എതിർ ടീമിൻ്റെ സ്റ്റാഫ് അംഗത്തിന്റെ നേരെ തുപ്പിയതിന് ഇന്റര്‍ മയാമി സ്ട്രൈക്കര്‍ ലൂയിസ് സുവാരസിന് വിലക്ക്. ഞായറാഴ്ച നടന്ന ലീഗ്‌സ് കപ്പ് ഫൈനൽ മത്സരത്തിന് ശേഷം എതിർ ടീമായ സിയാറ്റില്‍ സൗണ്ടേഴ്സിൻ്റെ സ്റ്റാഫിന് നേരെയാണ് താരം കയർത്തതും തുപ്പിയതും. ലീഗ്‌സ് കപ്പ് സംഘാടക സമിതിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ആറ് മത്സരങ്ങളില്‍ നിന്നാണ് വിലക്ക് ഏർപ്പെടുത്തിയത്.
ഫൈനലിൽ സൗണ്ടേഴ്സ് മിയാമിയെ 3-0 ന് പരാജയപ്പെടുത്തിയിരുന്നു. തുടർന്ന് ഇരു ടീമുകളിലെയും കളിക്കാർ കൈയാങ്കളിയിലും ഏർപ്പെട്ടു. ഇതിനിടെയാണ് എതിർ ടീമിലെ സ്റ്റാഫുമായി സുവാരസും വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. സഹതാരങ്ങളും പരിശീലകരും ചേര്‍ന്ന് സുവാരസിനെ പിടിച്ചുമാറ്റുകയായിരുന്നു.
സംഘര്‍ഷത്തിനിടയില്‍, മിയാമി മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ് സിയാറ്റിലിന്റെ ഒബെഡ് വര്‍ഗസിന് നേരെ മുഷ്ടിചുരുട്ടി അടിക്കാൻ ഓങ്ങിയിരുന്നു. മിയാമി പ്രതിരോധ താരം ടോമസ് അവിലെസും മോശമായി പെരുമാറി. ബുസ്‌ക്വെറ്റ്സിന് രണ്ട് മത്സരങ്ങളില്‍ നിന്നും അവിലെസിന് മൂന്ന് മത്സരങ്ങളില്‍ നിന്നും വിലക്കുണ്ട്.
ലീഗ്‌സ് കപ്പ് 2025 മത്സര ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 4.2.C ലംഘിച്ചതിന് സിയാറ്റില്‍ സൗണ്ടേഴ്സ് കോച്ചിങ് സ്റ്റാഫ് അംഗം സ്റ്റീവന്‍ ലെന്‍ഹാര്‍ട്ടിന് കമ്മിറ്റി ശിക്ഷ നൽകി. അഞ്ച് മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

