എ എ റഹീം, പി സന്തോഷ്‌കുമാര്‍, ജെബി മേത്തര്‍ എന്നിവര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

കേരളത്തിൽനിന്ന്‌ രാജ്യസഭയിലേക്ക്‌ ഒഴിവുവന്ന സീറ്റുകളിലേക്ക്‌ എ എ റഹിം (സിപിഐ എം), ജെബി മേത്തർ ഹിഷാം (കോൺഗ്രസ്‌), സന്തോഷ്‌ കുമാർ (സിപിഐ) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.  3 ഒഴിവിലേക്ക് 3 സ്ഥാനാർഥികൾ മാത്രമായതിനാൽ വോട്ടെടുപ്പ് ഉണ്ടായില്ല.

എ എ റഹിം കേരള സർവ്വകലാശാല യൂണിയൻ ചെയർമാൻ, കേരള സർവ്വകലാശാല സിൻഡിക്കേറ്റംഗം തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. വിമുക്ത ഭടനായ എം അബ്‌ദുൾ സമദും എ നബീസാ ബീവിയുമാണ് മാതാപിതാക്കൾ. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. നിലവിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. കുടുംബം: അമൃത സതീശൻ (ജീവിത പങ്കാളി), ഗുൽമോഹർ, ഗുൽനാർ – മക്കൾ.

എറണാകുളം സ്വദേശിനിയായ ജെബി മേത്തർ ആലുവ നഗരസഭ വൈസ്‌ ചെയർപേഴ്‌സണാണ്‌. നിലവിൽ എഐസിസി അംഗവും കെപിസിസി സെക്രട്ടറിയുമാണ്‌. യൂത്ത്‌ കോൺഗ്രസ്‌ മുൻ ദേശീയ സെക്രട്ടറിയാണ്‌.

സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ്‌ സന്തോഷ് കുമാർ. കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ്‌ അംഗം, എഐവൈഎഫ്‌ ദേശീയ പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി  ചുമതല വഹിച്ചിട്ടുണ്ട്‌. 2011ൽ ഇരിക്കൂർ അസംബ്ലി മണ്ഡലത്തിൽ മത്സരിച്ചു. 1971ൽ ഇരിക്കൂർ പടിയൂരിൽ കെ പി പ്രഭാകരന്റെയും പി വി രാധയുടെയും മകനായി ജനിച്ചു. സേലം രക്തസാക്ഷി പി അനന്തൻ മാസ്റ്ററുടെയും സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ കെ അടിയോടിയുടെയും പൗത്രനാണ്. ഭാര്യ: ഡോ. ലളിത (കൊയ്യം ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ). മക്കൾ: ഹൃദ്യ (മിറാന്റാ കോളജ്, ഡൽഹി), ഹൃതിക് (പ്ലസ്‌വൺ വിദ്യാർഥി).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here