
പഴുത്ത ഓറഞ്ചിന്റെ നിറമുള്ള ഒരു സ്രാവ് കടലിൽ നീന്തിത്തുടിക്കുന്നു…. എന്താ ? ആരും സ്വപ്നം കണ്ട കാര്യമല്ല, ശരിക്കും നടന്നത് തന്നെയാണ്. കരീബിയൻ കടലിൽ ആണ് ആരെയും ആകർഷിക്കുന്ന ഈ സ്രാവിനെ കണ്ടെത്തിയത്. മുഴുവൻ ഓറഞ്ച് നിറമുള്ള ശരീരവും വെളുത്ത കണ്ണുകളും ആണ് ഈ സ്രാവിന്റെ പ്രത്യേകത. കോസ്റ്റാറിക്കയുടെ തീരത്ത് നിന്നാണ് ഈ അത്ഭുത സ്രാവിനെ പിടികൂടിയത്.
കോസ്റ്റാറിക്കയിലെ കരീബിയൻ സമുദ്രതീരങ്ങൾ സമുദ്ര സമ്പന്നതയ്ക്ക് പേരുകേട്ടതാണ്, കണ്ടൽക്കാടുകളിലൂടെ സഞ്ചരിക്കുന്ന കടലാമകൾ മുതൽ പവിഴപ്പുറ്റുകളിൽ പതിവായി സഞ്ചരിക്കുന്ന സ്രാവുകൾ വരെയുള്ള എല്ലാ ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമാണിത്, എന്നാൽ പരിചയസമ്പന്നരായ സമുദ്രപ്രേമികൾ പോലും ഇത്തരമൊരു കാഴ്ച പ്രതീക്ഷിച്ചേക്കില്ല.
ALSO READ: ബിസിനസ് വഞ്ചനാ കേസില്‍ ട്രംപിന് ആശ്വാസം; 454 മില്ല്യണ്‍ ഡോളര്‍ പിഴ റദ്ദാക്കി കോടതി
അടുത്തിടെ, മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും ആണ് ആ അത്ഭുത ജീവിയെ കണ്ടുമുട്ടിയത്. ആറടിയിൽ കൂടുതൽ നീളമുള്ള നഴ്‌സ് സ്രാവ് ആണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ടോർട്ടുഗുറോ ദേശീയോദ്യാനത്തിന് സമീപം 37 മീറ്റർ താഴ്ചയിൽ ഒരു സ്‌പോർട്‌സ് ഫിഷിംഗ് യാത്രയ്ക്കിടെയാണ് വ്യത്യസ്തനായ ഈ സ്രാവിനെ കണ്ടെത്തിയത്. സാധാരണഗതിയിൽ ഈ സ്രാവുകൾ തവിട്ടു നിറത്തിലാണ് കാണപ്പെടാറുള്ളത്. ഈ പ്രദേശത്തു നിന്നും ആദ്യമായാണ് ഇത്തരത്തിൽ ഒരു സ്രാവിനെ കണ്ടെത്തിയിരിക്കുന്നത്.
ഒരു ത്വക്ക് രോഗം മൂലമാണ് സ്രാവിന് ഈ തിളങ്ങുന്ന ഓറഞ്ച് നിറം ലഭിച്ചത് എന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ചുവന്ന പിഗ്മെന്റേഷന്റെ അഭാവം മൂലം മൃഗങ്ങളുടെ ചർമ്മത്തിൽ അമിതമായ മഞ്ഞ അല്ലെങ്കിൽ സ്വർണ്ണ നിറങ്ങൾ സൃഷ്ടിക്കുന്ന ഒരു പിഗ്മെന്റേഷൻ അവസ്ഥയായ സാന്തിസം മൂലമാണ് സ്രാവിന് ഈ അസാധാരണ നിറം ലഭിച്ചത്. കൂടാതെ പിഗ്മെന്റ് മെലാനിൻ ഇല്ലാത്തതിനാൽ ഉണ്ടാകുന്ന ഒരു ജനിതക അവസ്ഥയായ ആൽബിനിസവും ഈ സ്രാവിൽ കണ്ടെത്തിയിട്ടുണ്ട്. ഓറഞ്ച് സ്രാവിന്റെ വെളുത്ത കണ്ണിന് പ്രധാനകാരണം ഈ ആൽബിനിസമാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു.
സാധാരണയായി നഴ്‌സ് സ്രാവുകളുടെ സാധാരണ നിറം ശത്രുക്കളില്‍ നിന്ന് രക്ഷപെടാന്‍ സഹായിക്കുന്ന തരത്തിലുളളതാണ്. പക്ഷേ ഇതിന്റെ തിളക്കമുളള നിറം സ്രാവിനെ കൂടുതല്‍ ദൃശ്യമാക്കുകയും ശത്രുക്കള്‍ ആക്രമിക്കാന്‍ ഇടയാക്കുകയും ചെയ്യും.
പാരിസ്ഥിതിക സമ്മര്‍ദ്ദം, ഉയര്‍ന്ന താപനില, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയവയും നിറത്തെ സ്വാധീനിച്ചേക്കാം. സ്രാവിന്റെ ഈ അപൂര്‍വ്വ നിറത്തിന് പിന്നിലെ കാരണമെന്താണെന്ന് മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടിവരുമെന്ന് ഗവേഷകര്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

