ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ ഇങ്ങനെയും ഒരു ട്വിസ്റ്റ്; ആ റോബോട്ടിനുള്ളില്‍ ഒരു ‘കുഞ്ഞുമനുഷ്യന്‍’

2019 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ പ്രായഭേദമന്യേ എല്ലാ മലയാളികളും ഒരുപോലെ സ്വീകരിച്ചു.

ഒരു റോബോട്ടിനെ കേന്ദ്രീകരിച്ചാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന സിനിമ കഥ പറയുന്നത്. ആ റോബോട്ട് ആരാണെന്ന് അറിയാന്‍ സിനിമ കണ്ട എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ ഇതാ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ അത് വെളിപ്പെടുത്തിയിരിക്കുന്നു.
മലയാളികള്‍ തിരഞ്ഞുനടന്ന ആ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ആരാണെന്ന് വെളിപ്പെടുത്തിയത് നടന്‍ സുരാജ് വെഞ്ഞാറമൂട് തന്നെയാണ്.

നടന്‍ സൂരജ് തേലക്കാടാണ് യഥാര്‍ഥ കുഞ്ഞപ്പന്‍. റോബോട്ടിനകത്തു നിന്ന് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന സിനിമയ്ക്ക് ജീവന്‍ നല്‍കിയത് സൂരജാണ്. ചാര്‍ലി, അമ്പിളി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് സൂരജ്. നിരവധി സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും പരിചിത മുഖമാണ് സൂരജ്.

സ്വന്തം മുഖം കാണിക്കാതെ ഒരു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമ ഹിറ്റാക്കിയ സൂരജ് ആ വിജയത്തിന്റെ സന്തോഷത്തിലാണ്. സിനിമയുടെ ആസ്വാദനത്തിന് തടസമാകേണ്ട എന്നു കരുതിയാണ് സൂരജാണ് റോബോട്ട് എന്ന കാര്യം പുറത്തു വിടാതിരുന്നതെന്ന് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ സിനിമയുടെ സംവിധായകന്‍ രതീഷ് പൊതുവാള്‍ പറഞ്ഞു. കുഞ്ഞപ്പന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ പദ്ധതിയുണ്ടെന്നും എന്നാല്‍ അതു ഉടനെ കാണില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

കഥാപാത്രത്തിനു വേണ്ടി സൂരജ് കാണിച്ച സമര്‍പ്പണത്തെ സുരാജ് വെഞ്ഞാറമൂടും സിനിമയിലെ മറ്റൊരു താരം സൈജു കുറുപ്പും അഭിനന്ദിച്ചു. ഒരു സയന്‍സ്- ഫിക്ഷന്‍ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേര്‍ന്ന് പ്രേക്ഷകരെ സ്പര്‍ശിക്കാന്‍ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’ സാധിക്കുന്നുണ്ട്. ഒരു റോബോര്‍ട്ടിനെ കേന്ദ്രകഥാപാത്രമായി കൊണ്ടുവന്ന് നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംസാരിക്കുന്നത് മനുഷ്യര്‍ക്കിടയിലെ ബന്ധങ്ങളെ കുറിച്ചു തന്നെയാണ്.

വാര്‍ധക്യകാലത്തെ ഒറ്റപ്പെടലിനെ കുറിച്ചും മിണ്ടി പറഞ്ഞിരിക്കാന്‍ ഒരാളെങ്കിലുമുണ്ടെങ്കില്‍ അതോരോ ജീവിതത്തിലും ഉണ്ടാക്കുന്ന പോസിറ്റീവായ മാറ്റങ്ങളെ കുറിച്ചുമെല്ലാം സിനിമ സംസാരിക്കുന്നുണ്ട്. വെറുതെ ലെക്ച്ചര്‍ എടുത്തു പോവാതെ, പ്രേക്ഷകനു അനുഭവവേദ്യമാവുന്ന രീതിയില്‍ പറയാനുദ്ദേശിച്ച കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍ രതീഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News