
ഏഷ്യാ കപ്പ് 2025 ട്രോഫിയെ ചുറ്റിപ്പറ്റിയ തർക്കം പുതിയ വഴിത്തിരിവിൽ. ഇന്ത്യയ്ക്ക് ട്രോഫി നൽകാതെ ഹോട്ടൽ മുറിയിലേക്ക് പോയ പാക് ക്രിക്കറ്റ് ബോർഡ് (PCB) ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) അധ്യക്ഷനുമായ മൊഹ്സിൻ നഖ്വിയെ ആദരിക്കാൻ ഒരുങ്ങുകയാണ് പാകിസ്ഥാൻ. പാകിസ്ഥാനിലെ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഏഷ്യാ കപ്പ് വിവാദത്തിൽ ഇന്ത്യയ്‌ക്കെതിരെ കൈകൊണ്ട നിലപാടിന്റെ പേരിൽ മൊഹ്സിൻ നഖ്വിക്ക് കറാച്ചിയിൽ നടക്കുന്ന ചടങ്ങിൽ ഷഹീദ് സുൽഫിക്കാർ അലി ഭൂട്ടോ എക്സലൻസ് ഗോൾഡ് മെഡൽ സമ്മാനിക്കും. കറാച്ചി ബാസ്ക്കറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഗുലാം അബ്ബാസ് ജമാൽ പ്രഖ്യാപിച്ച മെഡൽ പി.പി.പി നേതാവ് ബിലാവൽ ഭൂട്ടോ സാർദാരിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിലാണ് നൽകുന്നത്.
സെപ്റ്റംബർ 28-ന് ദുബായിൽ നടന്ന ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ചിട്ടും, ഇന്ത്യക്ക് ഇതുവരെ ട്രോഫിയും മെഡലുകളും ലഭിച്ചിട്ടില്ല. ട്രോഫിയും മെഡലുകളും കളിക്കളത്തിൽവെച്ച് നൽകാതെ താൻ നേരിട്ട് ACC ഓഫിസിൽ നിന്നും കൈമാറുമെന്ന നിബന്ധന നഖ്വി മുന്നോട്ടുവച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ഇത് ബിസിസിഐ (BCCI) നിരസിക്കുകയായിരുന്നു.
Also Read : IND vs WI 2025, 1st Test: ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം; വിൻഡീസിനെ തകർത്തത് സിറാജും ജഡേജയും
ട്രോഫിയുമായി ഹോട്ടൽമുറിയിലേക്ക് പോയ നഖ്വി, ഏഷ്യാകപ്പ് ജേതാക്കളുടെ ആഘോഷ നിമിഷം നിഷേധിക്കുകയായിരുന്നു. ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിക്കുകയായിരുന്നു, തിലക് വർമ്മ അജയ്യമായ അർധശതകമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. എന്നാൽ മത്സരാനന്തര ചടങ്ങിൽ ട്രോഫിയും മെഡലുകളും നഖ്വിയിൽ നിന്ന് സ്വീകരിക്കാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചു.
ഏഷ്യാകപ്പ് കഴിഞ്ഞ് ഏകദേശം ഒരു ആഴ്ച പിന്നിട്ടിട്ടും ഇന്ത്യക്ക് ഇതുവരെ ട്രോഫി ലഭിച്ചിട്ടില്ല. സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച ബിസിസിഐ ഐസിസിയോട് (ICC) ഔദ്യോഗികമായി പരാതി നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം, ട്രോഫി നേടാനുള്ള ഏക മാർഗം അത് നഖ്വിയിൽ നിന്ന് നേരിട്ട് ACC ഓഫിസിൽ നിന്നും കൈപ്പറ്റുക മാത്രമാണെന്ന നിലപാട് അദ്ദേഹം ആവർത്തിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

