രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദി ബിജെപി മന്ത്രിമാരും കൂട്ടരും; സ്മൃതി ഇറാനി കള്ളം പറയുന്നു; മകനെ ദേശവിരുദ്ധനാക്കിയത് ബിജെപിയെന്നും രോഹിതിന്റെ അമ്മ

ദില്ലി: കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. രോഹിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി കള്ളം പറയുന്നു. വെമുലയുടെ മരണത്തിന് ഉത്തരവാദി സ്മൃതി ഇറാനിയും കൂട്ടരുമാണ്. വെമുലയുടെ മരണത്തില്‍ സ്മൃതി ഇറാനിക്ക് ജീവപര്യന്തം ജയില്‍ശിക്ഷ മതിയാകില്ലെന്നും രാധിക വെമുല പറഞ്ഞു.

കേന്ദ്രമന്ത്രിമാര്‍ക്ക് ജീവപര്യന്തം ജയില്‍ ശിക്ഷ നല്‍കിയാല്‍ മതിയാകില്ല. മന്ത്രിമാരും സര്‍വകലാശാല വിസിയും എബിവിപി പ്രവര്‍ത്തകരുമാണ് രോഹിതിന്റെ മരണത്തിന് ഉത്തരവാദികള്‍. നരേന്ദ്രമോദി വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാകുന്നില്ല. പ്രത്യേക അന്വേഷണം ആണ് രോഹിതിന്റെ മരണത്തില്‍ വേണ്ടത് എന്നും അമ്മ രാധിക വെമുല പറഞ്ഞു.

ബിജെപി ആളെക്കൊല്ലുകയല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്മൃതി ഇറാനിയ്ക്കും ബന്ദാരു ദത്താത്രേയയ്ക്കും എതിരെ നടപടി സ്വീകരിക്കണം. ബന്ദാരു ദത്താത്രേയയാണ് രോഹിതിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി കത്തുകള്‍ അയച്ചത്. രോഹിത് വെമുല ദേശവിരുദ്ധനാണ് എന്ന് ബന്ദാരു ആരോപിച്ചുവെന്നും രാധിക വെമുല പറഞ്ഞു.

Smriti Irani is lying and diverting issue, he never received the stipend for seven months- #RohithVemula ‘s mother pic.twitter.com/I7wRtgdBec

സ്മൃതി ഇറാനിയുടെ അഭിനയം പ്രകടിപ്പിക്കാന്‍ ഇത് ടിവി സീരിയല്‍ അല്ലെന്നും യഥാര്‍ത്ഥ ജീവിതമാണ് എന്നും രാധിക വെമുല ഓര്‍മ്മിപ്പിച്ചു. യഥാര്‍ത്ഥ വസ്തുതകള്‍ ആണ് പുറത്തുവരേണ്ടത്. കെട്ടിച്ചമയ്ക്കപ്പെട്ട കാര്യങ്ങളല്ല. ഇതുപോലെ എത്ര രക്ഷിതാക്കള്‍ കഷ്ടപ്പെടണം. രോഹിത് വെമുലയുടെ ആത്മഹത്യാ വിഷയത്തില്‍ സ്മൃതി ഇറാനി പാര്‍ലമെന്റില്‍ പച്ചക്കള്ളം ആവര്‍ത്തിക്കുകയാണ്. സ്മൃതി ഇറാനിക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്നും രാധിക വെമുല ചോദിച്ചു.

രോഹിത് വെമുല തീവ്രവാദിയും ദേശവിരുദ്ധനുമായി മുദ്രകുത്തപ്പെട്ടതില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് രോഹിതിന്റെ അമ്മ ആവശ്യപ്പെട്ടു. എച്ആര്‍ഡി മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച കത്ത് പ്രകാരം മകനെ തീവ്രവാദിയും ദേശവിരുദ്ധനുമാക്കി. കാബിനറ്റ് മന്ത്രി പറഞ്ഞത് രോഹിത് വെമുല തീവ്രവാദി ആയിരുന്നു എന്നാണ്. പാര്‍ലമെന്റില്‍ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍ സ്മൃതി ഇറാനി കള്ളം പറയുകയാണ്. ഏഴ് മാസത്തെ ഫെലോഷിപ്പ് രോഹിതിന് കിട്ടാനുണ്ടായിരുന്നു എന്നും രോഹിതിന്റെ അമ്മ പറഞ്ഞു.

രോഹിതിനെ ദളിതനല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് രോഹിത് വെമുലയുടെ സുഹൃത്ത് പ്രശാന്ത് പറഞ്ഞു. തഹസില്‍ദാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് പ്രകാരം രോഹിത് പട്ടിക വിഭാഗത്തില്‍പ്പെട്ടയാളാണ് എന്നും പ്രശാന്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെയും സുഹൃത്ത് രൂക്ഷമായി വിമര്‍ശിച്ചു. നരേന്ദ്രമോദി പറഞ്ഞത് രോഹിത് വെമുലയുടെ മരണത്തിലൂടെ ഇന്ത്യയുടെ മകനെയാണ് നഷ്ടപ്പെട്ടത് എന്നാണ്. അതേ മകനെ ദേശവിരുദ്ധനായും മുദ്രകുത്തിയെന്നും പ്രശാന്ത് പറഞ്ഞു.

തീവ്രവാദി എന്നു വിളിച്ച കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയക്കെതിരെ പ്രധാനമന്ത്രി എന്ത് നടപടിയാണ് എടുത്തത് എന്ന് പ്രശാന്ത് ചോദിച്ചു. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന സ്മൃതി ഇറാനിക്കെതിരെ എന്ത് നടപടി എടുത്തു എന്നും രോഹിത് വെമുലയുടെ സുഹൃത്ത് ചോദിക്കുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞ കള്ളങ്ങള്‍ തുറന്നുകാട്ടാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചത് എന്നും രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും സഹോദരന്‍ രാജുവും സുഹൃത്ത് പ്രശാന്തും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News