
വളരെ അവിചാരിതമായാണ് ഇന്‍റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം കാണുന്നത്. അതിന് ഒരു കാരണമുണ്ട്. ക്രിക്കറ്റിലെ ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറുടെ ബാറ്റിങ്, അതാണ് ആ മത്സരത്തിലേക്ക് എത്തിച്ചത്. പ്രായത്തെ വെല്ലുന്ന തരത്തിലുള്ള മാസ്മരിക ബാറ്റിങ്ങ്. മൈതാനത്തിന്‍റെ നാലുപാടേക്കും ഷോട്ടുകൾ, മനോഹരമായ ആ കവർ ഡ്രൈവുകളും സ്ട്രെയ്റ്റ് ഡ്രൈവുകളും, പുൾ ഷോട്ടിലൂടെ ഡീപ് ഫൈൻ ലെഗിന് മുകളിലൂടെ ഒരു സിക്സർ…
21 പന്തിൽ 34 റൺസെടുത്ത് ആ ഇന്നിംഗ്സ് പൊടുന്നനെ അവസാനിച്ചെങ്കിലും ആ കാഴ്ച ത്രസിപ്പിക്കുന്നത് തന്നെയായിരുന്നു… ഓർമകൾ കാൽ നൂറ്റാണ്ടിലേറേ പുറകോട്ട് സഞ്ചരിച്ചു… കൃത്യമായി പറഞ്ഞതാൽ 1998 ഏപ്രിൽ 22… ജീവിതത്തിൽ ഒരു കളി ആരാധകൻ ആ ദിവസം എങ്ങനെ മറക്കും? ക്രിക്കറ്റിനെ ജീവവായു പോലെ കൊണ്ടുനടന്ന കാലം. ഷാർജാ കപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നു. ഷാർജയിൽ അന്ന് 40 ഡിഗ്രിയിലേറെയാണ് ചൂട്. ആ ദിവസം മരുഭൂമിയിൽനിന്ന് ശക്തമായ ഒരു പൊടിക്കാറ്റ് ഷാർജാ സ്റ്റേഡിയത്തിലേക്ക് ആവേശിക്കപ്പെട്ടതോടെ മാറിമറിയുന്നതാണ് ഈ കഥ.
50 ഓവറിൽ 285 റൺസ് എന്ന വമ്പൻ ലക്ഷ്യം തേടി ബാറ്റ് ചെയ്യുമ്പോൾ സച്ചിൻ ടെൻഡുൽക്കർ എന്ന മഹാമാന്ത്രികന്‍റെ ബാറ്റിലായിരുന്നു പ്രതീക്ഷകളേറെയും. അക്കാലത്ത് ലോകത്തെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ്ങ് കൂട്ടുകെട്ടായിരുന്നു സച്ചിനും ഗാംഗുലിയും. ഏറെ റിലാക്സഡായാണ് അന്ന് വലിയ ലക്ഷ്യം മറികടക്കാനായി ഗാംഗുലിക്കൊപ്പം സച്ചിൻ ക്രീസിലെത്തിയത്. പിന്നീട് കണ്ടത് ചരിത്രം. ശ്രദ്ധയോടെ തുടങ്ങിയ സച്ചിൻ ഡാമിയൻ ഫ്ലെമിങിനെയും മൈക്കൽ കാസ്പോവിച്ചിനെയും ആത്മവിശ്വാസത്തോടെ നേരിട്ടു. അഞ്ച് ഓവറിൽ 16 റൺസായിരുന്നു ഇന്ത്യ നേടിയത്. എന്നാൽ ആറാമത്തെ ഓവറിൽ കാസ്പ്രോവിച്ചിനെ ക്രീസിൽനിന്ന് ചാടിയിറങ്ങി ലെഗ് സൈഡിൽ സിക്സറിന് പറത്തി ടെൻഡുൽക്കർ നയം വ്യക്തമാക്കി… തൊട്ടടുത്ത പന്ത് തകർപ്പനൊരു പുൾഷോട്ടിലൂടെ വീണ്ടും സിക്സർ.. ഇടയ്ക്ക് ഗാംഗുലിയെ നഷ്ടമായെങ്കിലും സച്ചിൻ ഉറച്ചു തന്നെ നിന്നു. മൈതാനത്തിന്‍റെ നാലുപാടും പന്തുകൾ പാഞ്ഞു. മനോഹരമായ കവർ ഡ്രൈവുകളും സ്ക്വയർകട്ടുകളും ഫൈൻ ലെഗിലേക്കുള്ള ഫ്ലിക്കുകളും ക്രിക്കറ്റ് പ്രേമികൾ ആവോളം ആസ്വദിച്ചു.
57 പന്തിൽ അർദ്ധസെഞ്ച്വറി കടന്നതോടെ സച്ചിന്‍റെ ബാറ്റിങ്ങ് ടോപ് ഗിയറിലേക്ക് മാറി. അതിനിടെയാണ് മത്സരം തടസപ്പെടുത്തിയുള്ള പൊടിക്കാറ്റിന്‍റെ വരവ്. 25 മിനിട്ടോളം മത്സരം തടസപ്പെട്ടതോടെ, ഇന്ത്യയുടെ ലക്ഷ്യം 46 ഓവറിൽ 276 റൺസ് എന്ന നിലയിൽ പുനക്രമീകരിച്ചു. തോറ്റാലും മികച്ച റൺ നിരക്കിന്‍റെ ആനുകൂല്യത്തിൽ ഫൈനലിൽ എത്തണമെങ്കിൽ 250 റൺസെങ്കിലും നേടണമായിരുന്നു. ഇതോടെ സച്ചിൻ കൂടുതൽ ആക്രമണകാരിയായി. കാസ്പ്രോവിച്ചിനെയും സ്റ്റീവ് വോയെയുമൊക്കെ തെരഞ്ഞെടുപിടിച്ച് ആക്രമിച്ചു. 32-ാം ഓവറിൽ കാസ്പ്രോവിച്ചിനെ ലോങ് ഓണിലേക്ക് സിക്സർ പായിച്ചു. ഈ ഘട്ടത്തിൽ ഫൈനൽ യോഗ്യത ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് 54 പന്തിൽ 60 റൺസ് വേണമായിരുന്നു. 39-ാം ഓവറിൽ 111 പന്തിൽ സച്ചിൻ സെഞ്ച്വറി തികയ്ക്കുന്നു.തൊട്ടുപിന്നാലെ ഓസീസ് ബോളർമാർക്കുമേൽ സംഹാരതാണ്ഡവമാടുന്ന സച്ചിനെയാണ് ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയം കണ്ടത്. സിക്സറുകളും ബൌണ്ടറികളുമായി മാസ്റ്റർ ബ്ലാസ്റ്റർ നിറഞ്ഞാടി. കാസ്പ്രോവിച്ചിന് പുറമെ ഫ്ലെമിങ്ങും സ്റ്റീവ് വോയുമെല്ലാം ആ ബാറ്റിന്‍റെ ചൂടറിഞ്ഞു. ഒടുവിൽ 43-ാം ഓവറിലെ നാലാം പന്തിൽ ടെൻഡുൽക്കർ ഓടിയെടുത്ത രണ്ടു റൺസിൽ ഇന്ത്യ ഫൈനൽ ഉറപ്പാക്കി. ഈ നിമിഷം ഷാർജാ സ്റ്റേഡിയത്തിലും ടിവിയ്ക്ക് മുന്നിലും ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ ആരാധകർ ഇളകിമറിഞ്ഞു.
Also Read: ഫൈനലിൽ കേരളത്തെ എറിഞ്ഞിട്ട വിദർഭ ബോളർ സ്വന്തമാക്കിയത് രഞ്ജി ട്രോഫിയിലെ ചരിത്ര റെക്കോർഡ്
തൊട്ടടുത്ത പന്ത് എക്സ്ട്രാകവറിലൂടെ വെടിയുണ്ട കണക്കെ ബൌണ്ടറിയിലേക്ക് പായിക്കുമ്പോൾ മൂക്കിൽ വിരൽവെച്ച് സച്ചിനെ നോക്കി നിൽക്കുകയായിരുന്നു ബോളറായ ഡാമിയൻ ഫ്ലെമിങ്. അപ്പോൾ ഏകദിന ക്രിക്കറ്റിൽ അതുവരെയുള്ള തന്‍റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായ 143ൽ എത്തിയിരുന്നു ടെൻഡുൽക്കർ. ഇതോടെ ഗ്യാലറിയിൽനിന്ന് ഒരു ആരാധകൻ സന്തോഷം പ്രകടിപ്പിക്കാനായി സച്ചിന് അരികിലേക്ക് ഓടിയെത്തുന്നതും,അയാളെ പിടികൂടാൻ സുരക്ഷാ ഉദ്യോഗസ്ഥർ പിന്നാലെ എത്തിയതുമൊക്കെ ഇന്നലെ പോലെ മനസിലുണ്ട്. ഈ ഓവറിലെ അവസാന പന്ത് പുൾ ചെയ്യാൻ ശ്രമിച്ച ടെൻഡുൽക്കർക്ക് പിഴച്ചു. കീപ്പർ ഗിൽക്രിസ്റ്റ് പന്ത് കൈകൾക്കുള്ളിലൊതുക്കി ആപ്പീൽചെയ്തെങ്കിലും അംപയർ കൈ ഉയർത്താതെ സംശയം പ്രകടിപ്പിച്ചു. എന്നാൽ അംപയറുടെ തീരുമാനത്തിന് കാത്തുനിൽക്കാതെ ക്രിക്കറ്റ് മാന്യൻമാരുടെ കളിയാണെന്ന് ഒരിക്കൽകൂടി പ്രഖ്യാപിച്ച് സച്ചിൻ ക്രീസ് വിട്ടു. 131 പന്തിൽ 143 റൺസ് നേടിയ സച്ചിന്‍റെ ബാറ്റിൽനിന്ന് 9 ഫോറും 5 സിക്സറും ഉൾപ്പെടുന്നതായിരുന്നു അന്നത്തെ മാസ്മരിക ഇന്നിംഗ്സ്. ഒരു പക്ഷേ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മഹത്തായ ഇന്നിംഗ്സുകളിൽ ഒന്നാണിതെന്ന് പറയാം. ഫൈനൽ യോഗ്യത ഉറപ്പാക്കിയെങ്കിലും മത്സരം ഇന്ത്യ 26 റൺസിന് തോറ്റു. ഓസ്ട്രേലിയയുടെ 284 റൺസിനെതിരെ 46 ഓവറിൽ അഞ്ചിന് 250 റൺസാണ് ഇന്ത്യയ്ക്ക് നേടാനായത്.
ഫൈനലിലും സച്ചിന്‍റെ സൂപ്പർ ഇന്നിംഗ്സിന് ഷാർജാ സ്റ്റേഡിയം സാക്ഷിയായി. ഓസ്ട്രേലിയ ഉയർത്തിയ 273 റൺസ് ലക്ഷ്യം ഇന്ത്യ മറികടന്നത് സച്ചിൻ നേടിയ 134 റൺസിന്‍റെ മികവിലായിരുന്നു. 12 ബൌണ്ടറികളും മൂന്നും സിക്സറുകളും ആ ഇന്നിംഗ്സിന് ചാരുതയേകി. ഫൈനലിൽ സ്പിൻ മാന്ത്രികൻ ഷെയ്ൻ വോൺ, ടോം മൂഡി എന്നിവരെയാണ് സച്ചിന് കൂടുതൽ ആക്രമിച്ചത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന ഒരു ഡിബേറ്റുണ്ട്. സച്ചിനാണോ കോലിയാണോ മികച്ചവൻ. പല തരത്തിലുള്ള വ്യാഖ്യാനങ്ങളും ഉത്തരങ്ങളുമൊക്കെ ഉയർന്നുവരുന്നുണ്ട്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബോളർമാരെയാണ് സച്ചിൻ നേരിട്ടതെന്ന വാദം പഴയ തലമുറയിൽപ്പെട്ടവർ ഉയർത്തുന്നു. എന്നാൽ അവരെ നേരിട്ടാലും കോലി ഇതേ മികവ് കാട്ടുമായിരുന്നുവെന്നും എതിർ വാദഗതിക്കാർ പറയുന്നു. ഒരു കാര്യം പറയാം, അന്നത്തേതിൽനിന്ന് ക്രിക്കറ്റ് ഒരുപാട് മാറി. നിയമങ്ങൾ കൂടുതൽ ബാറ്റർമാർക്ക് അനുകൂലമായി മാറിയിട്ടുമുണ്ട്. എന്നാൽ സച്ചിന് പകരം സച്ചിൻ മാത്രമാണെന്ന് വിശ്വസിക്കാനാണ് രണ്ടായിരത്തിന്‍റ തുടക്കത്തിൽ ക്രിക്കറ്റിനോട് കടുത്ത ആരാധന പുലർത്തിയിരുന്നവർക്ക് ഇഷ്ടം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

