ജൂലയ് 1 ന് ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ പാസ്സാക്കാനായുള്ള ഫിനാന്‍സ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. ആ ബില്ലില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്പനക്ക് ഒത്താശ ചെയ്യുന്ന വിവാദ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമോ അതോ ഒഴിവാക്കുമോ ? വി ഡി സതീശന്‍ നിലപാട് ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ കൗശലപൂര്‍വ്വമുള്ള മറുപടിയാണ് അദ്ദേഹം സഭയില്‍ നല്‍കിയത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്പന യുഡിഎഫ് മദ്യനയത്തിനു വിധേയമായിട്ടായിരിക്കുമെന്ന് മാത്രമേ പറഞ്ഞിട്ടൂള്ളൂ.
അല്ലാതെ തീരുമാനം വരെ നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നു എന്നു പറഞ്ഞിട്ടില്ല. അതായത് വീര്യം കുറഞ്ഞ മദ്യത്തിന്റെ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഫിനാന്‍സ് ബില്ലില്‍ പാസാക്കി എടുക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നു. അതുവഴി മദ്യക്കമ്പിനികള്‍ക്ക് വില്പനക്കുള്ള വഴി തുറന്നിടാം. ബജറ്റിലെ നികുതി നിര്‍ദ്ദേശം നിയമസഭ പാസാക്കിയത് ചൂണ്ടിക്കാട്ടി മദ്യക്കമ്പിനിക്ക് കോടതിയില്‍ പോകാം, വിധി സമ്പാദിക്കാം. കോടതി വിധിയാണ്, നടപ്പാക്കാനുള്ള ഉത്തരവാദത്തം സര്‍ക്കാരിനുണ്ടെന്ന ന്യായം പറഞ്ഞ് ഇപ്പോഴത്തെ ഡീല്‍ പൂര്‍ത്തിയാക്കാം.
അതല്ലെങ്കില്‍ ഫിനാന്‍സ് ബില്ലില്‍ നിന്ന് നികുതി നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറയണം. ബെക്കാര്‍ഡി മദ്യക്കമ്പിനിക്കു പുറമേ റിലയന്‍സും വീര്യം കുറഞ്ഞ മദ്യത്തിന്റെ നിര്‍മ്മാണത്തിലേക്ക് കടക്കുന്നുവെന്ന് അവര്‍ തന്നെ സ്ഥിരീകരിച്ചു. അപ്പോള്‍ ഡീലിന്റെ കനം ഊഹിക്കുന്നതിനുമപ്പുറമാവാം. . മുഖ്യമന്ത്രി യുെട വ്യക്തിപരമായ താല്പര്യമാണിതിന് പിന്നിലെന്ന സംശയം ബലപ്പെടുത്തുന്ന നിരവധി ഘടകങ്ങള്‍ ഇതിനോടകം പുറത്തുവന്നു.
അതിലൊന്നാണ് ജൂണ്‍ ഒന്നിന് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് ഒരു കത്തു നല്‍കുന്നു. യുഡിഎഫ് പ്രകടനപത്രികയിലെപ്പോലെ മദ്യവ്യാപനം തടയാനുതകുന്ന മദ്യനയം തയ്യാറാക്കണം, അതിനായി ബന്ധപ്പെട്ടവരുമായൊക്കെ ചര്‍ച്ച ചെയ്യണം. എന്നാല്‍ സുധീരന്റെ ഈ കത്ത് മുഖ്യമന്ത്രി അവഗണിച്ചു. സുധീരന് മറുപടി പോലും നല്‍കിയില്ല. ബജറ്റ് തയ്യാറാക്കുന്ന തിരക്കുകള്‍ കാരണമാകാമെനാണ് സുധീരന്‍ ധരിച്ചത്. പക്ഷേ മദ്യവ്യാപനത്തിന് കാരണമാകാവുന്ന ഒരു തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രി മാനസികമായി തയ്യാറെടുത്തു നില്‍ക്കുന്ന സമയത്ത് വന്ന സുധീരന്റെ നിര്‍ദ്ദേശം അവഗണിക്കുകയായിരുന്നു. മെയ് 21 മുതല്‍ 24 ദിവസം നികുതി നിശ്ചയിക്കാനുള്ള ഫയല്‍ സ്വന്തം പക്കലുണ്ടായിട്ടും കത്തു കൊടുത്ത സുധീരനോടോ , എക്സൈസ് മന്ത്രിയോടോ പാര്‍ട്ടിയോടോ മുന്നണി നേത്യത്വത്തോടോ മുഖ്യമന്ത്രി ഇതേപ്പറ്റി ഒറ്റയക്ഷരം മിണ്ടിയിട്ടില്ല. ദുരൂഹത ഒഴിയാതെ നില്‍ക്കുന്ന മുഖ്യന്റെ മദ്യ ഡീല്‍ എന്നല്ലാതെ ഈ ഭരണശൈലിയെ എന്താണ് വിളിക്കേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

