ക്വിറ്റ്‌ ഇന്ത്യയും കമ്മ്യുണിസ്റ്റുകളും; അന്‍വര്‍ഷാ പാലോട് എ‍ഴുതുന്നു

ഇന്ന് ആഗസ്റ്റ് 9 , സ്വതന്ത്ര സമര ചരിത്രത്തിലെ ക്വിറ്റ്‌ ഇന്ത്യാ ദിനത്തിന്റെ വാർഷികമാണ് , പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആഹ്വാനം സ്വതന്ത്ര സമര സേനാനികളുടെ ചെവിയിൽ മഹാത്മാ ഗാന്ധി മന്ത്രമായി ഓതി കൊടുത്തത്തിന്റെ വാർഷികമാണ് എന്ന് നാം ഓർക്കേണ്ടതുണ്ട്.

ഇവിടെ പ്രസക്തമായൊരു ചോദ്യം ബ്രിട്ടീഷുകാർക്കെതിരെ പെഷവാർ ഗൂഢാലോചനയും , കാൺപൂർ , മീററ് തുടങ്ങിയ ഗൂഢാലോചനകളും , തൊഴിലാളി സമരങ്ങളും വിപ്ലവ മുന്നേറ്റങ്ങളും നടത്തിയ കമ്മ്യൂണിസ്റ്റുകൾ എന്ത് കൊണ്ട് ക്വിറ്റ്‌ ഇന്ത്യ സമരം പോലെയുള്ള ഒരു ദേശീയ സമരത്തിൽ പങ്കെടുത്തില്ല എന്നതാണ്.

അതിനു കൃത്യമായ കാരണമുണ്ട് , രണ്ടാം ലോക മഹായുദ്ധവും ഹിറ്റ്ലർ – മുസോളിനി സംഖ്യം ആയിരിന്നു പ്രധാനപ്പെട്ട കാരണക്കാർ ബ്രിട്ടീഷുകാരേക്കാൾ വലിയ ഫാസിസ്റ്റുകൾ ആയിരുന്നു അവർ എന്ന് ഏതൊരു കുഞ്ഞിനും അറിയാം , 1939 ൽ രണ്ടാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റുകാരാണ് ആദ്യമായി യുദ്ധവിരുദ്ധ പ്രതിഷേധ സമരം ആരംഭിച്ചത്, 1940-ൽ ബോംബെയിൽ 90,000-ത്തിലധികം തൊഴിലാളികൾ പങ്കെടുത്തതിന് സാക്ഷ്യം വഹിച്ചു.

മറ്റൊരു പ്രസക്തമായൊരു കാര്യം രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോൾ ബ്രിട്ടീഷ് വൈസ്രോയി ഇന്ത്യയും യുദ്ധത്തില്‍ പങ്കെടുക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയെ യുദ്ധത്തില്‍ പങ്കാളിയാക്കുന്നതിന് മുന്‍പ് രാജ്യത്തെ ജനങ്ങളോട് സംസാരിക്കണമെന്ന് ആര്‍ക്കും തോന്നിയിരുന്നില്ലാ. രാജ്യത്ത് വലിയ നിലയില്‍ അമര്‍ഷം രൂപപ്പെട്ടു. ബ്രിട്ടിഷ് അധികാരത്തിനെതിരെ ഏറ്റുമുട്ടാന്‍ ജനങ്ങള്‍ തയ്യാറായ ഘട്ടത്തിലും നേതാക്കള്‍ അതിന് വലിയ താല്‍പര്യം കാണിച്ചില്ലാ.

എന്നാല്‍ 1939 നവംബറില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യുറോയുടെ പ്രമേയം ഇപ്രകാരമായിരുന്നു.”ഈ സമയത്ത് ജനങ്ങളെ സംഘടിപ്പിച്ച് ഇന്ത്യയുടെ പൂര്‍ണ സ്വാതന്ത്ര്യത്തിന് വേണ്ടി ഈ യുദ്ധാവസരം വിനിയോഗിക്കണം.”

1940 ജനുവരി 26 ന് പാര്‍ട്ടിയുടെ വിജ്ഞാപനത്തില്‍ ഇന്ത്യയുടെ പൂര്‍ണ സ്വാതന്ത്ര്യത്തിന് വേണ്ടി സാമ്രാജ്യത്വ ഭരണം അവസാനിപ്പിച്ച് ജനാധിപത്യം സ്ഥാപിക്കാനും ,കൃഷിക്കാരെ നാടുവാഴിത്ത അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാനും വേണ്ടി സമരം നടത്താന്‍ ആഹ്വാനം നല്‍കി.

പിന്നീട് മഹാത്മാ ഗാന്ധിയും സിപിഐ യുടെ ജനറൽ സെക്രട്ടറിയും തമ്മിൽ നടത്തിയ കത്തിടപാടുകൾ Correspondence Between Mahatma Gandhi and P. C. Joshi എന്ന പേരിൽ പബ്ലിഷ് ചെയ്തിട്ടുണ്ട് അതിൽ ഗാന്ധിജി പിസി ജോഷിയോട് ക്വിറ്റ് ഇന്ത്യാ സമരത്തെ പറ്റിയും മറ്റ് കാര്യങ്ങളെ പറ്റി ചോദിക്കുന്നതിന് ജോഷി അക്കമിട്ട് മറുപടി നല്‍കിയിരുന്നു , അതിലൊന്ന് ഗാന്ധിക്ക് പീപ്പിള്‍ വാര്‍ എന്ന രാഷ്ട്രീയത്തോട് വിയോജിപ്പുണ്ടായിരുന്നു ,പക്ഷെ ആ വിമര്‍ശനത്തിനപ്പുറം ഗാന്ധി എഴുതിയത് ഇതാണ്.’..I understand Your answer and appreciate them too…! എന്നാണ്.

ഇനി ആ ചോദ്യത്തിലേക്ക് വരാം 1942 ആഗസ്റ് മാസത്തിലെ ക്വിറ്റ് ഇന്ത്യയിൽ നിന്ന് കമ്മ്യുണിസ്റ് പാർട്ടി വിട്ട് നിൽക്കാനുള്ള തീരുമാനം എടുക്കുന്നത് ലോക സാഹചര്യം പരിഗണിച്ചാണ് , 1941 Jun 22 ന് ഹിറ്റ്ലർ സോവിയറ്റ് യൂണിയനിലേക്കു ഓപ്പറേഷൻ ബാർബറോസ എന്ന രഹസ്യ കോഡ് നാമത്തിൽ അധിനിവേശം നടത്തി 5 ലക്ഷം ജനത കൊല്ലപ്പെട്ട ഈ ഓപ്പറേഷനൊടുവിൽ സോവിയറ്റ് റെഡ് ആർമിയും സോവിയറ്റ് ഭരണാധികാരി സ്റ്റാലിനും ജനതയും ചേർന്ന് നാസി പടയുടെ മുകളിൽ വിജയം നേടിയത് ഏവർക്കും അറിയുന്നത് തന്നെ.

മറ്റൊരു സംഭവം 1941 ഡിസംബർ 7 നു അമേരിക്കയിലെ പേൾ ഹാർബറിൽ ഹിറ്റ്ലർ പക്ഷത്തുള്ള ജപ്പാൻ ആക്രമണം നടത്തിയിരുന്നു ,ലോകം മുഴുവൻ ആക്രമിച്ചു കീഴടുക്ക എന്ന നയതിന്റെ ഭാഗമായിരുന്നു അതോടു കൂടി ഹിറ്റ്ലർ -മുസോളിനി ,ജപ്പാൻ സഖ്യത്തിനെതിരെ ലോകത്ത് സോവിയറ്റ് യൂണിയനും , അമേരിക്ക , ബ്രിട്ടൻ , ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഒന്നിച്ചത് .

രണ്ടാം ലോകമഹായുദ്ധം ഇത്രയധികം ശക്തിപ്പെട്ട സമയത്ത് ഇന്ത്യയുടെ പിന്തുണ ബ്രിട്ടന് അത്യാവശ്യമായിരുന്നു. എന്നാല്‍ ഈ സമയത്ത് സ്വാതന്ത്ര്യസമരം കൂടുതല്‍ ശക്തമാക്കാനാണ് ദേശീയപ്രസ്ഥാനങ്ങള്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, ഹിന്ദു മഹാസഭ തുടങ്ങിയ പ്രസ്ഥാനങ്ങളെ അതില്‍നിന്ന് പിന്തിരിപ്പിക്കാനായി സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്‌സിന്റെ നേതൃത്വത്തില്‍ ഒരു സംഘം 1942 മാര്‍ച്ച് മാസത്തില്‍ ഇന്ത്യയിലെത്തി. പക്ഷെ ക്രിപ്സ് മിഷന് മുന്നോട്ടു വെച്ച ഫോർമുല അംഗീകരിക്കാൻ ഇന്ത്യയിലെ നേതാക്കൾ തയ്യാറായില്ല എന്നതാണ് വസ്തുത.

ഒരുപക്ഷെ സോവിയറ്റ് -ബ്രിട്ടീഷ് സഖ്യം ഹിറ്റ്ലറെ പരാജയപെടുത്തിയിരുന്നില്ല എങ്കിൽ ലോകത്തിന്റെയും ബ്രിട്ടന്റെ കോളനികളുടെയും വിധി മറ്റൊന്നാകുമായിരുന്നു എന്നതിൽ സംശയമില്ല.

രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന് ശേഷം ബ്രിട്ടനെതിരെ കമ്മ്യുണിസ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഒന്ന് മനസിലാക്കാൻ ശ്രെമിച്ചാൽ തന്നെ ക്വിറ്റ് ഇന്ത്യ സമരവും കമ്മ്യുണിസ്റ് പാർട്ടിയെ കുറിച്ച് പറയുന്ന നുണകൾ പൊളിഞ്ഞു വീഴും . 1945 നും 1946 നും ഇടയിൽ, ഇന്ത്യൻ നാഷണൽ ആർമിയിലെ ഉദ്യോഗസ്ഥരെ (ഷാ നവാസ് ഖാൻ, പ്രേം സഹ്ഗൽ, ഗുരുബക്ഷ് സിംഗ് ധില്ലൻ) തുടങ്ങിയവരെ ചെങ്കോട്ടയിൽ വിചാരണ ചെയ്യാൻ തുടങ്ങുമ്പോൾ അവർക്കു വേണ്ടി തെരുവിൽ സമരം ചെയ്യാനും കമ്മ്യൂണിസ്റ്റുകൾ മുന്നിൽ തന്നെയായിരുന്നു , ഭിന്നതകൾക്കിടയിലും ഹിന്ദു-മുസ്ലിം ബഹുജനങ്ങൾ ഒന്നിച്ച് രംഗത്തിറങ്ങുകയും ശക്തമായ പ്രകടനങ്ങൾ നടത്തുകയും ചെയ്തതിനാൽ അറസ്റ്റിലായ ഉദ്യോഗസ്ഥരെ വിട്ടയക്കേണ്ടിവന്നു.

1946 ഫെബ്രുവരിയിൽ, ബോംബെ, കറാച്ചി, മദ്രാസ് എന്നിവിടങ്ങളിലെ ഇന്ത്യൻ നാവികർ ബ്രിട്ടീഷുകാർക്കെതിരെ കലാപവുമായി മുന്നിട്ടിറങ്ങിയപ്പോൾ കോൺഗ്രസിന്റെയും ലീഗിന്റെയും പതാകയോടൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പതാകയും പിടിച്ച് ജയ് ഹിന്ദ്, ഇങ്ക്വിലാബ് സിന്ദാബാദ്, ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിക്കൂ, എന്ന മുദ്രാവാക്യങ്ങളുമായി മുന്നിൽ തന്നെയുണ്ടായിരുന്നു

തിരുവിതാംകൂർ സംസ്ഥാനത്തെ വയലാർ, പുന്നപ്ര എന്നീ സമരങ്ങൾക്കും ബംഗാളിലെ കർഷകരുടെ തേഭാഗ സമരത്തിനും കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയപ്പോൾ നാവിക കലാപത്തോടൊപ്പം 1946-ൽ രാജ്യത്തുടനീളം സമരോത്സുക കർഷക സമരങ്ങൾക്കും സാക്ഷ്യം വഹിച്ചു എന്നതാണ് ചരിത്രം.

ഈ ദിനത്തിൽ ഞാൻ ആഗ്രഹിക്കുന്നത് സംഘ്പരിവാറുകാരനൊഴിച്ച് എല്ലാ വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും സംഭാവനകളുടെ ആകെ തുകയാണ് ഇന്ത്യൻ സ്വതന്ത്ര സമരം എന്നാണ് അത് ആർക്കെങ്കിലും ഒരാൾക്ക് മാത്രം അവകാശപെട്ടതുമല്ല എന്നാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here