രസീല രാജു വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ബബന്‍ സെകിയ രസീലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റപത്രം

പൂണെ : ഇന്‍ഫോസിസ് പൂണെ ക്യാമ്പസിലെ ജീവനക്കാരി രസീല രാജു കൊല്ലപ്പെട്ട കേസില്‍ പോലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചു. പൂണെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിനിയായ രസീല രാജുവിനെ കഴിഞ്ഞ ജനുവരി 30ന് ജോലി സ്ഥലത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു.

സുരക്ഷ ജീവനക്കാരനായ ബബന്‍ സൈകിയ രസീലയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. കമ്പ്യൂട്ടര്‍ കേബിള്‍ കഴുത്തില്‍ ചുറ്റി രസീലയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. സംഭവദിവസം രാത്രി രസീല ഓഫീസ് കെട്ടിടത്തിലെ ഒമ്പതാം നിലയില്‍ രസീല മാത്രമേ ജോലിക്കുണ്ടായിരുന്നുള്ളു.

ഇതിനിടെ സുരക്ഷ ജീവനക്കാരനായ ബബന്‍ രസീലയെ മോശപ്പെട്ട രീതിയില്‍ തുറിച്ചുനോക്കി. തന്നെ തുറിച്ചുനോക്കിയതിന് മേലുദ്യോഗസ്ഥരോട് പരാതിപ്പെടുമെന്ന് രസീല ബബന്‍ സൈകിയയോട് പറഞ്ഞു. രസീല പരാതിപ്പെട്ടാല്‍ തന്റെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് കൊലപാതകത്തിന് കാരണമെന്ന് ബബന്‍ പോലീസിനോട് പറഞ്ഞു.

കൊലപെടുത്തിയ ശേഷം മരിച്ചുവെന്ന് ഉറപ്പാക്കാനായി രസീലയുടെ മുഖം ചവിട്ടി വികൃതമാക്കിയെന്നും ബബന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. പിന്നീട് രസീലയുടെ ഐഡി കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ഓഫീസില്‍ നിന്നും പുറത്തുകടന്നത്. അസമിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ പോലീസിന്റെ പിടിയിലായിരുന്നു.

ഓഫീസിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കൊല നടത്തിയത് ബബന്‍ സൈകിയയാണെന്ന് തെളിഞ്ഞത്. അതേസമയം പ്രതിയുടെ ജാമ്യാപേക്ഷയിന്മേല്‍ കോടതി ഉടന്‍ വാദം കേള്‍ക്കും. അഡ്വ. ബിഎ ആളുരാണ് പ്രതിക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News