
കനത്ത മഴയെ തുടര്‍ന്ന് പല കേന്ദ്രങ്ങളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ ദുരന്ത പ്രതിരോധ നടപടികള്‍ സജീവമാക്കി. കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി.
പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നിരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ്, അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് വൈകുന്നേരം ആറു വരെ 13 ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. 67 കുടുംബങ്ങളിലെ 229 പേരാണ് ക്യാമ്പുകളിലുള്ളത്. കുട്ടനാട് താലൂക്കില്‍ 50 ഗ്രുവല്‍ സെന്ററുകളില്‍ നിന്ന് 1131 കുടുംബങ്ങളിലെ 4564 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറും ജാഗ്രതാ സംവിധാനം സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പറഞ്ഞു.
നീരൊഴുക്ക് സുഗമമാക്കി
കിഴക്കന്‍ മേഖലകളില്‍നിന്നും കുട്ടനട്ടിലേക്ക് എത്തുന്ന വെള്ളം തോട്ടപ്പള്ളി സ്പില്‍വേ വഴി കടലിലേക്ക് സുഗമമായി ഒഴുകുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിന് നടപടി സ്വീകരിച്ചു. അന്ധകാരനഴിയിലെ ഷട്ടറുകള്‍ ക്രമീകരിക്കുന്നതിന് ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ പൊഴികളിലൂടെയും കടലിലേക്ക് വെള്ളം ഒഴുകുന്നുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ (2021നവംബര്‍ 15) അവധി പ്രഖ്യാപിച്ചു.
മഴ ലഭ്യത
ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലെ ഇന്നലത്തെ മഴലഭ്യത(മില്ലീ മീറ്ററില്‍)
ചേര്‍ത്തല-91, മാവേലിക്കര, 89.8, കാര്‍ത്തികപ്പള്ളി-42.6, മങ്കൊമ്പ്-39, കായംകുളം-73.6
വീടുകള്‍ക്ക് നാശനഷ്ടം
പുളിങ്കുന്നില്‍ ഒരുവീട് കനത്ത മഴയില്‍ പൂര്‍ണമായി നശിച്ചു. മാവേലിക്കര താമരക്കുളത്ത് ഒരു വീടിന് ഭാഗിക നാശനഷ്ടമുണ്ടായി. നൂറനാട് വില്ലേജില്‍ ഒരു കിണര്‍ ഇടിഞ്ഞു താഴ്ന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here