കേരളത്തില്‍ അഞ്ചുദിവസം കനത്തമഴയ്ക്ക് സാധ്യത;ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറും

തിരുവനന്തപുരം: കേരളത്തില്‍ അഞ്ചുദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത.അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം രൂപംകൊണ്ട തീവ്രന്യൂനമര്‍ദം ഇന്നു ചുഴലിക്കാറ്റായി വടക്കുദിശയിലേക്കു നീങ്ങും.’വായു’ എന്നുപേരുള്ള ഈ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് . ഇതിന്റെ ഭാഗമായി ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ന്യൂനമര്‍ദമേഖലയില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ തീരമേഖലയില്‍ കനത്ത കടല്‍ക്ഷോഭവും അനുഭവപ്പെടുന്നുണ്ട്.കേരള തീരത്തു നിന്ന് 300 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു ഭാഗത്താണ് തീവ്രന്യൂനമര്‍ദ മേഖല.

ഇന്നു കൂടുതല്‍ വടക്കോട്ടു നീങ്ങിയ ശേഷമാകും ചുഴലിക്കാറ്റായി മാറുക. ഇതിന്റെ സ്വാധീനഫലമായി ഇന്നു വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്നാണു സൂചന.ചൊവ്വാഴ്ച കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാം. ബുധനാഴ്ച വൈകുന്നേരം ഗുജറാത്ത് തീരത്ത് കാറ്റിന്റെ വേഗം മണിക്കൂറില്‍ 85 കിലോമീറ്റര്‍വരെയാവും. 13-ന് മഹാരാഷ്ട്ര തീരത്ത് 70 കിലോമീറ്റര്‍ വേഗത്തിലും കാറ്റുവീശുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു.


സൗരാഷ്ട്ര, കച്ച് മേഖലകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കനത്തമഴയും കാറ്റും നാശനഷ്ടം വിതയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്.യെല്ലോ അലര്‍ട്ട് ഇന്ന് പ്രഖ്യാപിച്ച ജില്ലകള്‍-തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News