കൊച്ചി മേയറെ മാറ്റണം: കോൺഗ്രസ്‌ നേതാക്കൾ നാളെ മുല്ലപ്പള്ളിയെ കാണും

മേയർ സൗമിനി ജെയിനിനെ മാറ്റണമെന്നാവശ്യപ്പെട്ട്‌ ജില്ലയിലെ കോൺഗ്രസ്‌ നേതാക്കൾ തിങ്കളാഴ്‌ച കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെ കാണും. ശനിയാഴ്‌ച രാത്രി ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിലാണ്‌ തീരുമാനം. ഫോർട്ട്‌കൊച്ചി ഡിവിഷനിൽനിന്നുള്ള ഷൈനി മാത്യുവിന്റെ പേര്‌ പകരം നിർദേശിക്കാനും ധാരണയായി. ബുധനാഴ്‌ചയ്‌ക്കുള്ളിൽ മേയർ രാജിവയ്‌ക്കുംവിധം നീക്കങ്ങൾ വേഗത്തിലാക്കാനാണ്‌ നേതൃത്വത്തിന്റെ തീരുമാനം.

യുഡിഎഫ്‌ കൺവീനർ ബെന്നി ബഹനാൻ എംപി, വി ഡി സതീശൻ എംഎൽഎ, ഡിസിസി പ്രസിഡന്റ്‌ ടി ജെ വിനോദ്‌ എന്നിവരാകും മുല്ലപ്പള്ളിയെ സന്ദർശിക്കുക. ടി ജെ വിനോദ്‌ ജയിച്ചതോടെ രാജിവച്ച ഡെപ്യൂട്ടി മേയറുടെ ഒഴിവിലേക്ക്‌ പള്ളുരുത്തി കോണം ഡിവിഷനിൽനിന്നുള്ള കെ ആർ പ്രേംകുമാറിന്റെ പേരുമാത്രം നിർദേശിച്ചാൽ മതിയെന്നും ധാരണയായിട്ടുണ്ട്‌.

മേയറെ മാറ്റുന്നതിനൊപ്പം നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷസ്ഥാനങ്ങളിലും അഴിച്ചുപണി വരും. മുഴുവൻ സ്ഥിരം സമിതികളുടെയും തലപ്പത്ത്‌ പുതിയ ആളുകളെ നിയോഗിച്ച്‌ മുഖം മിനുക്കുകയാണ്‌ ലക്ഷ്യം. കേരള കോൺഗ്രസ്‌ എമ്മിന്‌ സ്ഥിരംസമിതി അധ്യക്ഷപദവി നൽകാനും ധാരണയായി. തൃക്കാക്കരയിൽ മണ്ഡലം കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനത്തിനെത്തിയ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയെ നേതാക്കൾ ഫോണിൽ കാര്യങ്ങൾ ധരിപ്പിച്ചു. ചെന്നിത്തലയുടെ പിന്തുണ നേരത്തേ ജില്ലാ നേതൃത്വത്തിനുണ്ട്‌. ഇത്‌ മുൻനിർത്തിയാണ്‌ കഴിഞ്ഞദിവസം ഹൈബി ഈഡൻ എംപി മേയർക്കെതിരെ പരസ്യമായി രംഗത്തുവന്നത്‌.

ഡിസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ ടി ജെ വിനോദ്‌ അധ്യക്ഷനായി. കെ വി തോമസ്‌, ഹൈബി ഈഡൻ എംപി, വി ഡി സതീശൻ എംഎൽഎ, ബെന്നി ബഹനാൻ എംപി, എൻ വേണുഗോപാൽ, ഡൊമിനിക്‌ പ്രസന്റേഷൻ, കെ ബാബു, അജയ്‌ തറയിൽ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News