നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പോത്തുണ്ടി സ്വദേശിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഒന്നര വർഷത്തോടടുക്കുമ്പോൾ ആണ് കേസിലെ വിധി വന്നിരിക്കുന്നത്.
ആരെയും ഞെട്ടിക്കുന്ന തരത്തിലാണ് ചെന്താമര ക്രൂര കൊലപാതകങ്ങൾ നടത്തിയിരിക്കുന്നത്. നെല്ലിയാമ്പതി മലയോരത്തെ വളരെ സാധാരണക്കാരായ ആളുകൾ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ബോയൻ കോളനി, ഈ ഗ്രാമത്തിൻ്റെ മുഴുവൻ തലവരയും മാറ്റി മറിച്ചത് ചെന്താമര എന്ന കൊടും കുറ്റവാളിയാണ്. 2019 ൽ അയൽ വാസിയും ഭാര്യയുടെ സുഹൃത്തുമായ സജിതയെ ആണ് ഇയാൾ കൊലപ്പെടുത്തിയത്. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി, വ്യവസ്ഥകൾ ലംഘിച്ച് പോത്തുണ്ടിയിൽ താമസിക്കുന്നതിനിടെ, അതായത് 2025 ജനുവരി 27 ന് ആണ് അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.
വനമേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ചെന്താമരയെ 2025 ജനുവരി 28 ന് രാത്രി 11ഓടെ പോത്തുണ്ടി മാട്ടായി വനത്തിൽ നിന്ന് പൊലീസ് പിടികൂടി. 2025 ഫെബ്രുവരി 5ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം വാങ്ങിയ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. 2025 ഫെബ്രുവരി 18 ന് 2019ൽ സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കി. ഈ കേസിൽ ഇയാൾക്ക് നേരത്തെ ഇരട്ടജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.
ALSO READ: നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ
2025 ഫെബ്രുവരി 23 മുതൽ മെയ് 6 വരെ കോടതിയിൽ വിചാരണ നടപടികൾ നടന്നു. 2025 മാർച്ച് 3ന് കേസിലെ പ്രധാന സാക്ഷികളുടെ രഹസ്യമൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. 2025 മാർച്ച് 25ന് 132 സാക്ഷികളെയും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തി 480 പേജുള്ള കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു. 2026 ജൂലൈ 13 ന് ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. 2026 ജൂലൈ 20 ന് ഇരട്ടക്കൊലക്കേസിൽ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു
തന്റെ ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം അയൽവാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് ഈ കൊടും ക്രൂരമായ കൊലപാതകത്തിലേക്ക് ഇയാളെ നയിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ നാല് സാക്ഷികൾ കൂറുമാറിയിരുന്നു. തനിക്കെതിരെ എഴുതാൻ പറ്റുന്നതൊക്കെ എഴുതിക്കോളൂ എന്നും വേണമെങ്കിൽ തൂക്കിക്കൊന്നോളൂ എന്നും ആയിരുന്നു കോടതി മുറിയിൽ വെച്ച് പ്രതി ഭീതിപ്പെടുത്തുന്ന രീതിയിൽ ഇയാൾ പറഞ്ഞത്.
ഇരട്ടക്കൊലയ്‌ക്ക് ബിഎൻഎസ് 103–1, സുധാകരനെ തടഞ്ഞുവച്ചതിന് ബിഎൻഎസ് 126–2 വകുപ്പുകൾ പ്രകാരമാണ് കേസ്. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി പറഞ്ഞു. ചെന്താമര പ്രതിയായ ആദ്യ കേസിൽ വിധിപറഞ്ഞ ജഡ്‌ജിതന്നെയാണ് രണ്ടാമത്തെ കേസിലും വിധിപറഞ്ഞത്. 132 സാക്ഷികളിൽനിന്ന് പ്രോസിക്യൂഷൻ തെളിവിലേയ്ക്കാവശ്യമായ 81 സാക്ഷികളെയും 91 രേഖകളും 28 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. ആലത്തൂർ ഡിവൈഎസ്‌പി മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

