
ദില്ലി ജന്തർ മന്തറിൽ സമാധാനപരമായി സമരം ചെയ്യുന്നവരെ തല്ലിച്ചതച്ച പൊലീസ് നടപടിയെ വിമർശിച്ച് നടൻ ടൊവിനോ തോമസ്. സമാധാനപരമായി സമരം ചെയ്യുന്നവരെ നേരിടേണ്ട രീതി ഇതല്ലെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. ഒരു രാജ്യത്തെ ഭാവി തലമുറ ശബ്ദമുയർത്തുന്ന സമയത്ത് അത് അടിച്ചമർത്തുന്നതിലൂടെ ചവിട്ടിമെതിക്കപ്പെടുന്നത് രാജ്യത്തിന്റെ ഭാവി തന്നെയാണെന്നും ടൊവിനോ പറഞ്ഞു. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ഇതിലൂടെ ചോർന്നൊലിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഈ വിദ്യാർത്ഥികൾ എന്ത് തെറ്റാണ് ചെയ്തതെന്നും അവർ സ്വത്ത് നശിപ്പിക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ആക്രമണം അഴിച്ചുവിട്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിൽ അടിച്ചമർത്താൻ മാത്രം അവർ എന്തു ചെയ്തെന്നും അദ്ദേഹം ചോദിച്ചു.
നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്ത് വെച്ചും, സമാധാനപരമായി ന്യായമായ ലക്ഷ്യത്തിനായി സമരം ചെയ്യുന്ന ഏതൊരാൾക്കും താൻ തന്റെ പൂർണ ഹൃദയത്തോടെയുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് ടൊവിനോ പറഞ്ഞു. ഒരു കാര്യത്തോട് വിയോജിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയല്ലെന്നും യഥാർത്ഥത്തിൽ അത് ജനാധിപത്യത്തിന്റെ അടിത്തറകളിൽ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും
തന്റെ ദേശീയതയെ ചോദ്യം ചെയ്യാൻ പോകുന്ന ഏതൊരാളോടും പറയാനുള്ളത് നിങ്ങളെക്കാൾ നന്നായി എനിക്കെന്നെ അറിയാമെന്നും ടൊവിനോ പറഞ്ഞു. ഇത് രാഷ്ട്രീയത്തിനും മതത്തിനും മറ്റെല്ലാ തരത്തിലുള്ള വിഭജനത്തിനും അപ്പുറമാണെന്നും തന്റെ രാഷ്ട്രീയം മനുഷ്യത്വമാണെന്നും തന്റെ വിശ്വാസം സമാധാനമാണെന്നും ടൊവിനോ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

