രാജ്യത്തിന്റെ സ്വാതന്ത്ര്യം അടിയറ വെയ്ക്കപ്പെട്ട ദിനങ്ങള്‍ ഇന്നലെയെന്ന പോല്‍ ഓരോ മലയാളിയുടേയും മനസിലുണ്ടാകും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കുപ്രസിദ്ധവും കറുത്ത അധ്യായവുമായി അടിയന്തരാവസ്ഥയെ ഒറ്റവാക്കില്‍ കാട്ടാളത്തം എന്ന് വിശേഷിപ്പിച്ചാലും കുറഞ്ഞുപോകും. ഇന്ത്യന്‍ റിപ്പബ്ലിക് ആഭ്യന്തര അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളിലേയ്ക്കു വലിച്ചെറിയപ്പെട്ടതായി കേരളം ഒന്നുകൂടി അടുത്തറിഞ്ഞത് പിണറായി വിജയന്‍ അനുഭവിച്ച ക്രൂരതകള്‍ പുറത്തുപറഞ്ഞപ്പോഴായിരുന്നു. ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യപിച്ചതിന്റെ അനന്തരഫലങ്ങള്‍ എന്താണ് എന്ന് പിണറായിയുടെ വാക്കും ശരീരവും കേരളത്തിന് കാണിച്ച് തരുന്നുണ്ടായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും വ്യാപകമായി അറസ്റ്റുചെയ്യപ്പെട്ടു. പലരും കരുതല്‍തടങ്കലിലായി. പൗരസ്വാതന്ത്ര്യം അടിച്ചമര്‍ത്തി. നിയമസഭയുടെ അകത്തളം മുഴുവന്‍ ശബ്ദ കോലാഹലങ്ങളാല്‍ മുഖരിതമായിരുന്നു. രാജ്യം ഇനി എന്ത് എന്നും എങ്ങനെയെന്നുമുള്ള ആശങ്ക പലരുടെ മുഖത്തെ കൂട്ടുപിടിച്ചപ്പോള്‍ എന്തൊക്കെയോ വെട്ടിപ്പിടിച്ച ചാരിതാര്‍ത്ഥ്യം ചിലരുടെ മുഖങ്ങളില്‍ പ്രകടമായിരുന്നു. അവിടേക്കാണ് ശരീരം മുഴുവന്‍ ചോരയുമായി കാലുകള്‍ ഏന്തിവലിച്ചുവെച്ചു നടന്നുകൊണ്ട് എംഎല്‍എ പിണറായി വിജയന്‍ കടന്നുവരുന്നത്. ശബ്ദകോലാഹലങ്ങളാല്‍ നിറഞ്ഞിരുന്ന നിയമസഭ ഒരു നിമിഷത്തേക്ക് നിശബ്ദതയുടെ കരങ്ങളിലമര്‍ന്നു. അവിടെ പിന്നീട് ഒരാള്‍ മാത്രമേ സംസാരിച്ചിരുന്നുള്ളൂ, സഖാവ് പിണറായി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ നിയമസഭയിലെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു:
‘ലോക്കപ്പ് മുറിയില്‍ ലൈറ്റില്ല. രണ്ടു ചെറുപ്പക്കാര്‍ മുറി തുറന്ന് അകത്തുവന്നു. ഞാന്‍ എഴുന്നേറ്റു. ഒരാള്‍ പേരു ചോദിച്ചു. വിജയനെന്നു മറുപടി നല്‍കി. ചെറുപ്പക്കാര്‍ ആ സ്റ്റേഷനില്‍ ഉള്ളവരല്ല. ഇതിനായി പുറത്തുനിന്ന് പ്രത്യേകം കൊണ്ടുവന്നതാണ്. അവര്‍ രണ്ടുപേര്‍ ആദ്യ റൗണ്ട് അടിച്ചു. സിഐ അടക്കം 3 പൊലീസുകാര്‍ പിന്നീടു കടന്നു വന്നു. അങ്ങനെ അഞ്ചായി. അഞ്ചാളുകള്‍ ഇട്ടു തല്ലുകയാണ്. എല്ലാ രീതിയിലും തല്ലി. പല ഘട്ടങ്ങളിലായി പല പ്രാവശ്യമായി ഞാന്‍ വീഴുന്നുണ്ട്. എഴുന്നേല്‍ക്കുന്നുണ്ട്. പല പ്രാവശ്യം വീണു, പലപ്രാവശ്യം എണീറ്റു. ഏഴുന്നേല്‍ക്കാന്‍ കഴിഞ്ഞപ്പോഴൊക്കെ എഴുന്നേറ്റു. അവസാനം എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥയായി. പൂര്‍ണമായും വീണു. ഏഴുന്നേല്‍ക്കാത്തതോടുകൂടി അവരെല്ലാവരും മാറിമാറി ദേഹത്തു ചവിട്ടി. എത്രമാത്രം ചവിട്ടാന്‍ കഴിയുമോ അത്രമാത്രം ചവിട്ടി. അവര്‍ ക്ഷീണിക്കുന്നതുവരെ തല്ലി പത്തു പതിനഞ്ച് ഇരുപതു മിനിട്ട്. എന്നിട്ട് അവര്‍പോയി. പിറ്റേന്നു വരെ ഞാന്‍ അങ്ങനെ കിടന്നു. തല്ലിനിടയില്‍ മുണ്ട് പോയി, ഷര്‍ട്ട് പോയി, ബനിയന്‍ പോയി’.രാവിലെ 10 മണിക്കു കണ്ണൂരിലേക്കു കൊണ്ടുപോയി. നടക്കാന്‍ വയ്യാത്തതിനാല്‍ എടുത്താണ് ജീപ്പില്‍ കയറ്റിയത്. കണ്ണൂരില്‍നിന്ന് രാത്രി 12 മണിയോടെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. തല്ലിന്റെ പാടുകള്‍ കാണിച്ചെങ്കിലും അതു രേഖപ്പെടുത്താന്‍ ഡപ്യൂട്ടി ജയിലര്‍ തയാറായില്ല.’പിറ്റേ ദിവസം രാവിലെ ഡോക്ടര്‍ വന്നു എന്നെ ആശുപത്രിയിലാക്കി. അവിടെവച്ച് കാലില്‍ പ്ലാസ്റ്ററിട്ടു. ആറാഴ്ചക്കാലം പ്ലാസ്റ്റര്‍ കാലില്‍ കിടന്നു. മാസങ്ങളോളം പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല…. ഒരു ജനാധിപത്യ രാജ്യത്ത് ഇങ്ങനെയൊന്ന് സംഭവിക്കുമോ എന്ന് നമുക്ക് ചെറിയ സംശയമെങ്കിലും തോന്നും എന്നാല്‍ ‘അടിയന്തിരാവസ്ഥ അറബിക്കടലില്‍… ഇന്ദിര ഇന്ത്യക്ക് ആപത്ത്’ എന്ന് പീടിക ചുമരുകളില്‍ ഇന്നും മായതെ കിടക്കുന്ന വരികള്‍ മതിയാകും ആ ഇരുണ്ട ദിനത്തിന്റെ ഭീതി സമ്മുടെ സിരകളിലേക്ക് ഓടിയെത്താന്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

