Heavy Rain; സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് മഴ പെയ്യുക. ഇടുക്കി മുതല്‍ കാസര്‍കോട് വരെയുള്ള എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അല‍ർട്ടുള്ളത്. കേരളത്തിൽ ആഗസ്റ്റ് 9 മുതൽ 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറിയേക്കും. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നുണ്ട്. കേരള – ലക്ഷദ്വീപ് തീരത്ത് വ്യാഴാഴ്ച വരെ മത്സ്യബന്ധനം നിരോധിച്ചു. 45 മുതൽ 65 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

ഇടുക്കി മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ കൂടുതൽ വെള്ളം തുറന്ന് വിടും. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതും നീരൊഴുക്ക് വർദ്ധിച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139. 45 അടിയിലെത്തി.10 ഷട്ടറുകൾ 90 സെ.മീ അധികമായി ഉയർത്തി 7246 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നത്.ജലനിരപ്പിൽ കാര്യമായ കുറവുണ്ടാകാത്തതിനാൽ സ്പിൽവേ ഷട്ടർ വഴി തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടും.പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ മഞ്ചുമല, ആറ്റോരം,കടശ്ശികടവ്,കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. ജലനിരപ്പ് ക്രമീകരിച്ച് നിർത്തണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ നിന്നൊഴുക്കുന്ന ജലം കൂടി എത്തിയതോടെ ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നു.2386.46 അടി വെള്ളമാണ് ഇടുക്കി ഡാമിലുള്ളത്. അനുവദനീയ സംഭരണ ശേഷിയും കടന്നതോടെ ഇടമലയാർ ഡാം ഇന്ന് തുറക്കും. പെരിയാർ തീരത്ത് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here