എന്നു നന്നാവും നമ്മുടെ കേരളം; ഡോക്ടറില്ലാത്തതിനാൽ മെഡിക്കൽ കോളജിലേക്ക് അയച്ച ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ച മൂന്നുകുട്ടികളും മരിച്ചു

കോഴിക്കോട്: ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ മൂന്നാമത്തെ കുഞ്ഞും മരിച്ചു. വാളാട് എടത്തന കോളനിയിലെ കൃഷ്ണന്റെ ഭാര്യ അനിതയുടെ മൂന്നാമത്തെ കുഞ്ഞാണ് ഇന്നലെ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചത്. യുവതി പ്രസവിച്ച മറ്റു രണ്ടു കുഞ്ഞുങ്ങളും വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ മരിച്ചിരുന്നു.

കലശലായ വേദനയെ തുടർന്ന് ഇന്നലെ രാവിലെ ആറരയോടെയാണ് അനിതയെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അപ്പോൾ ഡ്യൂട്ടി ഡോക്ടർ സ്ഥലത്തുണ്ടായിരുന്നില്ല. ഗൈനക്കോളജിസ്റ്റ് ഡോ. സുഷമയെ നഴ്‌സ് ഉടൻ വിവരം അറിയിച്ചു. എന്നാൽ ആശുപത്രിയിലെത്താതെ, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അനിതയെ കൊണ്ടുപോകാൻ സുഷമ നിർദ്ദേശിക്കുകയായിരുന്നു.

യാത്രാമധ്യേ വീണ്ടും വേദന വന്നതോടെ യുവതിയെ പനമരം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് നില വഷളായതോടെ കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പച്ചിലക്കാട്ട് എത്തിയപ്പോൾ ആംബുലൻസിൽ വച്ചായിരുന്നു അടുത്ത പ്രസവം. കൽപ്പറ്റ ആശുപത്രിയിൽ എത്തിയപ്പോൾ മറ്റൊരു ആൺകുഞ്ഞിനും ജന്മം നൽകിയിരുന്നു.

സംഭവത്തെ തുടർന്ന് ഗൈനക്കോളജിസ്റ്റ് ഡോ. സുഷമയെ സസ്‌പെൻഡ് ചെയ്തു. മന്ത്രി പികെ ജയലക്ഷ്മി ഡിഎംഒയോട് വിശദീകരണം തേടിയിട്ടുണ്ട്. ആശുപത്രിയുടെ ഭാഗത്ത് നിന്നു എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടൂക്കാമെന്നു ഡിഎംഒ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here