സൈന്യത്തിന്റെ കൈവശമുള്ള ഭൂമിയും സ്വകാര്യ മേഖലയ്ക്ക് കൈമാറി; ഡോ. വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രിയുടെ മറുപടി

സൈന്യത്തിന്റെ കൈവശമുള്ള ഭൂമിയും വിവിധ ആവശ്യങ്ങള്‍ക്കായി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും കൈമാറിയിട്ടുണ്ടെന്നു പ്രതിരോധ മന്ത്രാലയം. 271 ഏക്കര്‍ ഭൂമി ഇത്തരത്തില്‍ കൈമാറിയിട്ടുണ്ടെന്നു രാജ്യസഭയില്‍ ഡോ വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി പ്രതിരോധ വകുപ്പ് സഹമന്ത്രി അജയ് ഭട്ട് വ്യക്തമാക്കി.

2016 ഫെബ്രുവരി രണ്ടാം തീയതിയില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കത്ത് പ്രകാരം , സൈന്യത്തിന്റെ കൈവശം ഉള്ള ഭൂമി പാട്ട വ്യവസ്ഥയിലോ മാര്‍ക്കറ്റ് വിലയിലോ കൈമാറാം എന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (BEL), ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് (BDL), ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL), മിശ്ര ധാതു നിഗം ലിമിറ്റഡ് (മിധാനി), ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (GRSE), മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ് (MDL) എന്നീ പ്രതിരോധമേഖലാ പൊതുസ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുമെന്നു കഴിഞ്ഞ വര്‍ഷം യൂണിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ യൂണിയന്‍ സര്‍ക്കാര്‍ കയ്യൊഴിയാന്‍ നീക്കം നടത്തുന്ന പ്രതിരോധ മേഖല പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശം 69,058 ഏക്കര്‍ ഭൂമിയുണ്ടെന്നും മറുപടിയിലുണ്ട്.

ഇന്ത്യയിലാകെ സേനകളുടെ കൈവശം പതിനഞ്ച് ലക്ഷം ഏക്കര്‍ ഭൂമി ഉണ്ട്. കേരളത്തില്‍ മാത്രം സേനാ വിഭാഗങ്ങളുടെ കൈവശം 5141 ഏക്കറും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെ കയ്യില്‍ 374 ഏക്കറും ഭൂമിയുണ്ടെന്നും മറുപടിയില്‍ വ്യക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News