ബോളിവുഡ് ഹിറ്റായ ഹേര ഫേരിയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാന നടന്‍ പരേഷ് റാവല്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവായ അക്ഷയ് കുമാറിന്റെ നിര്‍മ്മാണ കമ്പനിയായ കേപ്പ് ഓഫ് ഗുഡ് ഫിലിംസ് 25 കോടി രൂപയ്ക്ക് പരേഷ് റാവലിനെതിരെ കേസ് കൊടുക്കുകയും ചെയ്തു. അഡ്വാന്‍സ് തുക കൈപ്പറ്റിയതിന് ശേഷമായിരുന്നു പെട്ടെന്നുള്ള പരേഷിന്റെ പിന്മാറ്റം. ഈ കഥാപാത്രം തുടര്‍ന്ന് ചെയ്യാന്‍ താല്പര്യമില്ലെന്നാണ് കഴിഞ്ഞ ദിവസം നടന്‍ എക്സില്‍ കുറിച്ചത്. സംവിധായകന്‍ പ്രിയദര്‍ശനുമായി തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും നടന്‍ വ്യക്തമാക്കി.
‘പരേഷ് പെട്ടെന്ന് ഇറങ്ങിപ്പോയെന്ന കാരണത്താല്‍ അക്ഷയ് സാമ്പത്തിക നഷ്ടം അനുഭവിക്കരുത്’ എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. അതെ സമയം പരേഷിന്റെ തീരുമാനം അക്ഷയ് കുമാറിനെ വല്ലാതെ ഉലച്ചിരിക്കയാണെന്നും പ്രിയന്‍ പറഞ്ഞു.
സംവിധായകന്‍ പ്രിയദര്‍ശനെയും മറ്റ് അഭിനേതാക്കളെയും തന്റെ പിന്മാറ്റം മുന്‍കൂട്ടി അറിയിച്ചതായി പരേഷ് റാവല്‍ ഒരു അഭിമുഖത്തില്‍ അവകാശപ്പെട്ടെങ്കിലും, പ്രിയദര്‍ശന്‍ ഇത് നിഷേധിച്ചു. മാത്രമല്ല, പരേഷ് റാവലിന്റെ പെട്ടെന്നുള്ള പിന്മാറ്റ വിവരം പറയുമ്പോള്‍ അക്ഷയ് കുമാറിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നുവെന്നും പ്രിയന്‍ പറഞ്ഞു. മുംബൈയില്‍ ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെയാണ് പ്രിയദര്‍ശന്‍ വിവാദമായ വാര്‍ത്തകളോട് പ്രതികരിച്ചത്.
Also Read : ഹേര ഫേരി 3: പ്രിയദര്‍ശന്‍ ചിത്രം ഉപേക്ഷിച്ചതിന്‍റെ കാരണം വ്യക്തമാക്കി പരേഷ് റാവല്‍, ഞെട്ടലോടെ ആരാധകര്‍
‘ഞങ്ങളുടെ എല്ലാ കരാറുകളിലും പരേഷ് റാവല്‍ ഒപ്പുവച്ചു . പത്ത് ദിവസം മുമ്പ്, സുനില്‍, അക്ഷയ്, പരേഷ് എന്നിവര്‍ ഒരു രംഗവും ടീസറും ചിത്രീകരിച്ചു. ഹേര ഫേരി 3 ചെയ്യാന്‍ ഞങ്ങള്‍ ഏകകണ്ഠമായി സമ്മതിച്ചതിനുശേഷം മാത്രമാണ് അക്ഷയ് ഫ്രാഞ്ചൈസിയുടെ അവകാശങ്ങള്‍ വാങ്ങിയത്’. പ്രിയന്‍ പറഞ്ഞു.
‘പ്രിയന്‍, പരേഷ് എന്തിനാണ് ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്?’ എന്ന് ചോദിക്കുമ്പോള്‍ അക്ഷയ് കുമാറിന്റെ കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞിരുന്നു. പരേഷ് പെട്ടെന്ന് പുറത്തുപോയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കേണ്ടി വരുമെന്നാണ് മനസ്സിലാക്കുന്നത്,’ പരേഷിനെതിരായ നിയമനടപടിയെ പിന്തുണച്ച് പ്രിയന്‍ പറഞ്ഞു.
‘ഞാന്‍ പരേഷിനെ തടയാന്‍ ശ്രമിച്ചില്ല, കാരണം ഈ പ്രോജക്റ്റ് ഉപേക്ഷിക്കുകയാണെന്ന് പരേഷ് എന്നോട് പറഞ്ഞിരുന്നില്ല. ഞാന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍, ‘ദയവായി എന്നെ വിളിക്കരുത്. ഇത് എന്റെ തീരുമാനമാണ്, ഇതിന് നിങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് പരേഷ് വാട്ട്‌സാപ്പ് സന്ദേശമാണ് അയച്ചത്. നമ്മള്‍ വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പരേഷ് എഴുതി’ പ്രിയദര്‍ശന്‍ പറയുന്നു
പ്രതിഫലത്തില്‍ അതൃപ്തിയുള്ളതിനാല്‍ പരേഷ് റാവല്‍ ഹേര ഫേരി 3 ഉപേക്ഷിച്ചുവെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു . എന്നാല്‍ സിനിമ ഉപേക്ഷിക്കുന്നതായി പരേഷ് എക്സില്‍ പോസ്റ്റ് പങ്കിട്ടപ്പോള്‍ സൃഷ്ടിപരമായ വ്യത്യാസങ്ങള്‍ കാരണമല്ലെന്നാണ് വ്യക്തമാക്കിയത്.
അത് കൊണ്ട് തന്നെ ഞങ്ങളോട് പോലും പറയാതെയുള്ള പരേഷ് റാവലിന്റെ തീരുമാനം ഞെട്ടിക്കുന്നതായിരുന്നുവെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. വര്‍ഷങ്ങളായി ഞങ്ങള്‍ സുഹൃത്തുക്കളായതിനാല്‍ മാധ്യമങ്ങളോട് പറയുന്നതിനുമുമ്പ് ഫോണ്‍ എടുത്ത് എന്നോടെങ്കിലും പറയാമായിരുന്നു. കഴിഞ്ഞ ആഴ്ച വരെ ഞങ്ങള്‍ അക്ഷയ്ക്കൊപ്പം ഭൂത് ബംഗ്ല ഷൂട്ട് ചെയ്തിരുന്നു.’ പ്രിയന്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

