കർണാടകയിലെ ഐടി, ഐടി അധിഷ്ഠിത വ്യവസായങ്ങളെ ഇന്റസ്ട്രിയൽ ‘എംപ്ലോയ്മെന്റ് സ്റ്റാന്റിങ്ങ് ഓഡേഴ്സ് ആക്റ്റ് 1946’  ൽ നിന്നും ഒഴിവാക്കികൊണ്ട്  കർണാടക സർക്കാർ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നൽകി വരുന്ന ഇളവുകളുടെകാലാവധി നീട്ടി നൽകിയ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ(കെഐടിയു)  പ്രത്യക്ഷ നടപടികളിലേക്ക് നീങ്ങുകയാണ് . ഐടി മേഖലയിൽ കൂടുതൽ കോർപറേറ്റ് നിക്ഷേപങ്ങൾ  ആകർഷിക്കുവാനെന്നപേരിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി

തൊഴിലാളികളെ നിർലോഭം ചൂഷണം ചെയാൻ അവസരമൊരുക്കികൊണ്ട്  ഇളവുകൾ ഓരോ അഞ്ചു വർഷവും നീട്ടി നൽകുകയായിരുന്നു.  2019 ജനുവരിയിൽ അവസാനിച്ച ഉത്തരവിന്റെ കാലാവധി കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ  ശക്തമായ ഇടപെടലുകളുടെ ഫലമായി പുതുക്കി നൽകിയിരുന്നില്ല. കെഐടിയു പ്രതിനിധി സംഘം 2019 ജനവരി ആദ്യ വാരം സംസ്ഥാന തൊഴിൽ വകുപ്പ് അഡീഷണൽ സെക്രട്ടറി അംലൻ ആദിത്യ ബിശ്വാസിനെ സന്ദർശിച്ചു നിവേദനം നൽകിയിരുന്നു.

തുടർന്ന് 2019 ജനവരി 25 ന്  കെഐടിയു പ്രതിനിധികളെയും നാസ്‌കോം പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട്   കർണാടക വികാസ് സൗധയിൽ  വെച്ച്  സംസ്ഥാന തൊഴിൽ വകുപ്പ് അഡീഷണൽ സെക്രട്ടറി അംലൻ ആദിത്യ ബിശ്വാസ് വിളിച്ചു ചേർത്ത ത്രികക്ഷി ചർച്ചയിൽ തൊഴിൽ വകുപ്പ് തൊഴിലാളികൾക്ക് അനുകൂലമായ നിലപാട് ആണ് സ്വികരിച്ചിരുന്നത്. എന്നാൽ തൊഴിലാളികൾക്ക് അനുകൂലമായി നിലപാട് സ്വികരിച്ച  അംലൻ ആദിത്യ ബിശ്വാസിനെ സംശയാസ്പദമായി ട്രാൻസ്ഫർ ചെയ്യുകയും ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടടുത്ത ദിവസം തന്നെ പ്രസ്തുത ഉത്തരവ് നീട്ടി നൽകുകയും ചെയ്യുക വഴി കർണാടക സർക്കാരിന്റെ തികച്ചും വഞ്ചനാത്മകമായ നിലപാടാണ് വെളിപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോമിന്റെ താല്പര്യങ്ങൾ മാത്രം സംരക്ഷിച്ചു പോരുന്ന സർക്കാർ യാതൊരു മാനദണ്ഡവുമില്ലാതെയുള്ള കുട്ടപിരിച്ചുവിടലുകളോടും തൊഴിൽ മേഖലയിലെ കടുത്ത അരക്ഷിതാവസ്ഥയോടും കണ്ണടക്കുകയും തൊഴിലാളികളുടെ മൗലികാവകാശങ്ങള്‍ കവർന്നെടുത്തു കൊണ്ട് യഥേഷ്ടം ചൂഷണം ചെയ്യാൻ അവസാരമൊരുക്കുകയുമാണ്.

തികച്ചും തൊഴിലാളി വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന സർക്കാർ നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും   തൊഴിലാളികളുടെ മൗലികാവകാശങ്ങൾ കവർനെടുക്കുന്നതിനെതിരെ  ഹൈകോടതിയിൽ ശക്തമായ നിയമനടപടികൾ സ്വികരിക്കുമെന്നും  തുടർനടപടികൾ വിശദികരിക്കാനായി ബംഗളൂരു പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ കെഐടിയു സെക്രട്ടറി സഖാവ് സി.ഉല്ലാസ്, കെഐടിയു പ്രസിഡന്റ് സഖാവ് വിജെകെ എന്നിവർ അറിയിച്ചു.