മത്സ്യബന്ധന ബോട്ടിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളി 30 മണിക്കൂറിന് ശേഷം ജീവിത തീരമണഞ്ഞു. തമിഴ്നാട് രാമനാഥപുരം സ്വദേശി ജോസഫിനെ കാസർകോട്ടെ മത്സ്യ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.
ബോട്ടിൽ നിന്ന് കാണാതായ ജോസഫ് കിലോമീറ്ററുകളോളമാണ് കര തേടി നീന്തിയത്. കടലിലെ മരണക്കയത്തിൽ നിന്ന് ജീവിതത്തിലേക്ക് നീന്തിക്കയറിയതിന്റെ ആശ്വാസത്തിലാണ് ജോസഫ്. ജനുവരി 6 ന് മംഗളൂരു തീരത്ത് മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നതിനിടെയാണ് രാമനാഥപുരം സ്വദേശിയായ ജോസഫിനെ കടലിൽ കാണാതായത്.
പുലർച്ചെ വലവിരിക്കുന്നതിനിടെയാണ് ജോസഫിനെ കാണാതായ വിവരം കൂടെയുള്ള തൊഴിലാളികൾ അറിയുന്നത്. ഈ സമയം ബോട്ട് 36 നോട്ടിക്കൽ മൈൽ അകലെയായിരുന്നു. തിരച്ചിൽ നടത്തി കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പാണ്ടേശ്വരം പോലീസിൽ പരാതി നൽകി.
ബോട്ടിൽ നിന്ന് കടലിലേക്ക് വീണ ജോസഫ് കിലോമീറ്ററുകളോളം കര തേടി കടലിൽ നീന്തി. നീന്തി തളർന്ന് മരണം മുന്നിൽക്കണ്ട് നിൽക്കവേ കാസർകോഡ് കീഴൂരിലെ മത്സ്യ തൊഴിലാളികളാണ് രക്ഷകരായത്.
വല വീശുന്നതിനിടെ കടലിൽ ഒഴുകി നടക്കുന്ന നിലയിൽ ജോസഫിനെ കണ്ടെത്തിയ മത്സ്യ തൊഴിലാളികൾ രക്ഷപ്പെടുത്തി തീരദേശ പോലീസിന്റെ സഹായത്തോടെ കാസർകോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബോധം തെളിഞ്ഞതോടെ വീട്ടുകാരുടെ ഫോൺ നമ്പർ നൽകിയതോടെയാണ് ആളെ തിരിച്ചറിഞ്ഞത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാൽ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് തീരദേശ പോലീസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.