
കള്ളത്തരവും മണ്ടത്തരവും കാണിച്ച് ബിജെപി നേതാക്കൾ കാമറയിൽ കുടുങ്ങുന്നത് ആദ്യത്തെ സംഭവമല്ല. ഇപ്പോൾ ജയ്പൂരിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിജെപിയുടെ ‘സേവാ പഖ്‌വാഡ’ (സർവീസ് ഫോർട്ട്നൈറ്റ്) കാമ്പയിനിൽ നിന്നുള്ള വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ജയ്പൂരിലെ ആർയുഎച്ച്‌എസ് ആശുപത്രിയിലാണ് പ്രാദേശിക ബിജെപിയുടെ നേതൃത്വത്തിലുള്ള ‘സാമൂഹിക സേവനം’ നടന്നത്.
ഒരു ബിജെപി വനിതാ നേതാവ് രോഗിക്ക് ബിസ്‌ക്കറ്റ് നൽകുന്നതും, ഫോട്ടോ എടുത്ത ഉടൻ തന്നെ അത് തിരികെ വാങ്ങുന്നതുമാണ് വീഡിയോയിൽ ഉള്ളത്. വെറും പത്ത് രൂപയുടെ ബിസ്കറ്റ് പാക്കാണ് കൊടുത്തിട്ട് തിരിച്ചു വാങ്ങുന്നതെന്നും ശ്രദ്ധേയം. നിരവധി പേരാണ് ഇതിനെ വിമർശിച്ച് രംഗത്തെത്തിയത്.
സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, പാർട്ടി പ്രവർത്തകർ ഫോട്ടോ എടുക്കാനും മാർക്കറ്റിംഗ് നടത്താനുമുള്ള അവസരമായി മാത്രം ഇതിനെ കാണുന്നതായി നിരവധി പേർ കമന്‍റിൽ എഴുതി. ഇങ്ങനെ വേണമെങ്കിൽ ഒറ്റ ബിസ്കറ്റ് കൊണ്ട് ആശുപത്രിയിൽ ഉള്ളവരെ മുഴുവൻ ‘ഊട്ടാം’ എന്നാണ് മറ്റൊരാളുടെ കമന്‍റ്. ഷിയോപൂർ ഡിവിഷനിലെ വാർഡ് കോർഡിനേറ്റർ വീരേന്ദ്ര സിംഗ് ആണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ സ്വന്തം മണ്ഡലമായ സംഗനേർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ളയാളാണ് വീഡിയോയിൽ ഉള്ള പ്രാദേശിക നേതാവ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

