ADVERTISEMENT
മമ്മൂട്ടി തന്നെ ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷപ്പെടുത്തിയതായി ശ്രീദേവി. ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു ശ്രീദേവിയുടെ ഈ തുറന്നുപറച്ചില്‍.
ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷപ്പെട്ട് ജനസേവ കേന്ദ്രത്തിലെത്തിയ ശ്രീദേവി എന്ന പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെയാണ് മമ്മൂട്ടി രക്ഷകനായ കഥ ശ്രീദേവി പറയുന്നത്. ‘പട്ടാളം സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് മമ്മൂട്ടിയെ കാണുന്നത്. ലൊക്കേഷന് അകത്ത് കയറി ഭിക്ഷയെടുക്കാനായി പോയി. വിശന്നിട്ട് പോയതാണ്. വിശന്നിട്ട് മമ്മൂക്കയുടെ അടുത്ത് പോയി സാറെ വിശക്കുന്നു, എന്തെങ്കിലും കഴിക്കാന്‍ തരണം എന്ന് പറഞ്ഞു.
മമ്മൂക്ക കുറേ നേരം എന്‍റെ മുഖത്ത് നോക്കി നിന്നു. അപ്പോള്‍ എന്നെ കുറിച്ച് കുറെ അന്വേഷിക്കാന്‍ തുടങ്ങി മമ്മൂക്ക. എന്താണ് ഈ കുട്ടിക്ക്, എങ്ങനെയാണ് ഈ കുട്ടി ഇവിടെ എത്തിപ്പെട്ടത് എന്നൊക്കെ. അപ്പോള്‍ എന്തുകൊണ്ട് ഇങ്ങനെയൊരു ബുദ്ധിമുട്ട് ഈ കുട്ടിക്ക് വന്നു എന്ന് തോന്നി. അവിടെ ഉള്ള പൊതുപ്രവര്‍ത്തകരെ ഒക്കെ വിളിച്ച് അന്വേഷിക്കാന്‍ തുടങ്ങി. അങ്ങനെ ഒരു നാടോടി സ്‌ത്രീ എടുത്ത് വളര്‍ത്തുകയാണ് ആ കുട്ടിയെ.
ഒരുപാട് ഉപദ്രവങ്ങള്‍ സഹിക്കുന്നുണ്ട് ആ കുട്ടി. നമുക്ക് എന്തെങ്കിലും ചെയ്യണം എന്നുണ്ട്. അപ്പോള്‍ സാര്‍ ഹെല്‍പ്പായിട്ട് വന്ന് കഴിഞ്ഞാല്‍ നമുക്ക് ധൈര്യമായി എന്ന് പറഞ്ഞു. അപ്പോള്‍ മമ്മൂക്ക സാര്‍ പറഞ്ഞു എന്തുണ്ടെങ്കിലും ഞാന്‍ ഏറ്റെടുക്കാം. ഞാന്‍ പറയുന്ന ഹോസ്‌റ്റലില്‍ നിങ്ങള്‍ കുട്ടിയെ കൊണ്ടാക്കണം. അപ്പോള്‍ അതിന് മുമ്പ് ഞാന്‍ പറഞ്ഞു ഞാന്‍ പോകില്ല സാര്‍, ഞാന്‍ ഇവിടെ തന്നെ നിന്ന് പഠിച്ചോളാം എന്ന് പറഞ്ഞു. അതിനുള്ള സംവിധാനങ്ങള്‍ ചെയ്‌ത് തരുമോ എന്ന് ചോദിച്ചപ്പോള്‍ ഓ ചെയ്‌ത് തരാം എന്ന് പറഞ്ഞു.
അവിടെ അഷ്‌റഫിക്ക മുസ്‌തഫക്ക എന്നിങ്ങനെ പറഞ്ഞിട്ടുള്ള ആള്‍ക്കാരുണ്ട്. അവരോട് പറഞ്ഞു. എന്താണെന്ന് വച്ചാല്‍ ചെയ്‌ത് കൊടുക്കൂ. ഇവിടെ നിന്ന് അവര്‍ ബെറ്റര്‍ ആവുകയാണെങ്കില്‍ കുഴപ്പമില്ല. അല്ലെങ്കില്‍ നമുക്ക് വേറെ വഴി നോക്കാം എന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് തമിഴ് മാത്രമെ വരുന്നുള്ളൂ. മലയാളം എനിക്ക് വരുന്നില്ല. അങ്ങനെ ടീച്ചര്‍ അഷ്‌റഫിക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹം മമ്മൂക്കയോട് കാര്യം പറഞ്ഞു.
അങ്ങനെ മമ്മൂക്കയുടെ കെയര്‍ ഓഫില്‍ തന്നെ ഒരു സ്ഥാപനത്തിലേക്ക് അയച്ചു. ആ സ്ഥാപനത്തിലേക്ക് എത്തുന്നത് വരെയുള്ള കാര്യങ്ങള്‍ അദ്ദേഹം അന്വേഷിക്കുന്നുണ്ട്. അങ്ങനെയാണ് ആലുവ ജനസേവ കേന്ദ്രത്തിലെത്തിയത്. ഭിക്ഷാടന മാഫിയക്ക് ഇതിന് പിന്നില്‍ മമ്മൂക്കയാണ് എന്നറിയില്ല. ജോസ് മാവേലി നടത്തുന്ന ജനസേവ കേന്ദ്രത്തില്‍ എത്തിയപ്പോഴാണ് ജീവിതം എന്താണെന്ന് മനസ്സിലാക്കിയത്’, ശ്രീദേവി പറഞ്ഞു.
ആലുവ ജനസേവ ശിശു ഭവനിലെ ജീവനക്കാരി ഇന്ദിര ശബരിനാഥും ശ്രീദേവിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തിരുന്നു. ആറാം വയസില്‍ 2003ലാണ് ‘ശ്രീദേവി ആലുവ ജനസേവ ശിശുഭവനില്‍ എത്തുന്നതെന്ന് ഇന്ദിര പറഞ്ഞു. ‘മലപ്പുറം മമ്മൂട്ടി ഫാന്‍സ് അസോസിയേഷനാണ് ശ്രീദേവിയെ കൊണ്ടുവരുന്നത്. ആറേഴ് വയസ്സ് പ്രായമെ ഉണ്ടായിരുന്നുള്ളൂ. 18 വയസുവരെ ശ്രീദേവിയെ ജനസേവ കേന്ദ്രത്തില്‍ താമസിപ്പിച്ചു. 18 വയസായപ്പോള്‍ അവളുടെ ആഗ്രഹപ്രകാരം വിവാഹം കഴിപ്പിച്ചു കൊടുത്തു’, ഇന്ദിര പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.