John Brittas:നേമം പദ്ധതി; ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യം ദേശീയ മാധ്യമങ്ങളിലും വാർത്തയായി

നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമുള്ള താല്പര്യത്തെ ചോദ്യം ചെയ്തുകൊണ്ട്കഴിഞ്ഞ ദിവസം ഡോ. ജോണ്‍ ബ്രിട്ടാസ് എം. പി ( Dr. John Brittas MP ) പാർലമെന്റിൽ ഉന്നയിച്ച കാര്യങ്ങൾ ദേശീയ മാധ്യമങ്ങളിൽ വാർത്തയായി.

നേമം ടെര്‍മിനല്‍ പദ്ധതിക്കുമേലുള്ള കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടേയും കള്ളക്കളി കഴിഞ്ഞദിവസമാണ് ഡോ. ജോണ്‍ ബ്രിട്ടാസ് എം. പി ( Dr. John Brittas MP ) പുറത്തുകൊണ്ടുവന്നത്. നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കുന്നതിനെതിരെ രാജ്യസഭയിലെ ചോദ്യോത്തരവേളയിലും വിഷയം ഉയര്‍ത്തിക്കാട്ടുകയായിരുന്നു ജോണ്‍ ബ്രിട്ടാസ് എം പി. എന്നാല്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് നിശബ്ദനായി കേട്ടിരിക്കുകയായിരുന്നു.

ശൂന്യവേളയില്‍ കൂടാതെ ചോദ്യോത്തരവേളയിലും ഇതേ വിഷയം ഉയർത്തിയിട്ടും മറുപടി പറയാതെ റെയിൽവെ മന്ത്രി മൗനം തുടർന്നു.പദ്ധതി ഉപേക്ഷിച്ചതായി അറിയിച്ച അശ്വനി വൈഷ്ണവിനെയും ഇരുത്തിക്കൊണ്ടാണ് അവരുടെ കള്ളക്കളിയെക്കുറിച്ചുള്ള ചോദ്യം ജോണ്‍ ബ്രിട്ടാസ് എം പി ഉന്നയിച്ചത്.

നേമം പദ്ധതിയ്ക്ക് തറക്കല്ലിട്ട കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെയും ഇപ്പോഴത്തെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും ആത്മാര്‍ത്ഥതയ്ക്കും യശസ്സിനും നേര്‍ക്കുയര്‍ന്നിരിക്കുന്ന ചോദ്യചിഹ്നത്തിന് പരിഹാരം കാണണമെങ്കില്‍, നേമം പദ്ധതി ഉപേക്ഷിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ എന്റെ മാന്യ മിത്രം തനിക്കെതിരെ ഗൂഗ്ലി പ്രയോഗിച്ചിരിക്കയാണെന്നായിരുന്നു പിയുഷ് ഗോയൽ എഴുന്നേറ്റു നിന്ന് പറഞ്ഞത്. താന്‍ രാജ്യസഭാംഗമായ ശേഷം തുടര്‍ച്ചയായി ഈ വിഷയം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നുവെന്നും ബജറ്റില്‍ പ്രഖ്യാപിക്കുകയും തറക്കല്ലിടല്‍ കര്‍മ്മം നടക്കുകയും ചെയ്ത പദ്ധതി വൈകുന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ രാജ്യസഭാതലത്തില്‍ ഉയര്‍ത്തിയിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

2019-ലെ ലോക് സഭാ തെരഞ്ഞെടുപ്പിനു തൊട്ടു തലേന്ന് വോട്ടു കിട്ടാന്‍ തിരക്കു പിടിച്ച് ഒരു തറക്കല്ലിടല്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. അന്നു റെയില്‍വേ മന്ത്രിയായിരുന്ന പീയൂഷ് ഗോയല്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഒരു പതിറ്റാണ്ടുമുമ്പ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ തറക്കല്ലിടല്‍ നിര്‍വ്വഹിച്ചത്.

(Nemom Terminal)നേമം ടെര്‍മിനല്‍ പദ്ധതി വൈകിപ്പിച്ച് കേരള ജനതയെ കബളിപ്പിക്കരുതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP) ക‍ഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. കേരളത്തിനും തിരുവനന്തപുരത്തിനും അത്യന്താപേക്ഷിതമായ നേമം ടെര്‍മിനല്‍ പദ്ധതി നടപ്പാക്കാനാവശ്യമായ ഭൂമി റെയില്‍വേയുടെ പക്കലുണ്ട്.

117 കോടി രൂപ മാത്രം വേണ്ടിവരുന്ന ഈ പദ്ധതി എന്തുകൊണ്ട് ഉപേക്ഷിച്ചു എന്നു പറയാനുള്ള ഉത്തരവാദിത്വം കേന്ദ്രമന്ത്രിക്കുണ്ട്.
പദ്ധതി ഉപേക്ഷിച്ച കാര്യം ഓഫീസ് മെമ്മോറാണ്ടത്തിലൂടെ അറിയിച്ച കേന്ദ്ര റെയില്‍വേ മന്ത്രാലയം രേഖാമൂലമായിത്തന്നെ ഈ തീരുമാനം പുനഃപരിശോധിച്ചതായി അറിയിക്കുകയും ടെര്‍മിനലിന്റെ പണി ഉടന്‍ ആരംഭിക്കുകയും ചെയ്താല്‍മാത്രമേ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ കഴിയൂ. രാഷ്ട്രീയനാടകങ്ങള്‍ അവസാനിപ്പിച്ച് വ്യക്തവും സുതാര്യവുമായ നടപടികള്‍ക്കു മുതിരാന്‍ കേന്ദ്ര ഭരണ കക്ഷിയും റെയില്‍വേ മന്ത്രാലയവും സന്നദ്ധമാകണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടിരുന്നു.

നേമം ടെര്‍മിനല്‍ വിഷയത്തില്‍ ബിജെപിയും കേന്ദ്ര റെയില്‍വേ മന്ത്രാലയവും ആരംഭിച്ച അപഹാസ്യമായ രാഷ്ട്രീയനാടകത്തിന് തെല്ലും അറുതിയുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേമം ടെര്‍മിനല്‍ ഉപേക്ഷിക്കുകയാണെന്ന കാര്യം രേഖാമൂലം രാജ്യസഭാ സെക്രട്ടേറിയറ്റ് മുഖാന്തിരം തന്നെ റെയില്‍വേ മന്ത്രാലയം അറിയിച്ചതാണ്. ഇക്കാര്യത്തിലുള്ള പുനര്‍ചിന്തനത്തിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ രേഖാമൂലമാണ് കേന്ദ്രമന്ത്രാലയം പ്രതികരിക്കേണ്ടത്. പദ്ധതി ഉപേക്ഷിച്ച നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് താന്‍ നല്കിയ കത്തിന് ഇതുവരെ മന്ത്രി മറുപടി നല്‍കിയിട്ടില്ല.

കേരളത്തിലും പ്രത്യേകിച്ച് തിരുവനന്തപുരത്തും രാഷ്ട്രീയനേട്ടം കൊയ്യുന്നതിനാണ് നേമം ടെര്‍മിനല്‍ വിഷയം ബിജെപി എക്കാലത്തും ഏറ്റെടുത്തിട്ടുള്ളത്. ബജറ്റില്‍ പ്രഖ്യാപിക്കുകയും തറക്കല്ലിടല്‍കര്‍മ്മം നടക്കുകയും ചെയ്ത പദ്ധതി വൈകുന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ രാജ്യസഭാതലത്തില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ഉയര്‍ത്തിയിരുന്നു.

‘പദ്ധതിരേഖ പരിഗണനയില്‍’ എന്ന പതിവു പല്ലവിക്കപ്പുറം പോകാന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് സവിശേഷ അധികാരം ഉപയോഗിച്ച് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനെ സമീപിച്ചത്.

പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ തന്റെ ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാനുള്ള ഉത്തരവാദിത്വം മന്ത്രിക്കുണ്ടെന്ന തന്റെ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടതിനെത്തുടര്‍ന്നാണ് സഭാധ്യക്ഷന്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ റെയില്‍വേ മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചത്.

നില്‍ക്കക്കള്ളിയില്ലാത്തതിനെ തുടര്‍ന്നാണ് ഒളിച്ചുകളി അവസാനിപ്പിച്ച്, പദ്ധതി ഉപേക്ഷിക്കുകയാണെന്ന 30-05-2022ലെ ഓഫീസ് മെമ്മോറാണ്ടം രാജ്യസഭാ സെക്രട്ടേറിയറ്റ് മുഖേന തനിക്ക് അയച്ചുതന്നത്.

നേരത്തേ തന്നെ കൈക്കൊണ്ടിരുന്ന തീരുമാനം അവകാശനടപടി ഭയന്ന് മെമ്മോറാണ്ടത്തിന്റെ ഭാഗമാക്കി അയച്ചതാണെന്ന് ഇതു സംബന്ധിച്ച ചോദ്യങ്ങളുടെയും കത്തുകളുടെയും തീയതി പരിശോധിച്ചാല്‍ ബോധ്യമാകും. കൊച്ചുവേളി ഉള്ള സ്ഥിതിക്ക് നേമം ടെര്‍മിനല്‍ ആവശ്യമില്ലെന്ന മുടന്തന്‍ ന്യായമാണ് തന്നെ രേഖാമൂലം അറിയിച്ചിട്ടുള്ളതെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

ഡോ. ജോണ്‍ ബ്രിട്ടാസ് എം പിയുടെ ഫേസ്ബുക്ക് കുറിപ്പ്

നേമം നാടകത്തിലെ മൂന്ന് കഥാപാത്രങ്ങളോട് മുഖത്ത് നോക്കിയാണ് പദ്ധതി ഉപേക്ഷിച്ച നടപടി പിൻവലിക്കുമോ എന്ന് രാജ്യസഭയിൽ ചോദിച്ചത്. പദ്ധതി ഉപേക്ഷിച്ചതിന് അധ്യക്ഷം വഹിച്ച കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് സീറ്റിൽ അമർന്നിരുന്നു, പദ്ധതി ലൈവ് ആണേ എന്ന് സഭക്ക് വെളിയിൽ ബിജെപിക്കാർക് ക്ലാസ് എടുത്തു കൊടുക്കുന്ന മുരളീധരൻ വെറുതെ ചിരിച്ചിരുന്നു, പദ്ധതിക്ക് മൂന്ന് വർഷം മുൻപ് തറക്കല്ലിട്ട അന്നത്തെ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ചളിപ്പ്‌ മറയ്ക്കാനായിട്ടെന്നോണം ഒരു തമാശ പ്രതികരണവുമായി രംഗത്ത് വന്നു – എന്തായാലും ദേശീയ മാധ്യമങ്ങൾക്കും നേമം അങ്ങനെ ഒരു വാർത്ത ആയി!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News