അണയാത്ത വിപ്ലവ വീര്യം ചെഗുവേരയുടെ ഓർമ്മകൾക്ക് ഇന്ന് 55 വയസ്സ് | Che Guevara

ഇന്ന് ഒക്ടോബർ 9. അർജന്‍റീനയിൽ ജനിച്ച് ക്യൂബയിൽ വിപ്ലവം നയിച്ച് ബോളീവിയയിൽ രക്ത താരകമായി മാറിയ ഏണസ്റ്റോ ചെഗുവേരയുടെ ഓർമ്മകൾക്ക് ഇന്ന് 55 വയസ്സ്.

ലാ ഹിഗുവേരയിലെ പൊട്ടിപ്പൊളിഞ്ഞ സ്കൂളിൽ നിന്ന് അവസാനമായി ചെ ഇങ്ങനെ പറഞ്ഞു.നിങ്ങൾ കൊല്ലാൻ പോകുന്നത് ഒരു മനുഷ്യനെ മാത്രമാണ്
ബൊളീവിയൻ പട്ടാളക്കാരൻ മാരിയോ തെരനോയുടെ യന്ത്രത്തോക്ക് അഞ്ചുതവണ ശബ്ദിച്ചു. തന്റെ 39-ാം വയസ്സിൽ രക്തസാക്ഷിത്വം വരിക്കുമ്പോഴേക്കും ചെഗുവേരയുടെ ശബ്ദം ഭൂഖണ്ഡങ്ങൾ താണ്ടിയിരുന്നു.

തന്റെ 22-ാം വയസ്സിൽ ആൽബർട്ടോ ഗ്രനഡയോടൊപ്പം തുടങ്ങിയ യാത്രകൾ ചെഗുവേരയിലെ രാഷ്ട്രീയ ബോധ്യങ്ങളെ പരുവപ്പെടുത്തി. ലാറ്റിനമേരിക്കൻ യാത്രകളിൽ തൊഴിലാളികളുടെ, കർഷകരുടെ, ഗ്രാമങ്ങളിലെ ദുരിത ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍ ചെഗുവേരയിലെ കമ്മ്യൂണിസ്റ്റിനെ തട്ടി ഉണർത്തുകയായിരുന്നു.

1953ൽ ചെഗുവേര നടത്തിയ തുടർ യാത്രകൾ ലാറ്റിനമേരിക്കയുടെ രാഷ്ട്രീയ ഭൂപടത്തെ തന്നെ മാറ്റിമറിച്ചു. ഇക്വഡോറും പെറുവും കടന്ന യാത്ര ഗോട്ടിമാലയിൽ വിപ്ലവം രചിച്ചു.മെക്സിക്കോയിൽ വെച്ച് ഹിദലുമായി രൂപപ്പെട്ട സൗഹൃദം ക്യൂബയിലെ അമേരിക്കൻ പാവ ഗവണ്മെന്റിനെതിരായ ജൂലൈ 26 മൂവ്മെന്റിലെത്തിച്ചു.

ഫിദലിന്റെ തോൾ ചേർന്ന് ക്യൂബയിലെ ബാറ്റിസ്റ്റാ ഭരണകൂടത്തെ പുറത്താക്കിയ ശേഷവും ചെഗുവേരയിലെ വിപ്ലവകാരി ഉറങ്ങിയില്ല.ക്യൂബൻ സർക്കാരിൽ വ്യവസായ മന്ത്രിയായും മറ്റു പ്രധാന ചുമതലകളിലും പ്രത്യക്ഷനായ ചെ തൊഴിലാളികളുടെ, വിശക്കുന്നവന്റെ, വേദനിക്കുന്നവന്റെ ദുരിതങ്ങൾ അകറ്റാൻ ക്യൂബവിട്ടിറങ്ങി.

കോംഗോയിലെ വിപ്ലവഭൂമിയിൽ നിന്ന് ബൊളീവിയയില്‍ എത്തുമ്പോൾ അമേരിക്കൻ കൂലി പട്ടാളത്തെ നേരിടാനുള്ള ആയുധബലമോ ആൽബലമോ ചെഗുവേരക്ക് ഉണ്ടായിരുന്നില്ല. അവസാന പോരാട്ടത്തിൽ മുറിവേറ്റു വീണ് ലാ ഹിഗ്വേരയിലെ പൊളിഞ്ഞ സ്കൂളിൽ തോക്കുകൾക്ക് മുൻപിൽ കിടക്കുമ്പോഴും, ചെഗുവേരയ്ക്ക് അവിടുത്തെ അധ്യാപികയോട് ചോദിക്കാൻ ഉണ്ടായിരുന്നത് സ്കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ആയിരുന്നു. അവിടെയുള്ള വിദ്യാർത്ഥികളെ കുറിച്ച് ആയിരുന്നു.

ലോകം കണ്ട ഏറ്റവും മികച്ച ഗറില്ല പോരാളി, സഞ്ചാരി, ഡോക്ടർ, അധ്യാപകൻ വിശേഷണങ്ങൾ ഏറെ തുന്നിച്ചേർക്കാമെങ്കിലും മാനവ മോചന പ്രത്യയശാസ്ത്രം നെഞ്ചിലേറ്റി രക്തസാക്ഷിത്വം വഹിച്ച് അര നൂറ്റാണ്ടിനിപ്പുറവും ലോകത്ത് എവിടെയെല്ലാം നിസ്സഹായരായ മനുഷ്യന്റെ വിളിയുയരുന്നുവോ അവിടെയെല്ലാം ചെ എന്ന ചെഗുവേര ഏണസ്റ്റോ ഗുവെര ഡേ ലാ സെർണയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News