ഉദ്ഘാടന മാമാങ്കം നടത്തുന്ന മോദി മറന്ന സംവിധാനം; അപകടത്തിൽപ്പെട്ട തീവണ്ടികളിൽ കവച് സംവിധാനം ഇല്ലായിരുന്നുവെന്ന് റെയിൽവേ

ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ഒഴിവാക്കാൻ റെയിൽവേ തദ്ദേശിയമായി ആവിഷ്ക്കരിച്ച സംവിധാനമാണ് കവച്. ഇത് ഒഡീഷയിലെ ബാലസോറിൽ അപകടത്തിൽപ്പെട്ട ട്രെയിനുകളിൽ ഇല്ലാതിരുന്നതാണ് അപകട കാരണം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ സുരക്ഷാ സംവിധാനം അപകടത്തിൽപെട്ട തീവണ്ടികളിൽ ഉണ്ടായിരുന്നെങ്കിൽ 260 ലധികം ആളുകൾക്ക് ജീവഹാനിയുണ്ടാവുമായിരുന്നില്ല എന്നതാണ് അപകട ശേഷം ഉയരുന്ന പ്രധാന വിമർശനം. ഒഡീഷയിൽ അപകടമുണ്ടായ റൂട്ടിൽ ഈ സംവിധാനം ലഭ്യമായിരുന്നില്ലെന്ന കാര്യം റെയിൽവേ വക്താവ് അമിതാഭ് ശർമ തന്നെ സ്ഥിരീകരിക്കുന്നു.

ദുരന്തങ്ങൾ നടന്നു കഴിഞ്ഞ് മാത്രമേ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും നടപടികളും ഉണ്ടാവുന്നത് എന്ന വിമർശനം പ്രതിപക്ഷ പാർട്ടികൾ ഉയർത്തിക്കഴിഞ്ഞു. വന്ദേ ഭാരത് ട്രെയിനുകൾ ഉദ്ഘാടനം നടത്താൻ ഓടി നടക്കുന്ന മോദി ജനങ്ങളുടെ സുരക്ഷയുടെ കാര്യം മറന്നു പോയെന്നും പ്രതിപക്ഷ പാർട്ടികൾ വിമർശവും ഉയർത്തുന്നുണ്ട്. എന്നാൽ കവച് സംവിധാനം രൂപപ്പെടുത്തിയെങ്കിലും അത് പ്രായോഗികതലത്തിൽ നടപ്പാക്കാൻ കാലതാമസം നേരിട്ടതാണ് ഒറീസയിലെ അപകടത്തിന് കാരണം എന്ന വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ അടക്കമുള്ളവർ രംഗത്ത് വന്നു കഴിഞ്ഞു

എന്താണ് കവച്?

ഇന്ത്യ തദ്ദേശിയമായി ആവിഷ്ക്കരിച്ച കൊളീഷൻ ഡിവൈസാണ്. കവച് ദക്ഷിണ മധ്യ റെയിൽവേയാണ് ഇതിൻ്റെ പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്.ആത്മനിർഭർ ഭാരത്’ പദ്ധതിയുമായി ബന്ധപ്പെടുത്തി 2022ലെ ബജറ്റിൽ ‘കവച്’ സംവിധാനവും ഇടംപിടിച്ചിരുന്നു. കവച് ടെക്നോളജി വഴി 2000 കിലോമീറ്റർ റെയിൽവേ സുരക്ഷിതമാക്കുമെന്ന് ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു.സിഗ്നലിംഗ് സംവിധാനം നവീകരിക്കുന്നതിന് 2500 കോടിയാണ് ആ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്.

ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം (TCAS) എന്ന പേരില്‍ 2012 മുതല്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വയമേവ പ്രവര്‍ത്തിക്കുന്ന സംരക്ഷണ സംവിധാനമാണിത്. പിന്നീട്കവച് അല്ലെങ്കില്‍ ‘കവചം’ എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു.

ലളിതമായി പറഞ്ഞാല്‍, ട്രെയിനുകളുടെ ബ്രേക്ക് നിയന്ത്രിക്കാനും ഡ്രൈവര്‍മാര്‍ക്കു മുന്നറിയിപ്പ് നല്‍കാനും അള്‍ട്രാ ഹൈ റേഡിയോ ഫ്രീക്വന്‍സികള്‍ ഉപയോഗിച്ച് പരസ്പരം ആശയവിനിമയം നടത്തുന്ന, ലോക്കോമോട്ടീവുകളിലും സിഗ്‌നലിംഗ് സിസ്റ്റത്തിലും ട്രാക്കുകളിലും സ്ഥാപിച്ചിട്ടുള്ള ഒരു കൂട്ടം ഇലക്ട്രോണിക് ഉപകരണങ്ങളും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഉപകരണങ്ങളുമാണിത്. പ്രോഗ്രാം ചെയ്ത യുക്തിയെ അടിസ്ഥാനമാക്കിയാണു സംവിധാനത്തിന്റെ പ്രവര്‍ത്തനം.

ഒരു ട്രെയിനിന്റെ ചലന വിവരങ്ങള്‍ തുടര്‍ച്ചയായി പുതുക്കപ്പെടുന്നതിലൂടെ ഒരു ലോക്കോ പൈലറ്റ് സിഗ്‌നല്‍ തെറ്റിക്കുമ്പോള്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നതാണ് ഇതിന്റെ സവിശേഷത. കൂട്ടിയിടി പോലുള്ള സംഭവങ്ങളിലേക്കു നയിക്കുന്ന സിഗ്നല്‍ തെറ്റിക്കല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് റെയില്‍വേ പ്രവര്‍ത്തനങ്ങളിലെ ഗുരുതരമായ കുറ്റമാണ്. സിഗ്‌നല്‍ പാസ്ഡ് അറ്റ് ഡേഞ്ചര്‍ (SPAD) എന്നാണ് ഇതിനെ വിളിക്കുന്നത്. നിശ്ചിത ദൂരത്തിനുള്ളില്‍ ട്രെയിൻ സഞ്ചരിക്കുന്ന ദിശയിൽ അതേ ട്രാക്കിലൂടെ മറ്റൊരു ട്രെയിന്‍ കടന്നാൽ ഉടൻ ശ്രദ്ധയിൽപ്പെടുകയും അത് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കാനും, ഓട്ടോമാറ്റിക് ബ്രേക്ക് അപ്ലെ ചെയ്യാനും ഈ സംവിധാനത്തിന് സാധിക്കും. മോശം കാലാവസ്ഥ, ട്രാക്കിലെ പ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും കവചിന് സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here