ഓണം ആഘോഷിക്കാം, മിതമായ നിരക്കില്‍ വിഷരഹിത പച്ചക്കറികളുമായി; മുന്നൊരുക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓണത്തിന് മിതമായ നിരക്കില്‍ വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ 4315 ഓണച്ചന്തകള്‍ ഒരുങ്ങുന്നു. പൊതുവിപണിയിലേതിനേക്കാള്‍ 30ശതമാനം വില കുറച്ചായിരിക്കും വില്‍പ്പന. കമ്പോളവിലയേക്കാള്‍ പത്തുശതമാനം കൂടുതല്‍ വിലനല്‍കി കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പച്ചക്കറിയാണ് 30ശതമാനം വിലക്കുറവില്‍ വിപണിയില്‍ നല്‍കുന്നത്. പൊതുവിപണിയിലെ വിലക്കയറ്റം ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

കൃഷിവകുപ്പ് നേരിട്ടുനടത്തുന്ന 1500 ഓണച്ചന്തക്കുപുറമെ, സഹകരണസ്ഥാപനങ്ങള്‍, ഹോര്‍ട്ടികോര്‍പ്, കൃഷിഭവനുകള്‍, കുടുംബശ്രീ തുടങ്ങിയവയും ഓണച്ചന്തകള്‍ ഒരുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയിലധികമാണ് ഇത്തവണ ചന്തകള്‍ ഒരുക്കുന്നത്. കൃഷിഭവനുകള്‍ വഴി 929 ഓണച്ചന്തകളും വിഎഫ്പിസികെയുടെ 155 ഓണച്ചന്തകളും കുടുംബശ്രീയുടെ 168 ഓണച്ചന്തകളും പ്രവര്‍ത്തിക്കും. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളും കര്‍ഷകരില്‍നിന്ന് വാങ്ങിയവയും അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവന്നവയും പ്രത്യേക വിഭാഗമായാണ് വില്‍ക്കുക.

30 മുതല്‍ ഉത്രാടനാള്‍ വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം 30ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഓരോ ജില്ലയിലും എംഎല്‍എമാര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ഓണത്തിന് പച്ചക്കറിവിലയില്‍ വര്‍ധനയുണ്ടാകുമെന്നത് മുന്‍കൂട്ടിക്കണ്ട് ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി നടപ്പാക്കിയിരുന്നു.

പദ്ധതിയുടെ ഭാഗമായി 63 ലക്ഷം കുടുംബങ്ങള്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കി. ഏറ്റവും നന്നായി പദ്ധതി നടപ്പാക്കുന്ന കുടുംബത്തിന് അല്ലെങ്കില്‍ ഗ്രൂപ്പിന് ഒരുലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ പച്ചക്കറിക്ക് അയല്‍ സംസ്ഥാനങ്ങളെ കാര്യമായി ആശ്രയിക്കേണ്ടി വരില്ല.

വട്ടവട, കാന്തല്ലൂര്‍ ഭാഗങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ശീതകാല പച്ചക്കറി പൂര്‍ണമായും ഹോര്‍ട്ടികോര്‍പ് സംഭരിക്കും. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും ഹോര്‍ട്ടികോര്‍പ് സംഭരിച്ച് കുറഞ്ഞവിലയില്‍ വിറ്റഴിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News