ADVERTISEMENT
മുല്ലപ്പെരിയാറിൽ നിന്നു പുറത്ത് വിടുന്ന വെള്ളത്തിൻ്റെ അളവ് വർധിപ്പിച്ചതോടെ പെരിയാറിൻ്റെ തീരദേശ വാസികൾ ആശങ്കയിലായിരുന്നു. ആർ.ഡി.ഒ നേരിട്ടെത്തിയാണ് ഇവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. അഞ്ച് ക്യാമ്പുകളിലായിട്ടാണ് നിലവിൽ അപകട ഭീഷണി നേരിടുന്നവരെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
വണ്ടിപ്പെരിയാർ ഭാഗത്തെ കറുപ്പ്പാലം, വള്ളക്കടവ്, കടശിക്കടവ്, മഞ്ചുമല, ചന്ദ്രവനം, കീരിക്കര എന്നിവടങ്ങളിലെ 21 വീടുകളിലാണ് വെള്ളം കയറാനുള്ള സാധ്യത പ്രവചിച്ചിരുന്നത്. മുല്ലപ്പെരിയാറിൽ നിന്നും തുറന്നു വിടുന്ന ജലം 10400 ഘനയടിയിലേക്കെത്തിയതോടെ കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ആർ.ഡി.ഒ നേരിട്ടെത്തി ക്യാമ്പുകളിലേക്ക് മാറണമെന്ന് ഇവരെ അറിയിച്ചു.
പഞ്ചായത്ത്, ആരോഗ്യ, റവന്യൂ തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ക്യാമ്പുകളിൽ മുഴുവൻ സമയവുമുണ്ടാകും. ഭക്ഷണം, താമസം, അവശ്യമരുന്നുകൾ തുടങ്ങിയ സൗകര്യങ്ങളും സജ്ജം. പക്ഷേ വെള്ളം കയറിത്തുടങ്ങിയ വീടും വീട്ടുപകരണങ്ങളും ഇട്ടെറിഞ്ഞ് പോകേണ്ടി വരുന്നതിൻ്റെ വേദന ആളുകളിലുണ്ട്.
പെരിയാർ തീരത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ല. ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.