അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി; തന്‍റേത് പാര്‍ട്ടി നിലപാടെന്നും ഹരീഷ് റാവത്ത്

ഡെറാഡൂണ്‍: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആവര്‍ത്തിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്.

രാമക്ഷേത്ര നിര്‍മാണത്തിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്നും പാര്‍ടി അതിനായി കൂടുതല്‍ പരിശ്രമിക്കുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

ഡെറാഡൂണില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഹരീഷ് റാവത്ത്.

‘അയോധ്യ വിഷയം സംബന്ധിച്ച എന്റെ പ്രസ്താവന പൊതു ഇടത്തില്‍ ഇപ്പോഴുമുണ്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും.

കോണ്‍ഗ്രസ് പാര്‍ടിയുടെ നിലപാടിന്റെ ഭാഗമായിട്ട് തന്നെയാണ് ഞാന്‍ ഇക്കാര്യം പറയുന്നത്.’- ഹരീഷ് റാവത്ത് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തന്‍ കൂടിയാണ് ഹരീഷ് റാവത്ത്. ബിജെപിയേക്കാള്‍ തീവ്രഹിന്ദുത്വ രാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിച്ചുള്ള പ്രചരണമാണ് കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലക്ഷ്യം വെക്കുന്നത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധി രാമക്ഷേത്രം നിര്‍മിക്കുമെന്ന പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചിരുന്നു.

ഗോവധം ആരോപിച്ച് മധ്യപ്രദേശില്‍ അഞ്ചുപേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്‌തത് നേരത്തെ ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here