വിഷാദം മറന്ന് പാടുകയാണവൾ. എൻഡോസൾഫാനെന്ന വിഷമഴ പെയ്തിറങ്ങിയ മണ്ണിൽ ജീവിതം നഷ്ടപ്പെട്ട ആയിരങ്ങളിലൊരുവൾ, വിഷ്ണുപ്രിയ. അഞ്ചാം വയസ്സിൽ കാഴ്ച എന്നെന്നേക്കുമായി മറഞ്ഞു. പിന്നെ ലോകത്തെയറിഞ്ഞത് പാട്ട് കേട്ടും പാടിയും. ദുരിതകാലം തന്ന അതേ മണ്ണിൽ കലോത്സവമെത്തിയപ്പോൾ വിധിയെ വീണ്ടും വീണ്ടും തോൽപിച്ച് ചിരിക്കുകയാണ് വിഷ്ണു പ്രിയ.
കഥകളി സംഗീതത്തിലും തുടർച്ചയായ മൂന്നാം വർഷവും ശാസ്ത്രീയ സംഗീതത്തിൽ നാലാം വർഷവും എ ഗ്രേഡ്. വിഷ്ണുപ്രിയയ്ക്ക് മാത്രമല്ല. അച്ഛനും അമ്മയും അനുജനു മടങ്ങുന്ന കുടുംബത്തിന് താങ്ങും തണലുമാണ് സംഗീതം. രോഗബാധിതരായ മാതാപിതാക്കളുടെ ചികിത്സക്കും അനുജന്റെ പഠനത്തിനുമെല്ലാം വിഷ്ണുപ്രിയയ്ക്ക് സംഗീത ക്ലാസിൽ നിന്നും ഇടയ്ക്കെപ്പോഴെങ്കിലും ലഭിക്കുന്ന കച്ചേരിയിൽ നിന്നും നിന്നുമാണ്.
കാസർകോഡ് അന്ധവിദ്യാലയത്തിൽ പഠിക്കുമ്പോൾ സംസ്ഥാന സ്പെഷ്യൽ സ്കൂർ കലോത്സവത്തിൽ നിരവധി തവണ നേട്ടം കൊയ്തിട്ടുണ്ട് വിഷ്ണുപ്രിയ. ഇപ്പോൾ മുള്ളേരിയ ജി വി എച്ച് എസ് എസിൽ പ്ലസ് വൺ വിദ്യാർത്ഥിനി. സംഗീതത്തിൽ പി എച്ച് ഡി നേടണം. അതാണ് കാഴ്ചയില്ലാത്ത ലോകത്തിരുന്ന് ഈ വാനമ്പാടി കാണുന്ന ചെറിയ വലിയ സ്വപ്നം.
Get real time update about this post categories directly on your device, subscribe now.