വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാട് മതന്യൂനപക്ഷങ്ങളെയും മതനിരപേക്ഷതയെയും പൂർണ്ണമായും വഞ്ചിക്കുന്നതാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി. രാജീവ്. വഖഫ് നിയമത്തിലെ 14-ാം വകുപ്പ് കർശനമായി പാലിച്ച് ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന ഗവൺമെന്റിന്റെ ഹൈക്കോടതിയിലെ സത്യവാങ്മൂലം മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും മുൻ നിലപാടുകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡിൽ മുസ്ലിം വിഭാഗത്തിന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മുസ്ലിം ഇതര വിഭാഗക്കാർക്ക് പ്രാതിനിധ്യം പാടില്ലെന്നായിരുന്നു മുമ്പ് കേരള ഗവൺമെന്റ് സുപ്രീം കോടതിയിൽ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ ഇപ്പോൾ ഹൈക്കോടതിയിൽ ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിലൂടെ സുപ്രീം കോടതിയിലെ കേസ് തന്നെ ഇല്ലാതാക്കുന്ന സാഹചര്യമാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗിന്റെ നോമിനിയായ അഡീഷണൽ അഡ്വക്കേറ്റ് ജനറലിന്റെ കീഴിലുള്ള സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറാണ് ഈ സത്യവാങ്മൂലത്തിൽ ഒപ്പിട്ടിരിക്കുന്നത്. ഇത് ലീഗ് നേതാക്കളും വകുപ്പ് മന്ത്രിയും അറിയാതെയാണോ എന്ന് പി. രാജീവ് ചോദിച്ചു. യുഡിഎഫ് സർക്കാർ ബിജെപി താല്പര്യങ്ങൾക്ക് വഴങ്ങിയിരിക്കുകയാണെന്നും, വോട്ട് ലക്ഷ്യം വെച്ചും ബിജെപിയെ പ്രീതിപ്പെടുത്താനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വിമർശിച്ചു.
മുസ്ലിം സമുദായത്തെയും കേരളത്തെയും ഒറ്റുകൊടുക്കുന്ന ഈ സമീപനം അതീവ ഗൗരവമുള്ളതാണെന്നും, കോടതിയിൽ ഒരു നിലപാട് അറിയിച്ച ശേഷം പുറത്തിറങ്ങുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ലീഗ് നേതാക്കൾ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈക്കോടതി ഉത്തരവ് വന്ന സാഹചര്യത്തിൽ ഇനി ഏത് ഉദ്യോഗസ്ഥൻ ഇതിന് വിരുദ്ധമായി നടപടി എടുത്താലും അത് കോടതി അലക്ഷ്യമായി മാറുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

