തീരദേശ മേഖലയില്‍ ആവേശം നിറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂര്‍ വലപ്പാട് മത്സ്യ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്തു.

മത്സ്യ തൊഴിലാളികള്‍ക്ക് എന്ത് ചെയ്താലും അധികമാകില്ല എന്ന് കരുതുന്ന സര്‍ക്കാര്‍ ആണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച തീരദേശ സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്തു.

പതിനായിര കണക്കിന് മത്സ്യ തൊഴിലാളികള്‍ സംഗമത്തില്‍ പങ്കെടുത്തു.
പ്രളയ സമയത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മത്സ്യ തൊഴിലാളികള്‍ ആണെന്നും അതിനാലാണ് കേരളത്തിന്റെ സ്വന്തം സേന എന്ന് മത്സ്യ തൊഴിലാളികള്‍ വിളിക്കപ്പെട്ടത് എന്നും സംഗമം ഉത്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് എതിരെയും ബിജെപി യുടെ വര്‍ഗീയ നിലപാടുകള്‍ക്ക് കുട പിടിക്കുകയും ചെയ്യുന്ന കോണ്ഗ്രസിന് എതിരെയും കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്.

വര്‍ഗീയതയെ എതിര്‍ക്കാന്‍ മത നിരപേക്ഷ രംഗത്ത് ഉറച്ച് നില്‍ക്കാന്‍ കോണ്ഗ്രസിന് കഴിയുന്നില്ലെന്നും.പഴയ പ്രതാപ കാലം അല്ല ഇന്ന് കോണ്ഗ്രസിന് എന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ബിജെപി വിരുദ്ധ സര്‍ക്കാരിന് എതിരായ ബദല്‍ സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കേണ്ടത് കേരളം ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു.തൃശൂര്‍ ലോകസഭാ മണ്ഡലം സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന് വോട്ട് ആഭ്യര്‍ഥിച്ചാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്