വെറുതെ ഒരു ദിനമല്ല ഡിസംബർ 10

ഡിസംബർ 10; ലോക മനുഷ്യാവകാശ ദിനം.”എല്ലാവർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും” എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. 2023 ഡിസംബർ 10 ന് ലോകം മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാൻ പോകുമ്പോൾ ഈ ദിവസത്തിൻ്റെ പ്രസക്തി അനുദിനം വർദ്ധിക്കുകയാണ്. രണ്ടാം ലോക യുദ്ധത്തിന് ശേഷം 1945ലാണ് ഐക്യരാഷ്ട്ര സഭ നിലവിൽ വരുന്നത്. അതിന് ശേഷം ഏകദേശം മൂന്ന് വർഷങ്ങൾ പിന്നിട്ടപ്പോൾ മുപ്പത് ആർട്ടിക്കിൾ ഉൾപ്പെടുന്ന ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്നു. ഇന്ന് ഒട്ടേറെ ഉടമ്പടികളിലും കരാറുകളിലും മനുഷ്യാവകാശത്തെ കൂടുതൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ ദിനംപ്രതി ലോകത്തിൻ്റെ വിവിധ കോണുകളിൽ മനുഷ്യാവകാശ ധ്വംശനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഈ ദിനത്തിൻ്റെ പ്രസക്തി യഥാർത്ഥത്തിൽ ഉൾക്കൊള്ളപ്പെടുന്നുണ്ടോ?ലോകത്തും നമ്മുടെ രാജ്യത്തും അരങ്ങേറുന്ന വംശീയ വെറി, പട്ടിണി, സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ, ലിംഗ അസമത്വം തുടങ്ങിയ മനുഷ്യാവകാശ ലംഘനത്തിൻ്റെ ചില ഉദാഹരണങ്ങൾ മാത്രമാണ്.

നമ്മുടെ രാജ്യത്തെ മനുഷ്യരുടെ പൗരസ്വാതന്ത്ര്യങ്ങളും മറ്റ് അവകാശങ്ങളും ചവിട്ടിയരക്കുന്ന വർത്തമാനകാലത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.പൗരസ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും എല്ലാവരുടെയും അടിസ്ഥാനപരമായ ആവശ്യങ്ങളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജീവിക്കാനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവകാശമാണ്.

നമ്മുടെ ഓരോ പ്രവൃത്തിയിലും സമാധാനം, നീതി, നിഷ്പക്ഷത, പരസ്പര ബഹുമാനം, സഹിഷ്ണുത, മാനുഷിക അന്തസ്സ്, നിയമത്തിന് മുന്നിലെ തുല്യത എന്നിവ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇവയാണ് നമ്മുടെ മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങൾ. ഇതൊക്കെ ഇന്ന് അതിൻ്റെ യഥാർത്ഥ അർത്ഥത്തിൽ നമുക്ക് പ്രാപ്യമാണോ എന്നാണ് ഈ ദിനത്തിൽ ഉയരുന്ന പ്രധാന ചോദ്യം.

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അപരനോട് മാനുഷികമായും മാന്യതയോടെയും സഹനുഭൂതിയുടെയും പെരുമാറും എന്ന പ്രതിജ്ഞ പുതുക്കലാണ് ഓരോ ദിവസവും നാം ചെയ്യേണ്ടത്. അത് ഓരോ വ്യക്തിയുടേയും ദൈനംദിന ഉത്തരവാദിത്വമാണ്. എന്നാൽ അവകാശങ്ങൾ എല്ലാം റദ്ദ് ചെയ്യപെട്ട ഒട്ടേറെ ആളുകൾ നമുക്കു ചുറ്റും മാനുഷിക പരിഗണന പോലും ലഭിക്കാതെ സമൂഹത്തിൽ അവഗണിക്കപ്പെട്ടവരായി ജീവിക്കുന്നു. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയകളിലും വാചാ പ്രസംഗത്തിലും ഒറ്റ ദിവസത്തെ ആഘോഷമായി ചുരുക്കി ഈ ദിനം ഇന്ന് ഒതുക്കപ്പെടുന്നു.

നാം ആരായാലും ഏത് പദവിയിലിരുന്നാലും വലുപ്പചെറുപ്പമില്ലാതെ മനുഷ്യാവകാശങ്ങൾ മനുഷ്യർക്കെല്ലാവർക്കും ഒരുപോലെയാണെന്ന തിരിച്ചറിവാണ് ഓരോ ദിവസവും ഓരോ മനുഷ്യനുമുണ്ടാകേണ്ടത്. ലോകത്തെമ്പാടും നമ്മുടെ രാജ്യത്തും അരങ്ങേറിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ അതിക്രമങ്ങളിൽ നിശബ്ദരായിരുന്ന ശേഷം ഡിസംബർ 10 ന് വാർഷിക വഴിപാടുപോലെ വാചാലമാകേണ്ട കാര്യമാണോ മനുഷ്യാവകാശ പൗരാവകാശ ചിന്തകൾ എന്ന് നാം ഓരോരുത്തരും ഇന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel