മാറ്റിയെന്നും വി ശിവദാസൻ എംപി വിമർശിച്ചു.
വിവരാവകാശ നിയമത്തിൽ ഇത്രത്തോളം സുതാര്യത വേണ്ടെന്നാണ് സാമ്പത്തിക സർവേ നിർദേശം. റിപ്പോർട്ടിനെതിരെ രാജ്യത്തുടനീളം വിമർശനം കൂടുതൽ ശക്തമാകുകയാണ്. തികച്ചും തെറ്റായ നിലയിലുള്ള വിശകലനമാണ് സാമ്പത്തിക സർവേയുടേത് എന്ന് വി ശിവദാസൻ എംപി ചൂണ്ടിക്കാട്ടി.
ഭരണ നിർവഹണത്തിലെ രഹസ്യ സ്വഭാവമുള്ള റിപ്പോർട്ടുകളും നയരൂപീകരണ വേളയിലുള്ള കരട് അഭിപ്രായങ്ങളും വിവരാവകാശ പ്രകാരം നൽകുന്നത് ഭരണപ്രക്രിയയെ തടസപ്പെടുത്തുന്നു. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപുള്ള ചർച്ചകൾ, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, സർവീസ് രേഖകൾ തുടങ്ങിയവ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണം. പൊതുജനങ്ങളെ നേരിട്ട് ബാധിക്കാത്ത ഇത്തരം വിഷയങ്ങൾ പുറത്തുവിടുന്നത് ഭരണപരമായ സങ്കീർണതകൾക്ക് കാരണമാകുന്നു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാമ്പത്തിക സർവേ വിവരാവകാശ നിയമത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന് നിർദേശിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

