
ബോളിവുഡ് നടൻ രൺവീർ സിങ്ങിന് വിലക്കേർപ്പെടുത്തി സിനിമാ പ്രവർത്തകരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE). ഡോൺ 3 യിൽ നിന്ന് നടൻ പിന്മാറിയതിനെ തുടർന്നാണ് നടപടി. ഫർഹാൻ അക്തറിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡോൺ 3. ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടുമുൻപാണ് നടൻ രൺവീർ സിംഗ് പെട്ടെന്ന് സിനിമയിൽ നിന്ന് പിന്മാറിയത്.
തുടർന്ന് ഡോൺ 3 നിർമ്മാതാക്കളായ ഫർഹാൻ അക്തറും റിതേഷ് സിദ്ധ്വാനിയും (എക്സൽ എന്റർടൈൻമെന്റ്) ഫെഡറേഷനെ പരാതിയുമായി സമീപിച്ചു. അഞ്ച് മാസത്തിന് ശേഷമാണ് ഫെഡറേഷനിൽ നിന്ന് ഇത്തരമൊരു തീരുമാനം വന്നിരിക്കുന്നത്. ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് സംഘടനയുടെ മുഖ്യ ഉപദേഷ്ടാവും ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഡയറക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റുമായ അശോക് പണ്ഡിറ്റ് വിലക്കേർപ്പെടുത്തിയ കാര്യം അറിയിച്ചത്.
നേരിട്ട് ഹാജരായി വിഷയം ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള തങ്ങളുടെ ക്ഷണത്തോട് മൂന്ന് തവണവും രൺവീർ പ്രതികരിക്കാത്തതിനാലാണ് സിനിമാ സംഘടന അദ്ദേഹത്തിനെതിരെ വിലക്ക് പുറപ്പെടുവിച്ചിരിക്കുന്നത്. ഷൂട്ടിംഗ് ആരംഭിക്കാൻ തീരുമാനിച്ചതിന് മൂന്ന് ആഴ്ച മുമ്പാണ് രൺവീർ സിങ് ഡോൺ 3 യിൽ നിന്ന് പിന്മാറിയതായി അറിയിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇത് പ്രോജക്റ്റിന് കാര്യമായ തടസമുണ്ടാക്കിയതായും നിർമാതാക്കൾക്ക് പരാതിയുണ്ട്. 45 കോടി രൂപയുടെ നഷ്ടപരിഹാരമാണ് രൺവീർ സിങ്ങിന്റെ നടപടി മൂലം വന്നതെന്നും ഈ തുക നടൻ നൽകണമെന്നുമാണ് നിർമ്മാതാക്കളുടെ ആവശ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

