‘സമാധാന ജീവിതം ആഗ്രഹിക്കുന്ന മലയാളികളുടെ ഓപ്‌ഷനുകളാണ് എൽഡിഎഫും യുഡിഎഫും. അതിലൊന്നിൽ മതരാഷ്ട്രവാദികളെ കയറ്റണമോ?’: കെ ജെ ജേക്കബ്

തദ്ദേശ തെരഞ്ഞടുപ്പ് ഫലം പുറത്ത് വന്നതോടെ കോണ്‍ഗ്രസില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന പ്രതിസന്ധിയും മുസ്ലും ലീഗിന്‍റെ യുഡിഎഫിലെ സ്ഥാനവും എല്ലാം കേര‍ളം ഉറ്റുനോക്കുയാണ്. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കെ ജെ ജേക്കബ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഈ കേസിൽ സത്യത്തിൽ ഇടതുപക്ഷം നേരിട്ടുള്ള കക്ഷിയല്ല. കക്ഷിചേരുന്നതിൽ അവർക്കു നേട്ടവുമില്ല. തങ്ങളുടെ പ്രധാന എതിരാളികളായ മുന്നണി നാടിന്റെ അടിസ്‌ഥാന മതേതര സ്വഭാവത്തിൽ വെള്ളം ചേർത്താൽ, അങ്ങിനെ നാട്ടുകാരുടെ മുൻപിൽ പോയി നിന്നാൽ അത് തെരഞ്ഞെടുപ്പ് പോരാട്ടം മിക്കവാറും എളുപ്പമാക്കും. മാത്രമല്ല, തത്കാലം നാടിൻറെ മതേതര സ്വഭാവം നിലനിർത്താനുള്ള ശേഷി അവർക്കുണ്ട് താനും. ഇപ്പോൾ രണ്ടു പ്രധാന മുന്നണികളും രാഷ്ട്രീയം പറഞ്ഞു ജനങ്ങളെ സമീപിക്കുന്ന പതിവിനുപകരം ഒരു കൂട്ടർ മതം പറഞ്ഞു നടക്കുന്നത് കാണേണ്ടിവരും. സമൂഹം അതിവേഗം മാറുന്ന ഒരു സംവിധാനം ആയതുകൊണ്ടും അധികാരം ഒരു സങ്കീർണ്ണ പ്രക്രിയ ആയതുകൊണ്ടും മതം സാമൂഹ്യവിരുദ്ധരുടെ ഉപകരണമായ ചരിത്രമുള്ളതുകൊണ്ടും അതിന്റെ പരിണതികൾ എങ്ങിനെ വരുമെന്ന് നേരത്തെ പറഞ്ഞുകൂടാ. നാടിനെ ഈ നിലയ്ക്കെങ്കിലും നിലനിർത്തണമെങ്കിൽ വലിയ പരിശ്രമവും ഊർജവും ചെലവാക്കേണ്ടിവരും. അതൊഴിവാക്കണമെന്നു നാളെയെക്കുറിച്ച് ചിന്തയുള്ള ഏതൊരു മനുഷ്യനും തോന്നും. അത് ഒട്ടേറെ മലയാളികൾക്ക് തോന്നുന്നുണ്ടാവണം; പിണറായിക്കും. – കെ ജെ ജേക്കബ് കുറിച്ചു

സി പി എമ്മിന്റെയും എൽ ഡി എഫിന്റെയും നേതാവായ പിണറായി വിജയന് കോൺഗ്രസിന്റെയും യു ഡി എഫിന്റെ കാര്യത്തിൽ അഭിപ്രായം പറയാം, പക്ഷെ മുസ്ലിം ലീഗിന് യു ഡി എഫിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസിന്റെ നേതൃത്വത്തെക്കുറിച്ച് അഭിപായം പറഞ്ഞുകൂടാ.. എന്തൊരു നിലപാടാണിത്? ഇതാണ് ഇപ്പോഴത്തെ ഒരു വായ്ത്താരി.

പിന്നെ പോമോകളും സ്വത്വവാദികളും 916-കാരും കൂടി ആളെ ആറെസ്സെസ്സുമാക്കി. ഹിന്ദു വർഗീയവാദികളെ കൂട്ടുപിടിച്ച് യു ഡി എഫിനെ ഇല്ലാതാക്കാനുള്ള ശ്രമമെന്നാണ് ഒരു വാദം ഇതൊന്നും പോരാഞ്ഞു മുസ്ലിങ്ങളെ പറയുന്നേ എന്നുപറഞ്ഞു മൗദൂദികളും ഇറങ്ങിയിട്ടുണ്ട്. അതിനു കാരണമാണ് രസം: മുസ്ലിം സമുദായത്തെ പൂർണ്ണമായും നിശ്ശബ്ദമാക്കാൻ പോകുന്നു. ജമാഅത്തെ ഇസ്ലാമിയാണല്ലോ മുസ്ലിങ്ങൾ! അവരോടൊന്നും പറയാനില്ല. അല്ലാതെ ഈ ചർച്ചയിൽ വേറെയെന്തെങ്കിലും കാര്യമുണ്ടോയെന്നും, ഈ പോക്ക് പോയാൽ കോൺഗ്രസ് എന്താവും, കേരളം എന്താവും എന്നാലോചിക്കുന്നവർക്കുള്ള എന്റെ വക പത്തു പൈസയാണ് ഈ പോസ്റ്റ്. (ക്യാപ്‌സൂളാണെന്നു പറഞ്ഞാലും കുഴപ്പമില്ല.)

പഞ്ചായത്തു തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളത്തിലെ കോൺഗ്രസുകാരുടെ മുൻപിൽ ഒരു വലിയ ചോദ്യമുണ്ട്: ജമാ അത്തെ ഇസ്‌ലാമി എന്ന ആർഎസ്എസിന്റെ മുസ്ലിം വേർഷനുമായി ഉണ്ടാക്കിയ കൂട്ടുകെട്ടിന്റെ ഭാവി എന്തായിരിക്കും? അതിനി തുടരണോ?
കെ പി സി സി അധ്യക്ഷനു ഇക്കാര്യത്തിൽ നിലപാടുണ്ട്: അദ്ദേഹം അതിനെതിരാണ്. ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ അതിനു അനുകൂലമാണ്. ഈ ബാന്ധവത്തിനു ചൂട്ടുപിടിച്ചുകൊടുക്കുന്ന ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കൾ കെ പി സി സി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യമുന്നയിച്ച് എന്ന റിപ്പോർട്ടുകളോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ‘ഇടപെടൽ’ പെട്ടെന്ന് തീർക്കാവുന്നതല്ലേയുള്ളൂ: ഇക്കാര്യത്തിൽ ഒരു തീരുമാനം പറഞ്ഞാൽ പോരെ?

കേരളത്തിലെ ജനസംഖ്യയിൽ നാലിലൊന്നിൽ കൂടുതൽ വരും മുസ്ലിങ്ങൾ; പക്ഷെ അധികാര ഘടനയിൽ പലപ്പോഴും ആ അനുപാതം വരാറില്ല. വരുന്നതുതന്നെ മുസ്ലിം ലീഗ് അധികാരത്തിൽ വരുമ്പോഴാണ്. (ലീഗിനെക്കൊണ്ട് മുസ്ലിങ്ങൾക്കെന്തു മെച്ചം എന്ന ചോദ്യം വേറെ; നമ്മൾ ഇപ്പോൾ പ്രാതിനിധ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.)ആ മുസ്ലിം ലീഗ് സാധാരണ ഗതിയിൽ എടുക്കുന്ന നിലപാടുകൾ ഈ രാജ്യത്തിന്റെയും ആ പാർട്ടി പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെയും പൊതുവായ മതേതര സ്വഭാവത്തോടു നീതിപുലർത്തുന്നതാണ്.

അതുകൊണ്ടുതന്നെ ആ സമുദായത്തിലെ മതവാദികൾക്കു സമുദായത്തിന്റെ പൊതുധാരയിലോ അധികാര ഘടനയിലോ എത്തിപ്പെടാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം. ഈ മതവാദികളിൽനിന്നു ലീഗ് നേതൃത്വം എക്കാലവും വെല്ലുവിളി നേരിട്ടിരുന്നു, ഒളിഞ്ഞും തെളിഞ്ഞും. സമുദായം അപകടത്തിലാണെന്നും, മുസ്ലിം ലീഗ് നേതാക്കൾ അവരുടെ കാര്യം മാത്രം നോക്കുന്നുവെന്നും എന്ന ആരോപണം അവർ നേരിടേണ്ടി വന്നിട്ടുണ്ട്.

ബാബ്‌റി മസ്ജിദ് പൊളിച്ചതിനുശേഷമുള്ള സംഭവങ്ങൾ ഓർമ്മ വയ്ക്കുക. അടുത്ത കാലത്തേക്ക് വന്നാൽ ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിയ്ക്ക് ലീഗ് നേതാവ് വ്യവസായ മന്ത്രിയായുള്ള മന്ത്രിസഭാ പച്ചക്കൊടി കാണിക്കുമ്പോഴും പുറത്തു എതിർക്കേണ്ടി വന്നു. എങ്കിലും അപ്പോൾ മുതൽ അടുത്ത കാലം വരെ അപ്പോഴൊക്കെ ഒരിത്തിരി അഴകൊഴമ്പൻ നയത്തിലൂടെയാണെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകാതെ നോക്കാൻ മുസ്ലിം ലീഗ് നേതൃത്വത്തിനായിട്ടുണ്ട്.

എന്നാൽ കുറച്ചുകാലമായി ലീഗ് നേതൃത്വത്തിന്റെ നിലപാട് നോക്കൂ: ഹാഗിയ സോഫിയ മോസ്‌ക്ക് മുതൽ നേതാക്കന്മാരുടെ അഴിമതിക്കേസുകൾ വരെ എടുത്താൽ പഴയ മുസ്ലിം ലീഗ് നിലപാടുകളല്ല കാണുന്നത്.; പകരം ലീഗ് ഡിഫന്സീവിലാവുന്ന ഒരു ചിത്രമാണുള്ളത്; പലപ്പോഴും മതവാദികളുടെ വാദങ്ങൾക്ക് ചേർന്നുപോകുന്ന വാദങ്ങളും അവർ മുന്പോട്ടുവയ്ക്കും.
അത് സമുദായത്തിന് വന്ന മാറ്റമായി എനിക്ക് തോന്നുന്നില്ല.

കേരളത്തിലെ മുസ്ലിം സമുദായം അതിന്റെ മെച്ചപ്പെട്ട സമയത്തേക്ക് കടക്കുകയാണ് എന്നാണ് എന്റെ വിലയിരുത്തൽ. ഗൾഫിൽ പോയി കഷ്ടപ്പെട്ട ആദ്യത്തെ തലമുറ വിദ്യാഭ്യാസത്തിന്റെ വില തിരിച്ചറിയുകയും അതിൽ നിക്ഷേപിക്കുകയും ചെയ്തതിന്റെ മെച്ചം സമുദായം അനുഭവിക്കുന്ന നില വന്നു തുടങ്ങിയിരിക്കുന്നു. സ്വാശ്രയ കോളേജുകളടക്കം നാട്ടിലുടനീളം വന്ന കോളേജുകളിൽ പഠിച്ചു പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാർ, സ്ത്രീകളടക്കം, കാര്യങ്ങൾ കൈയിലെടുത്തുതുടങ്ങിയിരിക്കുന്നു. കേരളത്തിലെ ക്രിസ്ത്യൻ സമൂഹം അര നൂറ്റാണ്ടു മുൻപ് നേടിയ നേട്ടം മുസ്ലിങ്ങൾക്കു അനുഭവവേദ്യമായിത്തുടങ്ങിയിരിക്കുന്നു.

അത് മതരാജ്യം കൊണ്ടുവന്ന നേട്ടമല്ല. മറിച്ച് ആത്മാഭിമാനത്തോടെ അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ പറ്റുന്ന ഒരു തുറന്ന സമൂഹം ഇവിടെ നിലവിലുള്ളതുകൊണ്ടാണ്. മറ്റൊരു സംസ്‌ഥാനത്തുമില്ലാത്ത സുരക്ഷിതത്വബോധം കേരളത്തിൽ അവർക്കു കിട്ടുന്നു എന്നതുകൊണ്ടാണ്. അതൊരു മതേതര സമൂഹം അതിന്റെ അംഗങ്ങൾക്കു നൽകുന്ന ഉറപ്പാണ്.

മാറുന്ന ഈ തലമുറയ്ക്ക് മുൻപിൽ പിടിച്ചുനിൽക്കണമെങ്കിൽ ഒന്നുകിൽ അവർക്കൊപ്പം മാറണം; അല്ലെങ്കിൽ ഇരവാദം ഉന്നയിക്കണം. ഇരവാദം കൊള്ളാവുന്ന ഒരു ചൂണ്ടയാണ്‌; കുറച്ചുപേരെങ്കിലും അതിൽ കൊത്തുന്നുണ്ട്. അതിനുള്ള പശ്ചാത്തലം മോദിയുടെ ഇന്ത്യയിൽ ഉണ്ട്. മുസ്ലിം ലീഗ് നേതൃത്വം ഈ എളുപ്പപ്പണിയ്ക്കുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു. അഴിമതി ആരോപണങ്ങള്കൊണ്ടും അധികാരമോഹം കൊണ്ടും ദുർബലമായ നേതൃത്വത്തിനും അത് അധികാരമെന്ന ജന്നത്തുൽ ഫിർദൗസിലേക്കുള്ള കോണിയാണ്.
ആ മോഹിപ്പിക്കുന്ന വഴിയാണ് ജമാത്തെ ഇസ്ലാമി ലീഗ് നേതൃത്വത്തിന് തുറന്നുകൊടുക്കുന്നത്; അതിനു ചില്ലറ നേട്ടങ്ങൾ തല്ക്കാലം കിട്ടും. ആ നേട്ടങ്ങൾ കാണിച്ചാണ് ലീഗ് നേതൃത്വം കോൺഗ്രസിന്റെ കൈ പിടിച്ചു തിരിക്കുന്നത്. അതിന്റെ തത്സമയ വിവരണമാണ് പിണറായി വിജയൻ നൽകിയത്.

ഈ കേസിൽ സത്യത്തിൽ ഇടതുപക്ഷം നേരിട്ടുള്ള കക്ഷിയല്ല. കക്ഷിചേരുന്നതിൽ അവർക്കു നേട്ടവുമില്ല. തങ്ങളുടെ പ്രധാന എതിരാളികളായ മുന്നണി നാടിന്റെ അടിസ്‌ഥാന മതേതര സ്വഭാവത്തിൽ വെള്ളം ചേർത്താൽ, അങ്ങിനെ നാട്ടുകാരുടെ മുൻപിൽ പോയി നിന്നാൽ അത് തെരഞ്ഞെടുപ്പ് പോരാട്ടം മിക്കവാറും എളുപ്പമാക്കും. മാത്രമല്ല, തത്കാലം നാടിൻറെ മതേതര സ്വഭാവം നിലനിർത്താനുള്ള ശേഷി അവർക്കുണ്ട് താനും.

പക്ഷെ അതിന്റെ ദീർഘദൂര ഫലം നാടിനു ഗുണകരമാകില്ല. ഇപ്പോൾ രണ്ടു പ്രധാന മുന്നണികളും രാഷ്ട്രീയം പറഞ്ഞു ജനങ്ങളെ സമീപിക്കുന്ന പതിവിനുപകരം ഒരു കൂട്ടർ മതം പറഞ്ഞു നടക്കുന്നത് കാണേണ്ടിവരും. സമൂഹം അതിവേഗം മാറുന്ന ഒരു സംവിധാനം ആയതുകൊണ്ടും അധികാരം ഒരു സങ്കീർണ്ണ പ്രക്രിയ ആയതുകൊണ്ടും മതം സാമൂഹ്യവിരുദ്ധരുടെ ഉപകരണമായ ചരിത്രമുള്ളതുകൊണ്ടും അതിന്റെ പരിണതികൾ എങ്ങിനെ വരുമെന്ന് നേരത്തെ പറഞ്ഞുകൂടാ. നാടിനെ ഈ നിലയ്ക്കെങ്കിലും നിലനിർത്തണമെങ്കിൽ വലിയ പരിശ്രമവും ഊർജവും ചെലവാക്കേണ്ടിവരും.
അതൊഴിവാക്കണമെന്നു നാളെയെക്കുറിച്ച് ചിന്തയുള്ള ഏതൊരു മനുഷ്യനും തോന്നും. അത് ഒട്ടേറെ മലയാളികൾക്ക് തോന്നുന്നുണ്ടാവണം; പിണറായിക്കും.
***
അപ്പോൾ ചോദ്യങ്ങൾ ലളിതമാണ്:യു ഡി എഫിൽ മതരാഷ്ട്രവാദികൾക്കു ഇടം കൊടുക്കണോ? അതോ കോൺഗ്രസും ലീഗും അതിന്റെ നിലപാടുകളിലേക്കു തിരിച്ചു പോണോ? സമാധാന ജീവിതം ആഗ്രഹിക്കുന്ന മലയാളികളുടെ ഓപ്‌ഷനുകളാണ് എൽ ഡി എഫും യു ഡി എഫും. അതിലൊന്നിൽ മതരാഷ്ട്രവാദികളെ കയറ്റണമോ? യു ഡി എഫിലെ ജനാധിപത്യ-മതേതരവാദികൾക്കു ഇപ്പോൾ ലളിതമായി ഉത്തരം പറയാവുന്ന ചോദ്യമാണ്. ഒഴിഞ്ഞു മാറാൻ പറ്റില്ല. ചോദിക്കുന്നവരെ തെറിവിളിച്ചിട്ടു കാര്യവുമില്ല.

സി പി എമ്മിന്റെയും എൽ ഡി എഫിന്റെയും നേതാവായ പിണറായി വിജയന് കോൺഗ്രസിന്റെയും യു ഡി എഫിന്റെ കാര്യത്തിൽ അഭിപ്രായം പറയാം,…

Posted by KJ Jacob on Saturday, 19 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News