സിനിമകളിൽ മാത്രം കണ്ട് പരിചയമുള്ള പകൽക്കൊള്ളയായിരുന്നു രണ്ട് ദിവസം മുമ്പ് പാരീസിലെ ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ നടന്നത്. മോഷണമാണെന്ന് തിരിച്ചറിയും മുമ്പേ നെപ്പോളിയൻ കാലഘട്ടത്തിലെ ആഭരണങ്ങൾ അടക്കം അടിച്ചു മാറ്റി കള്ളന്മാർ മുങ്ങുകയും ചെയ്തു. വെറും നാല് പേരുടെ ടീമാണ് പത്ത് മിനിറ്റുകൾക്കകം പൊലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വെട്ടിച്ച് ലോകത്തെ ഏറ്റവും വലിയ മ്യൂസിയങ്ങളിൽ ഒന്നിൽ മോഷണം നടത്തി രക്ഷപ്പട്ടത്.
മോഷണം നടന്നത് ഇങ്ങനെ:
നിർമ്മാണ തൊഴിലാളികളുടെ വേഷത്തിലാണ് രാവിലെ 9.30 ന് മോഷ്ടാക്കൾ എത്തുന്നത്. ഗോവണി ഘടിപ്പിച്ച കൺസ്ട്രക്ഷൻ ട്രക്കുമായി എത്തിയ നാൽവർ സംഘം, ട്രക്ക് മ്യൂസിയത്തിന്‍റെ അപ്പോളോ ഗാലറിയുടെ അരികിൽ പാർക്ക് ചെയ്യുന്നു. ഇത്തരം ട്രക്കുകൾ പാരീസിൽ ഉടനീളം കാണാമെന്നതിനാൽ ആർക്കും സംശയമുണ്ടായില്ല. രണ്ട് മോഷ്ടാക്കൾ, ഗോവണി വഴി ബാൽക്കണിയിലെത്തുകയും ജനാല പ്രത്യേക ഉപകരണങ്ങൾ കൊണ്ട് മുറിച്ച് അകത്തു കടക്കുകയും ചെയ്യുന്നു.

കൊള്ള ആരംഭിക്കുന്നു:
ജനാല തകർത്തതോടെ ആദ്യ സുരക്ഷാ അലാറം മുഴങ്ങാൻ തുടങ്ങി. ജനലിലൂടെ അതിവേഗത്തിൽ അകത്തു കടന്ന സംഘം സമയം പാഴാക്കാതെ പണി ആരംഭിച്ചു. അകത്ത് പ്രദർശനത്തിന് വച്ചിരുന്ന രണ്ട് ഡിസ്പ്ലേ കേസുകൾ തകർത്ത്, എട്ട് വിലപിടിപ്പുള്ള വസ്തുക്കൾ ഇവർ കൈക്കലാക്കുന്നു. 200 അടി നീളമുള്ള ഗാലറിയുടെ മധ്യഭാഗത്തായിരുന്നു ഈ ഡിസ്പ്ലെ കേസുകൾ ഉണ്ടായിരുന്നത്.
ഫ്രാൻസിലെ പത്തൊൻപതാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന നെപ്പോളിയൻ മൂന്നാമന്‍റെ ഭാര്യ യൂജിനി ചക്രവർത്തിനി ധരിച്ചിരുന്ന ഒരു രാജകീയ നീലക്കല്ല് മാല, ഒരു മരതക മാല, ഒരു കിരീടം എന്നിവ മോഷ്ടാക്കൾ കൊണ്ടുപോയി. നെപ്പോളിയൻ വിവാഹ സമ്മാനമായി നൽകിയ രത്ന മാലയും മോഷ്ടിച്ചവയിൽ പെടുന്നു.

ചിത്രം: AFP
സമയത്തിനുള്ളിൽ പുറത്ത് കടക്കാനുള്ള ഓട്ടത്തിൽ മോഷ്ടാക്കളുടെ കയ്യിൽ നിന്നും ഒരു അമൂല്യ വസ്തു താഴെ പോയി; 1,354 വജ്രങ്ങൾ, 1,136 റോസ്-കട്ട് വജ്രങ്ങൾ, 56 മരതകങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന എംപ്രസ് യൂജീനിയുടെ കിരീടമായിരുന്നു അത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ, റീജന്റ് വജ്രം ഇതേ ഗാലറിയിലാണ് ഉണ്ടായിരുന്നത്. മോഷ്ടാക്കൾ ഇത് തൊട്ടില്ല എന്നതും ശ്രദ്ധേയം. 60 മില്യൺ ഡോളറാണ് ഇതിന്‍റെ മൂല്യം കണക്കാക്കുന്നത്.
രക്ഷപ്പെടൽ:
അഞ്ച് മ്യൂസിയം ജീവനക്കാർ ഈ സമയം ഗാലറിയിലുണ്ടായിരുന്നു. ഇവരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കൊള്ളക്കാർ രക്ഷപ്പെട്ടത്. ഉടൻ പോലീസിനെ വിവരം അറിയിച്ച ഇവർ, മോഷ്ടാക്കളെ തടയുന്നതിന് പകരം പ്രോട്ടോക്കോൾ അനുസരിച്ച് ആളുകളെ ഒഴിപ്പിക്കുകയാണ് ചെയ്തത്. ജനാല വഴി തന്നെ തിരിച്ച് ഗോവണിയിലൂടെ താഴെയെത്തിയ രണ്ടംഗ സംഘത്തെ കാത്ത്, മറ്റ് രണ്ടുപേർ അതിവേഗ ബൈക്കുകളിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. വന്ന ട്രക്ക് ഇവർ കത്തിക്കാൻ നോക്കിയതായും, അപ്പോഴേക്കും സുരക്ഷാ സേന എത്തിയതിനാൽ ഇവർ രക്ഷപ്പെടുകയും ആയിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
കൊള്ളക്കാർക്ക് പിറകേ…:
കൃത്യമായി പ്ലാൻ ചെയ്ത മോഷണം ആയതിനാലാണ് കുറഞ്ഞ സമയത്തിനുള്ളിൽ കോടികളുടെ ആഭരണങ്ങൾ കൊള്ളയടിച്ച് മുങ്ങാൻ ഇവർക്കായത്. പൊലീസ് ഇപ്പോഴും കള്ളന്മാർക്കായി പാരീസ് അരിച്ചുപെറുക്കുകയാണ്. 60 ഓളം വരുന്ന അന്വേഷണ സംഘം സാക്ഷികളെ ചോദ്യം ചെയ്യുകയും ഫോറൻസിക് തെളിവുകൾ പരിശോധിക്കുകയും മ്യൂസിയത്തിലെയും തെരുവിലെയും നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. കനത്ത സുരക്ഷാ സംവിധാനങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ചോദ്യമുയരുന്നത്. നാണക്കേട് ഒഴിവാക്കാൻ കയ്യും മെയ്യും മറന്ന് പ്രവർത്തിക്കുകയാണ് പൊലീസ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

