
കർണാടകയിൽ വീണ്ടും സൈബർ തട്ടിപ്പ്. തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികൾ പണം നഷ്ട്ടപ്പെട്ടതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു. ബെലഗാവി ജില്ലയിലെ ഖാനാപൂർ താലൂക്കിലാണ് സംഭവം. ഖാനപൂരിലെ ബീഡി ഗ്രാമത്തിൽ താമസിക്കുന്ന ദിയോഗ്ജെറോൺ സാന്റൻ നസറെത്ത് (82), ഭാര്യ ഫ്ലാവിയാന (79) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരുടെയും മൃതദേഹങ്ങൾ അയൽവാസികൾ കണ്ടെത്തിയത്. മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് മരിച്ച ദിയോഗ്ജെറോൺ. ദമ്പതികൾക്ക് കുട്ടികളില്ല.
വീടിനുള്ളിൽ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു ഫ്ലാവിയാന. വീടിനുപുറത്തുള്ള ജലസംഭരണിക്കകത്ത് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ദിയോഗ്ജെറോണിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഏതാനും ദിവസം മുൻപ് ഡൽഹിയിൽനിന്ന് ടെലികോം വകുപ്പിലെ നോട്ടിഫിക്കേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി സുമിത് ബിറ എന്നയാൾ തന്നെ ഫോണിൽ വിളിച്ചതായി കുറിപ്പിൽ പറയുന്നുണ്ട്. തന്‍റെ പേരിൽ ഒരു സിം കാർഡ് അനധികൃതമായി വാങ്ങിയിട്ടുണ്ടെന്നും അത് മോശം സന്ദേശങ്ങൾ അയക്കാനും നിയമവിരുദ്ധ പരസ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ടെന്നും തന്നോട് പറഞ്ഞതായി അദ്ദേഹം കുറിച്ചിട്ടുണ്ട്.
ALSO READ; കാറില്‍ രഹസ്യ അറയുണ്ടാക്കി കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതികള്‍ക്ക് പതിനഞ്ച് വര്‍ഷം കഠിനതടവ്
പിന്നീട്, ക്രൈം ബ്രാഞ്ച് എന്നവകാശപ്പെട്ട അനിൽ യാദവ് എന്നൊരാളിലേക്ക് കാൾ കൈമാറി. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ഇവർ ശേഖരിച്ചു. 50 ലക്ഷത്തിൽ അധികം രൂപ കൈമാറിയിട്ടും തട്ടിപ്പുകാർ കൂടുതൽ പണം ആവശ്യപ്പെട്ടുവെന്നും കുറിപ്പിൽ പറയുന്നു. ഇതിനായി സ്വർണം പണയം വച്ച് 7.5 ലക്ഷം രൂപ വായ്പയെടുത്തതായും പറയുന്നു.
‘ഇപ്പോൾ എനിക്ക് 82 വയസ്സായി, എന്‍റെ ഭാര്യക്ക് 79 വയസ്സായി. ഞങ്ങളെ പിന്തുണയ്ക്കാൻ ആരുമില്ല. ആരുടെയും കാരുണ്യത്തിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അതിനാൽ ഞങ്ങൾ ഈ തീരുമാനം എടുക്കുന്നു,” ആത്മഹത്യ കുറിപ്പിൽ പറയുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠിക്കാനായി നൽകണമെന്നും കുറിപ്പിൽ പറയുന്നുണ്ട്. മരിച്ചയാൾ എഴുതിയ കുറിപ്പിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ബെളഗാവി പോലീസ് സൂപ്രണ്ട് ഭീമശങ്കർ ഗുലേദ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

