ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തിന് സഹായിച്ചുവെന്ന ആരോപണത്തിന് തെളിവില്ലെന്ന് കോടതി; കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിനും തെളിവ് വേണം; കോടതി നിരീക്ഷണം ഇഡി തെളിവുകള്‍ പരിശോധിച്ച ശേഷം

ശിവശങ്കർ സ്വർണ്ണക്കടത്തിന് സഹായിച്ചു എന്ന ഇ ഡി യുടെ ആരോപണത്തിന് തെളിവില്ലെന്ന് കോടതി.സ്വർണ്ണക്കടത്തിനെക്കുറിച്ചറിയാമായിരുന്നു എന്ന മൊഴി സ്വർണ്ണക്കടത്തിന് സഹായിച്ചു എന്നതിന് തെളിവാകുന്നില്ലെന്നും കോടതിയുടെ നിരീക്ഷണം.

കസ്റ്റംസ് ഉദ്യോഗസ്ഥനെ ശിവശങ്കർ വിളിച്ചു എന്ന ആരോപണം തെളിയിക്കുന്നതിനും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഈ നിരീക്ഷണം.

ശിവശങ്കറിന് ജാമ്യം നൽകാതിരിക്കാനായി ഇ ഡി നിരത്തിയ ആരോപണങ്ങൾക്ക് മതിയായ തെളിവില്ലെന്നാണ് കോടതി വിലയിരുത്തിയിരിക്കുന്നത്. സ്വർണ്ണക്കടത്തിന് ശിവശങ്കർ സഹായിച്ചു എന്നതായിരുന്നു ഇഡിയുടെ പ്രധാന ആരോപണം.

കേസിലെ പ്രധാന പ്രതിയായ സ്വപ്നാ സുരേഷിൻ്റെ ആവശ്യപ്രകാരം സ്വർണ്ണമടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു എന്നും ഇഡി ആരോപിക്കുന്നുണ്ട്.ഇത് സാധൂകരിക്കുന്ന തെളിവുകൾ ഇഡി മുദ്രവെച്ച കവറിൽ സമർപ്പിച്ചിരുന്നു.എന്നാൽ അത് പരിശോധിച്ചെങ്കിലും ഇ ഡി യുടെ ഈ രണ്ട് ആരോപണങ്ങൾക്ക് മതിയായ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.

സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നു എന്ന് ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റിൽ നിന്ന് വ്യക്തമാണെങ്കിലും ശിവശങ്കർ സ്വർണ്ണക്കടത്തിന് സഹായിച്ചു എന്നതിന് അത് തെളിവാകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കർ പലതവണ വിളിച്ചതായി സ്വപ്ന യുടെ മൊഴിയുണ്ട്. എന്നാൽ അത് സ്വർണ്ണമടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ വേണ്ടിയാണ് വിളിച്ചതെന്ന ആരോപണം തെളിയിക്കാൻ കൂടുതൽ അന്വേഷണം വേണ്ടിവരും.

മാത്രമല്ല ശിവശങ്കറിനെതിരെ സ്വപ്ന സ്വമേധയാ മൊഴി നൽകിയതാണൊ അതോ സമ്മർദ്ദത്തിലാക്കി പറയിപ്പിച്ചതാണൊ എന്നും പരിശോധിക്കപ്പെടേണ്ടതാണെന്നും കോടതി ഉത്തരവിൽ പറയുന്നു.കേസിൻ്റെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ ശിവശങ്കറിന് ജാമ്യം നിഷേധിക്കുകയാണെന്ന് ഉത്തരവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel