ഷീല ദീക്ഷിത് അന്തരിച്ചു

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദില്ലി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു.
81 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നിലവില്‍ ദില്ലി പിസിസി അധ്യക്ഷയായിരുന്നു.

1998 മുതല്‍ 2013 വരെ, 15 വര്‍ഷക്കാലമാണ് ഷീല തുടര്‍ച്ചയായി ദില്ലി മുഖ്യമന്ത്രി പദം അലങ്കരിച്ചത്. ദില്ലിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. 2013ല്‍ ന്യൂദില്ലി നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച ഷീല ദീക്ഷിത്, ആംആദ്മി പാര്‍ട്ടിയുടെ ചെയര്‍മാന്‍ അരവിന്ദ് കെജ്‌രിവാളിനോട് പരാജയപ്പെടുകയായിരുന്നു.

അഞ്ച് മാസം കേരള ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014 മാര്‍ച്ച് 11നാണ് കേരള ഗവര്‍ണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റെടുത്തത്.

അതേ വര്‍ഷം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം യുപിഎ സര്‍ക്കാര്‍ നിയമിച്ച പന്ത്രണ്ടോളം ഗവര്‍ണര്‍മാരെ നീക്കാന്‍ ശ്രമിച്ചിരുന്നു. ഇതോടെ ഷീല ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

1938 മാര്‍ച്ച് 31ന് ബ്രിട്ടിഷ് ഇന്ത്യയിലെ കപൂര്‍ത്തലയിലാണ് ജനനം. പരേതനായ വിനോദ് ദീക്ഷിത് ആണ് ഭര്‍ത്താവ്.

മക്കള്‍: സന്ദീപ് ദീക്ഷിത് (കോണ്‍ഗ്രസ് മുന്‍ വക്താവ്), ലതികാ ദീക്ഷിത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here