ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ പേരിലെ അപകീര്‍ത്തി പ്രചരണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് അനില്‍ അക്കരയ്‌ക്കെതിരെ മന്ത്രി എസി മൊയ്തീന്റെ വക്കീല്‍ നോട്ടീസ്

തൃശൂര്‍: ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ പേരില്‍ തന്നെ മാനഹാനി വരുത്തിയതിന് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി എ സി മൊയ്തീന്‍, അനില്‍ അക്കര എംഎല്‍എക്ക് എതിരെ വക്കീല്‍ നോട്ടീസ് അയച്ചു. മാതൃഭൂമി ചാനലിലും പത്രത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്.

വടക്കാഞ്ചേരിയില്‍ ലൈഫ് മിഷനുവേണ്ടി യുഎഇ റഡ് ക്രസന്റ് എന്ന സംഘടന സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന ഫ്‌ളാറ്റ് സമുച്ഛയ നിര്‍മാണത്തിന്റെ ഇടനിലക്കാരനായി മന്ത്രി എ സി മൊയ്തീന്‍ അഴിമതി നടത്തിയെന്നാണ് അനില്‍ അക്കര അപകീര്‍ത്തിപ്പെടുത്തിയത്.

റെഡ് ക്രസന്റ് സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന 140 യൂണിറ്റുള്ള ഭവനസമുച്ഛയത്തില്‍ നാലുകോടിയുടെ അഴിമതി നടന്നായും ഇതില്‍ രണ്ടുകോടി മന്ത്രി എ സി മൊയ്തീന് കൈമാറിയെന്നുമായിരുന്നു അപകീര്‍ത്തിപ്പെടുത്തല്‍.

2020 ആഗസ്റ്റ് 15ലെ മാതൃഭൂമി വാര്‍ത്താ ചാനലിലും ആഗസ്റ്റ് 14ലെ മാതൃഭൂമി പത്രത്തിലും അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ വന്നു. ഈ വാര്‍ത്തക്കെതിരെ അനില്‍ അക്കരഎംഎല്‍എ, മാതൃഭൂമി ചാനല്‍ അവതാരിക സ്മൃതി പരുത്തിക്കാട്, മാതൃഭൂമി ന്യൂഡ് ചാനല്‍ എഡിറ്റര്‍ ഉണ്ണിബാലകൃഷ്ണന്‍, മാതൃഭൂമി പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ എം എന്‍ രവിവര്‍മ എന്നിവര്‍ക്കെതിരെയാണ് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്.

താന്‍ വിദ്യാര്‍ഥി പ്രസ്ഥാനം മുതല്‍ പൊതുരംഗത്ത് കളങ്കരഹിതമായ പ്രര്‍ത്തനമാണ് നടത്തിയിട്ടുള്ളത്. രാഷ്ട്രീയത്തിന് അതീതമായി തന്റെ പൊതുസമ്മതിക്ക് ഇടിവ് വരുത്താന്‍ ഉദ്ദേശിച്ചാണ്, തീര്‍ത്തും അസത്യമാണെന്ന് അറിഞ്ഞിട്ടും അനില്‍ അക്കര അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്.

നോട്ടീസ് കൈപറ്റി ഒരാഴ്ചക്കകം നാലുകക്ഷികളും അപകീര്‍ത്തിപരമായ പ്രസ്താവനകളും പ്രസിദ്ധീകരണങ്ങളും നിരുപാധികം പിന്‍വലിക്കണം. വാര്‍ത്ത തുല്യപ്രധാനത്തില്‍ തിരുത്തായി പ്രസിദ്ധീകരിക്കണം. അതുവഴി നഷ്ടപ്പെട്ട യശസ് വീണ്ടെടുക്കാനാവണം.

വീഴ്ച വരുത്തിയാല്‍ അപകീര്‍ത്തിക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 500-ാം വകുപ്പുപ്രകാരം ശിക്ഷ നല്‍കുന്നതിന് ക്രിമിനല്‍ ഫയലാക്കുമെന്നും അറിയിച്ചാണ് അഡ്വ. കെ ബി മോഹന്‍ദാസ് മുഖേന നോട്ടീസ് അയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News