
‘7616’ എന്ന തുകയെ ഇംഗ്ലീഷ് വാക്കുകളിൽ ‘സാവൻ തേഴ്സ്ഡേ സിക്സ് ഹരേന്ദ്ര സിസ്‌റ്റി’ എന്നെഴുതി വൈറലാവുകയും ദേശീയ മാധ്യമങ്ങളിൽ വരെ സ്ഥാനം പിടിക്കുകയും ചെയ്ത ഹിമാചൽ പ്രദേശിലെ അധ്യാപകനെ നമ്മൾ മറക്കാനിടയില്ല. തെറ്റെഴുതി വകുപ്പിന്‍റെ ‘മാനം കളഞ്ഞുകുളിച്ച’ അധ്യാപകനെ സസ്പെൻസ് ചെയ്തിരുന്നു. റോൺഹട്ടിലെ ഗവൺമെന്‍റ് സീനിയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനെയാണ് സ്കൂൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്.
എന്നാൽ കഥ അവിടെ തീർന്നില്ല. അധ്യാപകന്‍റെ ചെക്ക് പോലെ തന്നെ അദ്ദേഹത്തിന് കിട്ടിയ സസ്‌പെൻഷൻ ഓർഡറും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തലങ്ങും വിലങ്ങും ഓടുകയാണ്. കാര്യം മറ്റൊന്നുമല്ല, അധ്യാപകൻ ചെക്കിൽ മൂന്ന് തെറ്റാണ് വരുത്തിയതെങ്കിൽ, അദ്ദേഹത്തിന് കിട്ടിയ സസ്‌പെൻഷൻ ഓർഡറിൽ ഇരട്ടിയിലധികം തെറ്റുകളാണ് ഉള്ളത്!
‘principal’ എന്ന വാക്ക് ‘princpal’, ‘sirmaur’ എന്ന സ്ഥലപ്പേര് ‘sirmour’, education’ എന്ന വാക്കിന് ‘educatioin’ ഇങ്ങനെ നിരവധി തെറ്റുകളാണ് സസ്‌പെൻഷൻ ഓർഡറിൽ അച്ചടിച്ചിട്ടുള്ളത്. ഹിമാചൽ സ്കൂൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ രാജീവ് താക്കൂർ ഒപ്പിട്ട ഉത്തരവിലാണ് തെറ്റുകൾ കടന്നു കൂടിയിരിക്കുന്നത്. സ്പെല്ലിങ്ങ് തെറ്റിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്ത് ഇറക്കിയ ഉത്തരവിൽ സ്പെല്ലിങ്ങ് എന്ന വാക്കിലും തെറ്റുണ്ട്. വ്യാകരണ പിശകുകളും വേറെ. ഇതോടെ ഈ ഉത്തരവും അധ്യാപകന്‍റെ പഴയ ചെക്കും ഇപ്പോൾ ഒരുമിച്ചാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത്. എന്നാൽ ഇത് ക്ലറിക്കൽ പിശകുകൾ മാത്രമാണെന്നും. അധ്യാപകന് സംഭവിച്ച പിഴവുകൾ ഗുരുതരമാണെന്നും അതുമായി താരതമ്യം ചെയ്യേണ്ടെന്നുമാണ് ഡെപ്യൂട്ടി ഡയറക്ടറുടെ പ്രതികരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

