അന്തരിച്ച നടനും എഴുത്തുകാരനുമായ രവി വള്ളത്തോളിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കു വച്ച് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി. തന്നെ ആദ്യമായി ദൂരദര്‍ശനു വേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നെന്നും അന്നത്തെ നിമിഷങ്ങള്‍ തനിക്ക് ഇപ്പോഴും ഓര്‍മയുണ്ടെന്നും ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ മമ്മൂട്ടി പറയുന്നു.
‘രവി വള്ളത്തോളിന്റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു.
സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു.
എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികള്‍.’ മമ്മൂട്ടി എഴുതി.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു രവി വള്ളത്തോളിന്റെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി സിനിമാ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Get real time update about this post categories directly on your device, subscribe now.