എന്റെ കാലുകളുടെ ഈ വളവ് എനിക്ക് ഒരു അഡ്വാന്റേജ് ആണ് ഇപ്പോഴും; ഫാസില്‍ കെ വി

2022ലെ കൈരളി ടി വി ഫീനിക്സ് അവാര്‍ഡിലെ പ്രത്യേക പുരസ്‌കാരം കരസ്ഥമാക്കിയ ഫാസില്‍ കെ വി മനസ് തുറക്കുകയാണ് കൈരളി ന്യൂസിന്റെ പ്രഭാത പരിപാടിയായ ഗുഡ് നോര്‍ണിംഗ് കേരളയില്‍. എന്റെ കാലുകളുടെ ഈ വളവ് എനിക്ക് ഒരു അഡ്വാന്റ്റേജ് ആണ് ഇപ്പോഴുമെന്നാണ് ഫാസില്‍ പറയുന്നത്.

ഇങ്ങനെ ഒരു അവാര്‍ഡ് കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഇത്തരത്തില്‍ ഒരു അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ലെന്നും ഫാസില്‍ പറയുന്നു. എനിക്ക് ഇങ്ങനെ ഒരു അവാര്‍ഡ് കിട്ടയിതില്‍ എന്നേക്കാള്‍ സന്തോഷിക്കുന്നത് എന്റെ ഉപ്പയും ഉമ്മയുമാണ്. എന്നെ ഇവിടംവരെ എത്തിച്ചത് തന്നെ അവരാണ്. അവരില്ലായിരുന്നെങ്കില്‍ ഇത്രയും മുകളില്‍ എത്തുമായിരുന്നില്ലെന്നും ഫാസില്‍ പറഞ്ഞു.

ഇരുപതു കൊല്ലം മുമ്പ്, താന്‍ ജനിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് ഞാന്‍ നടക്കില്ല എന്നായിരുന്നു. എന്നാല്‍ ഉപ്പ മുഹമ്മദും ഉമ്മ റംലയും മകനെ പറ്റുന്നതുപോലെ നടത്തണമെന്നു തീരുമാനിച്ചു. ചുമട്ടുതൊഴിലാളിയായ മുഹമ്മദ് നുള്ളിപ്പെറുക്കി തന്റെ ചികിത്സ നടത്തി. മൂന്ന് ഓപ്പറേഷനുകള്‍കൊണ്ട് വളവുള്ള ഇടംകാല്‍ ഒട്ടൊക്കെ ശരിയായി. ഇല്ലാത്ത വലംകാലിനു പകരം ഫൈബര്‍ കാല്‍ വച്ചു. ഒന്നര വയസ്സുള്ള താന്‍ അഹ്ങനെയാണ് പിച്ചവച്ച് നടന്നത്.

പിന്നെ, തീരുമാനങ്ങള്‍ തന്റേതായിരുന്നു. ഫുട്ബോളായിരുന്നു എന്നെ നയിച്ചത്. പന്തു കളിക്കാനൊക്കെപ്പോയാല്‍ ഫൈബര്‍ കാല്‍ ആഴ്ച തോറും മാറണം. ബൂട്ട് ആറു മാസം കഴിയുമ്പോഴും. എന്നാല്‍ ഞാന്‍ തന്നെ അവ സ്വയം നന്നാക്കുമായിരുന്നു. അങ്ങനെ കളിക്കും. ആ കളി തന്നെ എത്തിച്ചത് എടപ്പാള്‍ വീ ഗോ ക്ലബ്ബിലാണ്… ഫാസില്‍ പറയുന്നു.

വയ്പ്പുകാലുമായി കളിക്കുന്ന ഒരു കുട്ടി മലപ്പുറത്തിന്റെ ഹരങ്ങളായ ഫൈവ്സിലും സെവന്‍സിലും അരങ്ങേറി. പൂക്കരത്തറ ദാറുല്‍ ഹിദായ ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ടീമംഗം. പൊന്നാനി എംഇഎസ് കോളേജില്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍ ഫാസിലിന്റെ കോളേജ് ടീം പ്രവേശനത്തിനു കൊറോണ വിലങ്ങുതടിയായി.

ആറു മാസം മുമ്പ്, നടുവട്ടം ഗ്രീന്‍ ഫീല്‍ഡ് ട്രഫില്‍ ഒരു ടൂര്‍ണമെന്റ്. ആ കളി യാദൃച്ഛികമായി കാണാനെത്തിയ എഫ് സി കേരള എടപ്പാള്‍ മാനേജര്‍ സ്റ്റീഫന്‍ ചാലിശ്ശേരിക്ക് ഒരു കളിക്കാരനെ വല്ലാതെ ഇഷ്ടമായി. ആ കളിക്കാരനെ എഫ് സിയിലേയ്ക്കു ക്ഷണിക്കാന്‍ വിളിച്ചപ്പോഴാണ് അയാള്‍ നേരിടുന്ന ശാരീരികവെല്ലുവിളി സ്റ്റീഫന്‍ മനസ്സിലാക്കിയത്. അദ്ദേഹം പക്ഷേ, ഓഫറില്‍ ഉറച്ചുനിന്നു. ഫാസില്‍ ഇപ്പോള്‍ എഫ് സി കേരളയുടെ അക്കാദമിക് ടീമംഗം. ഇത്തവണത്തെ കൈരളി ടി വി ഫീനിക്സ് അവാര്‍ഡിലെ പത്മശ്രീ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് ഫാസിലിനെയാണ്. ഇത് വിധിക്കുള്ള പെനാല്‍റ്റിയാണ്. ഫുട്ബോള്‍കൊണ്ട് ദുര്‍വിധിയെ അട്ടിമറിച്ച ഫാസിലിന്റെ വിജയമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News